| Saturday, 15th August 2026, 11:42 pm

ഉമറിന്റെയും ഷർജീലിന്റെയും വർഷങ്ങൾ നീണ്ട വിചാരണ തടവിൽ ഇടപെടണം: ചീഫ് ജസ്റ്റിസ് കത്തയച്ച് നൂറിലധികം സാമൂഹ്യ പ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരും അടക്കമുള്ളവർ

റെന്വര്‍ പി

ന്യൂദൽഹി: പൗരത്വ നിയമത്തിനെതിരായ സമരങ്ങളിൽ പങ്കാളികളായിരുന്ന വിദ്യാർത്ഥി നേതാക്കൾ ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും 2020 ലെ ഡൽഹി കലാപ ഗൂഢാലോചന കേസിൽ ആറ് വർഷത്തോളമായി വിചാരണത്തടവിലിട്ട നടപടിയിൽ ഇടപെടാൻ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് തുറന്ന കത്തുമായി സാമൂഹ്യ പ്രവർത്തകർ.

സാമൂഹ്യ പ്രവർത്തകർക്ക് പുറമെ എത്തുകാർ, ചലച്ചിത്ര പ്രവർത്തകർ, ചരിത്രഗവേഷകർ, മാധ്യമ പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, സാമ്പത്തിക വിദഗ്ധർ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ നൂറിലധികം പേർ കത്തിൽ ഒപ്പുവച്ചു.

യു.എ.പി.എ പോലുള്ള കർശനമായ നിയമങ്ങൾ പ്രകാരം കുറ്റാരോപിതരെ വിചാരണ കൂടാതെ വർഷങ്ങളോളം തടവിലിടുന്നതിൽ കത്തിൽ ഒപ്പുവച്ചവർ ആശങ്ക പ്രകടിപ്പിച്ചു. ജീവിക്കാനുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം, വേഗത്തിലുള്ള വിചാരണ തുടങ്ങി ഭരണ ഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്ക് ഈ തടങ്കൽ ഭീഷണി ഉയർത്തുന്നു. ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പ് നൽകുന്ന വേഗത്തിലുള്ള വിചാരണയ്ക്കുള്ള മൗലികാവകാശം ലംഘിക്കപ്പെടുമ്പോൾ കോടതി ജാമ്യം അനുവദിക്കണം എന്ന കെ.എ നജീബ് വിധിന്യായത്തെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശവും കത്തിൽ ഓർമ്മിപ്പിച്ചു.

വിചാരണാ തടവിലാണെങ്കിലും ഖാലിദും ഇമാമും ആറ് വർഷമായി ജയിലിലാണ്. കേസിൽ ഏകദേശം 900 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചുവെന്നും അവരുടെ വിചാരണ പോലും ആരംഭിച്ചിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഈ വർഷം ജനുവരിയിൽ ഷർജീലിന്റെയും ഒമറിന്റെയും ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ നടപടിയിൽ ഈ വർഷം മെയിൽ കോടതിയുടെ മറ്റൊരു ബഞ്ച് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

2026 മെയ് 18-ന് സയ്യിദ് ഇഫ്തിക്കർ ആൻഡ്രാബി വേഴ്സസ് എൻ.ഐ.എ എന്ന കേസ് പരിഗണിക്കവെയായിരുന്നു ജനുവരിയിലെ ഉത്തരവിൽ മറ്റൊരു ബെഞ്ച് വിയോജിപ്പ് രേഖപ്പെടുത്തിയത്. ഷർജീലിനും ഉമറിനും ഒരു വർഷത്തേക്ക് ജാമ്യം അനുവദിക്കരുതെന്നും ജനുവരിയിലെ വിധിയിൽ കോടതി നിർദേശിച്ചിരുന്നു.

ചെറിയ ബെഞ്ചുകൾ വലിയ ബെഞ്ചുകളുടെ വിധികൾ പിന്തുടരണമെന്നും ജനുവരിയിലെ വിധിയിൽ വിയോജിച്ചുകൊണ്ട് മേയിൽ കോടതി അഭിപ്രായപ്പെട്ടിരുന്നു. കെ.എ നജീബ് കേസിലെ മൂന്നംഗ ബെഞ്ചിന്റെ വിധി ജനുവരിയിൽ രണ്ടംഗ ബെഞ്ച് പിന്തുടർന്നില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഈ കാര്യം അഭിപ്രായപ്പെട്ടത്.

അതേസമയം, വിമര്‍ശകര്‍ക്കും വിയോജിപ്പുള്ളവര്‍ക്കുമെതിരെ യു.എ.പി.എ പോലുള്ള നിയമങ്ങളെ ആയുധമാക്കാൻ നീണ്ട കാലത്തെ വിചാരണത്തടവ് ഉപയോഗിക്കുപ്പെടുമെന്നും ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ സാമൂഹ്യ പ്രവർത്തകർ മുന്നറിയിപ്പ് നല്‍കി. വിചാരണ പൂർത്തിയാക്കി അവർക്കെതിരായ ആരോപണങ്ങൾ തെളിയിക്കാതെ തടവുകാരെ ശിക്ഷിക്കാനും നീണ്ട വിചാരണ തടവ് കാരണമാവുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ജാമ്യം ഒരു നിയമമാണെന്നും ജയിൽ ഒരു അപവാദമാണെന്നും ഉള്ള തത്വത്തെയും ഈ വിചാരണ തടവ് ലംഘിക്കുന്നു. ഒരു റിപ്പബ്ലിക്കിലേക്ക് ജനാധിപത്യത്തിന് ശ്വാസമാവുന്നത് വിയോജിപ്പുകളാണ്. ഷർജീലിന്റെയും ഉമറിന്റെയും ജാമ്യം ഉറപ്പാക്കാൻ് ചീഫ് ജസ്റ്റിസ് ഇടപെടണമെന്നും കത്തിൽ ഒപ്പിട്ടവർ അഭ്യർത്ഥിച്ചു.

നടനും ചലച്ചിത്ര നിർമ്മാതാവുമായ പ്രകാശ് രാജ്, എഴുത്തുകാരി അരുന്ധതി റോയ്, എഴുത്തുകാരൻ അമിതാവ് ഘോഷ്, സാമൂഹിക പ്രവർത്തകൻ ജിഗ്നേഷ് മേവാനി, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, ഡോക്യുമെന്‍ററി സംവിധായകൻ ആനന്ദ് പട്‌വർധൻ, കോൺഗ്രസ് എം.പിയും പ്രൊഫസറുമായ മനോജ് കുമാർ ഝാ, സി.പി.ഐ(എം.എൽ) ലിബറേഷൻ എം.പി രാജാ റാം സിംഗ്, വിവരാവകാശ പ്രവർത്തക അരുണ റോയ്, ഭരത് ജോഡോ അഭിയാൻ ദേശീയ കൺവീനർ എ. ഗ്രോവർ, എഴുത്തുകാരനും സമാധാന പ്രവർത്തകനുമായ ഹർഷ് മന്ദർ, അഭിനേത്രിയും എഴുത്തുകാരിയുമായ സ്വര ഭാസ്‌കർ, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, രാഷ്ട്രീയ സാമ്പത്തിക വിദഗ്ധൻ പാറക്കാല പ്രഭാകർ, പ്രൊഫസർ സോയ ഹസൻ, എഴുത്തുകാരി മീന കന്ദസാമി, വിദ്യാഭ്യാസ വിചക്ഷണയായ നിവേദിതാ മേനോൻ, പ്രൊഫസർ നന്ദിനി സുന്ദർ, ചരിത്രകാരി ജെ. ദേവിക, ജെഎൻയു പ്രൊഫസർ ആയിഷ കിദ്വായ്, എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഫറാ നഖ്‌വി തുടങ്ങി നിരവധി പേർ തുടങ്ങിയവർ കത്തിൽ ഒപ്പുവച്ചു.

Content Highlight: Over 100 prominent figures urge CJI to intervene in Umar Khalid, Sharjeel Imam cases

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more