ചെന്നൈ: സി.പി.ഐ.എം മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മരണ ശേഷം മെഡിക്കല്‍ ഗവേഷണത്തിനായി ശരീരം ദാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കി ചെന്നൈയിലെ സി.പി.ഐ.എമ്മിന്റെ 1500 ലധികം പ്രവര്‍ത്തകര്‍.
ശരീരദാനത്തിനുള്ള രജിസ്‌ട്രേഷന്‍ ഫോമുകള്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സുഗന്ധി രാജകുമാരിക്കും ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീപ്രിയയ്ക്കും ഔദ്യോഗികമായി കൈമാറി.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് മെഡിക്കല്‍ ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമായി യെച്ചൂരിയുടെ മൃതദേഹം കൈമാറിയിരുന്നു.
രാജ്യമെമ്പാടും യെച്ചൂരിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പി.വാസുകി പറഞ്ഞു.
മരണശേഷവും മനുഷ്യരാശിയെ സേവിക്കണമെന്ന സന്ദേശമാണിതിലൂടെ നല്‍കുന്നതെന്ന് സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ ജാതിയെ അടിസ്ഥാനപ്പെടുത്തിയുള്ള ശവസംസ്‌കാര രീതികളെയും കെ. ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.
‘മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മതപരമായ വിലക്കുകള്‍ ശരീരദാനത്തിന് വെല്ലുവിളിയാണ്. അശുദ്ധമായാണ് ഇതിനെ പലരും കാണുന്നത്.’ അദ്ദേഹം പറഞ്ഞു.
‘മരിച്ചു കഴിഞ്ഞാലും ജാതി ഐഡന്റിറ്റികള്‍ നിലനില്‍ക്കുന്നത് ഇത്തരം വേര്‍തിരിവ് കാണിക്കുന്ന ശവസംസ്‌കാരങ്ങളിലൂടെയാണ് . സംസ്‌കരിക്കുന്നതിന് പകരം ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ പുരോഗതിക്കായി നമ്മുടെ മൃതദേഹങ്ങള്‍ സമര്‍പ്പിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖം, മുതിര്‍ന്ന നേതാക്കളായ ടി.കെ. രംഗരാജന്‍, കെ. സാമുവല്‍രാജ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Content Highlight: Over 1500 CPIM workers in Chennai give consent to donate their bodies for medical research