| Sunday, 13th September 2026, 9:55 pm

ഈ കണക്കുകളിലുള്ളത് എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍; യെമനില്‍ പലായനം ചെയ്ത 2000 പേര്‍ ജിബൂട്ടിയിലെത്തിയതായി ഐ.ഒ.എം

റെന്വര്‍ പി

ഏദന്‍: യെമനിലെ സംഘര്‍ഷങ്ങളില്‍ നിന്ന് പലായനം ചെയ്ത 2,000-ത്തിലധികം പേര്‍ ജിബൂട്ടി തീരത്തെത്തിയതായി യു.എന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ.ഒ.എം). നിലവിലെ സംഘര്‍ഷങ്ങള്‍ കാരണം യെമനില്‍ ആകെ പലായനം ചെയ്യേണ്ടി വന്നവരുടെ എണ്ണം 85,818 ആയി ഉയര്‍ന്നെന്നും ഐ.ഒ.എം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പലായനം ചെയ്യുന്നവര്‍ക്ക് തങ്ങള്‍ കുടിവെള്ളവും ഭക്ഷണവും ഉള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും യു.എന്‍ ഏജന്‍സി അറിയിച്ചു. യെമന്‍ തീരത്ത് നിന്ന് കടലിന് കുറുകെ ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള ഒബോക്ക് എന്ന നഗരത്തില്‍ വെച്ചാണ് സഹായ വിതരണം. യെമനില്‍ നിന്ന് പലായനം ചെയ്യുന്നവരുടെ കാര്യത്തില്‍ കൂടുതല്‍ സഹായം ആവശ്യമാണെന്നും ഏജന്‍സി വ്യക്തമാക്കി.

ഓരോ കണക്കിനു പിന്നിലും എല്ലാം നഷ്ടപ്പെട്ട ഒരു കുടുംബമുണ്ടൈന്ന് ഐ.ഒ.എം ഡയറക്ടര്‍ ജനറല്‍ എമി പോപ്പും അഭിപ്രായപ്പെട്ടു. പലരും പലതവണ കുടിയൊഴിപ്പിക്കപ്പെട്ടവരാണ്. മറ്റ് മാര്‍ഗങ്ങളില്ലാത്തതുകൊണ്ട് വെറുംകൈയോടെയാണ് ആളുകള്‍ കടല്‍ കടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യവും സംഘര്‍ഷവും തകര്‍ത്ത യെമന് ഈ പ്രതിസന്ധിയെ ഒറ്റയ്ക്ക് നേരിടാനാവില്ല. ജിബൂട്ടിയില്‍ എത്തുന്നവര്‍ക്കും അവരെ സ്വീകരിക്കുന്ന ഒബോക്കിലെ സമൂഹങ്ങള്‍ക്കും സഹായം ലഭ്യമാക്കുന്നത് അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന

യെമനില്‍ നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ സമീപ ദിവസങ്ങളില്‍ വലിയ രീതിയിലുള്ള വര്‍ധനവുണ്ടായതായി തങ്ങളുടെ ഡിസ്പ്ലേസ്മെന്റ് ട്രാക്കിങ് മാട്രിക്‌സ് (ഡി.ടി.എം) വഴിയുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും ഐ.ഒ.എം അറിയിച്ചു. സെപ്റ്റംബര്‍ ആദ്യം മുതല്‍ മാത്രം 82,164 പേര്‍ അവരവരുടെ വീടുകള്‍ വിട്ട് പലായനം ചെയ്തു. കുടുംബങ്ങള്‍ സ്വന്തം വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും, ചിലര്‍ രാജ്യം തന്നെ വിട്ടുപോകുകയും ചെയ്യുന്നുവെന്നും ഐ.ഒ.എം ചൂണ്ടിക്കാട്ടി.

സംഘര്‍ഷങ്ങളില്‍ നിന്ന് രക്ഷതേടി 2,000-ത്തിലധികം ആളുകള്‍ ഇതുവരെ ജിബൂട്ടിയിലെ വടക്കന്‍ തീരങ്ങളില്‍ എത്തിച്ചേര്‍ന്നു. ഒബോക്കിന് അടുത്തുള്ള തീരപ്രദേശത്തെ വിവിധ ഇടങ്ങളിലായാണ് ഇവര്‍ ഇറങ്ങിയതെന്നും യു.എന്‍ ഏജന്‍സിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഘര്‍ഷം രൂക്ഷമാകുന്നതോടെ കൂടുതല്‍ ആളുകള്‍ പലായനം ചെയ്യുമെന്നാണ് കരുതുന്നതെന്നും യു.എന്‍ ഏജന്‍സി വ്യക്തമാക്കി.

‘ഐ.ഒ.എമ്മിന്റെയും ഐക്യരാഷ്ട്രസഭയിലെ പങ്കാളികളുടെയും പിന്തുണയോടെ, നാവികസേന, കരസേന, പോലീസ്, ആരോഗ്യ സേവനങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് ജിബൂട്ടി അധികൃതര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സ്ത്രീകളും ചെറിയ കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ഒബോക്കിലെ ‘മര്‍കാസി’ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അവിടെ അവര്‍ക്ക് കുടിവെള്ളം, ഉയര്‍ന്ന ഊര്‍ജ്ജം നല്‍കുന്ന ബിസ്‌കറ്റുകള്‍, ചൂടുള്ള ഭക്ഷണം എന്നിവ ലഭ്യമാക്കുന്നുണ്ട്,’ ഐ.ഒ.എം അറിയിച്ചു.

പടിഞ്ഞാറന്‍ തീരത്തും തെക്കന്‍ തായിസ് അതിര്‍ത്തികളിലും സംഘര്‍ഷം അതിവേഗം രൂക്ഷമാവുകയാണെന്ന് യു.എന്‍ ഏജന്‍സി അറിയിച്ചു. ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് തായിസ് ആണ്. ജബല്‍ ഹബാഷി, അല്‍ മാഫര്‍, മക്ബാന, മൗസ, അല്‍ വാസിയ്യ തുടങ്ങിയ ജില്ലകളില്‍ നിന്ന് 9,280 കുടുംബങ്ങള്‍ അഥവാ ഏകദേശം 56,000 ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. തൊട്ടുപിന്നില്‍ ലാജ് ആണ്. ഇവിടെ 3,225 കുടുംബങ്ങളിലായി 19,000-ത്തിലധികം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടെന്നും ഐ.ഒ.എം വ്യക്തമാക്കി.

ഏദനെയും സംഘര്‍ഷം ബാധിച്ചിട്ടുണ്ട്. അവിടെ 424 കുടുംബങ്ങളിലായി 2,500-ലധികം പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടു. യെമനില്‍, കുടുംബങ്ങള്‍ പലതവണ പലായനം ചെയ്യുന്നത് തുടരുന്നു. 12 വര്‍ഷത്തെ സംഘര്‍ഷത്തിനിടയില്‍ ചിലര്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണ് പലായനം ചെയ്യുന്നതെന്നും യു.എന്‍ ഏജന്‍സി ചൂണ്ടിക്കാട്ടി.

Content Highlight:  Over 2,000 flee Yemen fighting to Djibouti

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more