| Saturday, 27th June 2026, 7:58 am

ഒറ്റ ഹാട്രിക് തകര്‍ത്തത് 40 വര്‍ഷത്തെ റെക്കോഡ്; ചരിത്രം കുറിച്ച് ഡെംബലെ

സുദേവ് എ

2026 ഫിഫ ലോകകപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യന്മാരായിരിക്കുകയാണ്. ഗ്രൂപ്പ് ഐ-യില്‍ നടന്ന മത്സരത്തില്‍ നോര്‍വേയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രഞ്ച് പട കരുത്തുകാട്ടിയത്.

ഒസ്മാനെ ഡെംബലെയുടെ ഹാട്രിക് കരുത്തിലാണ് ഫ്രാന്‍സ് വമ്പന്‍ വിജയം കൈപ്പിടിയിലാക്കിയത്. എംബാപ്പെ രണ്ട് അസിസ്റ്റുകളും നേടി തിളങ്ങി. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു ഡെംബലെയുടെ ഹാട്രിക് പിറന്നത്. 7, 20, 32 എന്നീ മിനിട്ടുകളിലാണ് താരത്തിന്റെ ഹാട്രിക് നേട്ടം.

ഡെംബലെയുടെ ഫ്രാന്‍സിനൊപ്പമുള്ള ആദ്യ ഹാട്രിക് ആയിരുന്നു ഇത്. ആദ്യ ഹാട്രിക്കില്‍ തന്നെ ഒരു വമ്പന്‍ റെക്കോഡ് കൈപ്പിടിയിലാക്കാനും ഡെംബലെക്ക് സാധിച്ചു. ലോകകപ്പിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഹാട്രിക് ആണ് നോര്‍വേക്കെതിരെ പിറന്നത്.

1986ല്‍ മുന്‍ ഇംഗ്ലണ്ട് താരം ഗാരി ലിനേക്കറിനെ മറികടന്നാണ് ഫ്രഞ്ച് താരത്തിന്റെ കുതിപ്പ്. പോളണ്ടിനെതിരെ വെറും 35 മിനിട്ടിലായിരുന്നു ലിനേക്കാരുടെ ഹാട്രിക് പിറന്നത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് മുന്‍ ഓസ്ട്രിയ താരം എറിക് പ്രോബ്സ്റ്റ് ആണ്. 1954ല്‍ ചെക്കോ സ്ലോവാക്യക്കെതിരെ 24 മിനിട്ടിലാണ് പ്രോബ്സ്റ്റ് ഹാട്രിക് നേടിയത്.

ഫ്രാന്‍സിന് വേണ്ടി ലോകകപ്പില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ താരമാണ് ഡെംബലെ. ജസ്റ്റ് ഫോണ്ടെയ്ന്‍, എംബാപ്പെ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ജസ്റ്റ് ഫോണ്ടെയ്ന്‍ ലോകകപ്പില്‍ രണ്ട് തവണ ഫ്രാന്‍സിനായി ഹാട്രിക് നേടിയിട്ടുണ്ട്.

1958 ലോകകപ്പിലാണ് താരത്തിന്റെ രണ്ട് ഹാട്രിക്കും പിറന്നത്. പരാഗ്വക്കെതിരെയും വെസ്റ്റ് ജര്‍മനിക്കെതിരെയുമായിരുന്നു താരത്തിന്റെ ഹാട്രിക് നേട്ടം. 2022 ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്കെതിരെയായിരുന്നു എംബാപ്പെയുടെ ഹാട്രിക് പ്രകടനം.

ഡെംബലെക്ക് പുറമെ ഡിസൈര്‍ ഡൗവും ഫ്രാന്‍സിനായി ലക്ഷ്യം കണ്ടു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്. നോര്‍വേക്കായി ലക്ഷ്യം കണ്ടത് തെലോ ആസ്ഗാര്‍ഡ് ആണ്.

അതേസമയം 1998 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഫ്രാന്‍സ് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിക്കുന്നത്. ചരിത്രത്തിലെ മൂന്നാം കിരീടം സ്വന്തമാക്കാന്‍ ഫ്രഞ്ച് പട ആധികാരിമായി അടുത്ത റൗണ്ടിലെത്തുമ്പോള്‍ പല വമ്പന്‍ ടീമുകളും വിറക്കുമെന്നുറപ്പാണ്.

Content Highlight: Ousmane Dembele break 40 years old record in world cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more