| Monday, 19th October 2026, 5:00 pm

അസമിലെ കുടിയൊഴിപ്പിക്കല്‍; രണ്ട് ദിവസത്തിനിടെ 1100 മുസ് ലിം കുടുംബങ്ങളെ പുറത്താക്കി

റെന്വര്‍ പി

ഗുവാഹതി: അസമിലെ ബി.ജെ.പി സര്‍ക്കാറിന്റെ ഒഴിപ്പിക്കല്‍ നടപടികളില്‍ രണ്ട് ദിവസത്തിനിടെ 1,100-ലധികം മുസ്‌ലിം കുടുംബങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചതായി റിപ്പോര്‍ട്ട്. നാഗോണ്‍, ഗോലാഘട്ട്, ഹോജായ് ജില്ലകളിലാണ് സര്‍ക്കാര്‍ മുസ് ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നത് തുടരുന്നത്. ബംഗാളി മുസ്‌ലിം കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ ഒഴിപ്പിക്കല്‍ നടപടിക്കിടയില്‍ പത്തിലധികം പള്ളികളും തകര്‍ക്കപ്പെട്ടു. ഇതില്‍ 50 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളികളും ഉള്‍പ്പെടുന്നുവെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒഴിപ്പിക്കല്‍ നടപടിയുടെ രണ്ടാം ദിവസമായ ഞായറാഴ്ച നാഗോണ്‍ ജില്ലയിലെ ലുതുമാരി ലോങ്ജാപ് റിസര്‍വ് വനമേഖലയില്‍ അധികൃതര്‍ 600-ലധികം മുസ്‌ലിം കുടുംബങ്ങളുടെ വീടുകള്‍ തകര്‍ത്തു. വനഭൂമി കൈയേറി താമസിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് ഈ നടപടി. ലുതുമാരിയില്‍, റിസര്‍വ് വനത്തിനുള്ളിലെ 300 ഹെക്ടറിലധികം ഭൂമിയില്‍ പതിറ്റാണ്ടുകളായി താമസിച്ചുവരികയായിരുന്നു ഈ കുടുംബങ്ങള്‍.

തങ്ങള്‍ കൈയേറ്റക്കാരാണെന്ന ഭരണകൂടത്തിന്റെ വാദം പ്രദേശവാസികള്‍ നിഷേധിച്ചു. വനം വകുപ്പിന് കീഴില്‍ തൊഴിലാളികളായി ജോലി ചെയ്തിരുന്ന തങ്ങളെ സര്‍ക്കാര്‍ തന്നെയാണ് അവിടെ താമസിപ്പിച്ചതെന്ന് അവര്‍ പറഞ്ഞതായും സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുടിയൊഴിപ്പിക്കലിന്റെ ആദ്യ ദിവസമായ ശനിയാഴ്ച നാഗോണ്‍, ഗോലാഘട്ട്, ഹോജായ് ജില്ലകളിലായി 547 കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. ഇതില്‍ 336 കുടുംബങ്ങള്‍ നാഗോണിലും, 152 കുടുംബങ്ങള്‍ ഹോജായിലും, 59 കുടുംബങ്ങള്‍ ഗോലാഘട്ടിലുമായിരുന്നു.

ലുതുമാരി ലോങ്ജാപ് റിസര്‍വ് വനത്തിലെ ഗ്രാമവാസികളെ ഒഴിപ്പിക്കാനുള്ള നീക്കം നിര്‍ത്തിവെക്കണമെന്ന് ജൂണില്‍ ‘ഓള്‍ ഇന്ത്യ യൂണിയന്‍ ഓഫ് ഫോറസ്റ്റ് വര്‍ക്കിംഗ് പീപ്പിള്‍’ അസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ ‘തൗങ്യ’ (taungya) വനപരിപാലന സമ്പ്രദായത്തിന് കീഴിലാണ് ഇവിടെയുള്ള നാല് ഗ്രാമങ്ങളിലെ താമസക്കാരെ കുടിയിരുത്തിയതെന്നും, അതിനാല്‍ അവരെ സാധാരണ കൈയേറ്റക്കാരായി കാണരുതെന്നും യൂണിയന്‍ വ്യക്തമാക്കിയിരുന്നു.

‘1974-ല്‍ സര്‍ക്കാര്‍ തന്നെയാണ് ഞങ്ങളെ ഇവിടെ താമസിപ്പിച്ചത്. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ അടുത്തുള്ള ജൂരിയ പട്ടണത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഞങ്ങളുടെ പൂര്‍വ്വികര്‍ക്ക് ഭൂമിയില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഞങ്ങളെ ഇവിടെ പുനരധിവസിപ്പിക്കുകയായിരുന്നു. ഭൂമിയില്ലാത്ത 300 കുടുംബങ്ങള്‍ക്ക് നാല് ബിഘ വീതം ഭൂമി നല്‍കി,’ ഞായറാഴ്ച വീട് തകര്‍ക്കപ്പെട്ട, ലുതുമാരിയിലെ താമസക്കാരനായ 44-കാരന്‍ അബ്ദുള്‍ നൂര്‍ പറഞ്ഞു.

തങ്ങള്‍ ഈ ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമായ യാതൊരു വിധിയും ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: Over 1,100 Bengali Muslim families evicted, 10 mosques razed in two days in Assam’s demolition drive

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more