| Friday, 18th September 2026, 8:21 am

ഫലസ്തീന്‍ പ്രസിഡന്റ് യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് തടഞ്ഞ യു.എസ് വിലക്കിനെ തള്ളി 152 രാജ്യങ്ങള്‍

റെന്വര്‍ പി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ ഫലസ്തീന്‍ പ്രതിനിധി സംഘം പങ്കെടുക്കുന്നത് തടയാനുള്ള യു.എസ് തീരുമാനത്തെ വിമര്‍ശിക്കുന്ന പ്രമേയത്തെ പിന്തുണച്ച് 152 രാജ്യങ്ങള്‍. വീഡിയോ സന്ദേശത്തിലൂടെ ഫലസ്തീന്‍ പ്രസിഡന്റിനെ സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിലാണ് യു.എസ് നടപടിയെ വിമര്‍ശിക്കുന്നത്.

മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശം വഴി സഭയില്‍ സംസാരിക്കാന്‍ മഹ്‌മൂദ് അബ്ബാസിനെ അനുവദിക്കാനാണ് യു.എന്‍ പൊതു സഭയില്‍ ഫലസ്തിന്‍ അവതരിപ്പിച്ച ഈ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. 152 രാജ്യങ്ങള്‍ പ്രമേയത്തെ അംഗീകരിച്ചപ്പോള്‍ യു.എസും ഇസ്രഈലും പരാഗ്വേയും പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. കൊളംബിയ, ഹോണ്ടുറാസ്, പനാമ, പെറു എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

പ്രതിനിധി സംഘങ്ങളുടെ നയതന്ത്രമായ പ്രവേശനം സുഗമമാക്കാന്‍ ആതിഥേയ രാജ്യത്തെ നിയമപരമായി ബാധ്യസ്ഥമാക്കുന്ന ഹെഡ്ക്വാട്ടേഴ്‌സ് കരാറിന്റെ വ്യക്തമായ ലംഘനമാണ് യു.എസ് നടപടിയെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഫലസ്തീന്‍ സംഘത്തെ വിലക്കിക്കൊണ്ടുള്ള തീരുമാനം യു.എസ് പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത അംഗരാജ്യങ്ങള്‍ക്ക് വോട്ടെടുപ്പിന് ശേഷം ഐക്യരാഷ്ട്രസഭയിലെ ഫലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ നന്ദി അറിയിച്ചു. യോഗങ്ങളില്‍ പങ്കെടുക്കാനുള്ള തങ്ങളുടെ നിയമപരമായ അവകാശത്തില്‍ നിന്ന് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ തടയുന്ന നടപടി ഫലസ്തീന്‍ നേതൃത്വം തള്ളുകയും അപലപിക്കുകയും ചെയ്യുകയാണെന്നും മന്‍സൂര്‍ വ്യക്തമാക്കി.

സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഇറാന്‍ അടക്കമുള്ള രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങള്‍ക്കും അവശ്യ ജീവനക്കാര്‍ക്കും വിസ അനുവദിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യാഴാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനും മറ്റ് ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ക്കും യു.എസ് വിസ നിഷേധിക്കുകയും ചെയ്തു.

അടുത്ത ആഴ്ചയാണ് യു.എന്‍ പൊതുസഭാ സമ്മേളനം. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഫലസ്തീന്‍ പ്രതിനിധി സംഘത്തിന് യു.എസ് വിസ നിഷേധിക്കുന്നത്. ഫലസ്തീന്‍ അതോറിറ്റി (പി.എ) ഉദ്യോഗസ്ഥര്‍ക്കും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) അംഗങ്ങള്‍ക്കുമാണ് ഈ പ്രവേശന വിലക്ക്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഇത്തരം നിയന്ത്രണങ്ങള്‍ ആദ്യമായി ഏര്‍പ്പെടുത്തിയത്. അന്ന് ന്യൂയോര്‍ക്കിലെ വാര്‍ഷിക യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 80 പലസ്തീന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിച്ചിരുന്നു.

‘ഭീകരവാദത്തെ മഹത്വവല്‍ക്കരിക്കുന്നു’ എന്നത് പോലുള്ള ആരോപണങ്ങളുന്നയിച്ചാണ് യു.എസിന്റെ വിസ നിയന്ത്രണം. ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെ അന്താരാഷ്ട്രവല്‍ക്കരിക്കാന്‍ ഫലസ്തീന്‍ അതോറിറ്റിയും പി.എല്‍.എയും ശ്രമിക്കുന്നുവെന്നും യു.എസ് അഭിപ്രായപ്പെടുന്നു.

വിസ വിലക്ക് നീട്ടാനുള്ള യു.എസ് തീരുമാനത്തെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. പരസ്പര വിശ്വാസത്തെയും ദ്വിരാഷ്ട്ര പരിഹാരം എന്ന ലക്ഷ്യത്തിലേക്കുള്ള നീക്കങ്ങളെയും ഈ നടപടി ദോഷകരമായി ബാധിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വിലക്കിനെ ‘അന്യായമായ നടപടി’ എന്നും മന്ത്രാലയം വിശേഷിപ്പിച്ചു.

ഫലസ്തീനുള്ള അന്താരാഷ്ട്ര അംഗീകാരത്തെ ചര്‍ച്ചകള്‍ക്ക് പകരമുള്ള ഒന്നായി കാണരുത്. സ്വയം നിര്‍ണ്ണയാവകാശത്തിനായുള്ള ഫലസ്തീന്‍ ജനതയ്ക്കും അവരുടെ രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കുന്നതിനുമുള്ള അംഗീകാരമായാണ് അതിനെ കാണേണ്ടതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: Over 150 countries reject US decision to bar Palestinian delegation from upcoming UN General Assembly

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more