നിരവധി മലയാള ചിത്രങ്ങൾക്ക് സംഗീതം പകർന്ന് ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾക്ക് അർഹനായ പ്രമുഖ സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. ഈണം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. തുടർന്ന് 1985-ൽ ഭരതൻ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനായി മാറി.
പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം, ദേവദൂതർ പാടി…, നീ എൻ സർഗ്ഗ സൗന്ദര്യമേ… തുടങ്ങിയ ഗാനങ്ങൾ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായി മാറിയതോടെ ഔസേപ്പച്ചൻ എന്ന സംഗീത സംവിധായകൻ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.
ഔസേപ്പച്ചൻ. Photo. Screen Grab/ Youtube
അമരം, അനിയത്തിപ്രാവ്, ചോക്ലേറ്റ്, ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മിൽ തുടങ്ങി നൂറിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകിയ ഔസേപ്പച്ചന്റെ ഈണങ്ങളും പശ്ചാത്തല സംഗീതവും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ പെടുന്നു.
ദി ഷോസ്‌കേപ്പ് ജേർണലിന് നൽകിയ അഭിമുഖത്തിൽ തന്റെ സംഗീത വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഔസേപ്പച്ചൻ. സംവിധായകരായ അശോകൻ – താഹ കൂട്ടുകെട്ടിൽ തിലകൻ, മുകേഷ്, സിദ്ദിഖ്, ജഗതി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ മൂക്കില്ലാരാജ്യത്ത് എന്ന ചിത്രത്തിലെ ബ്രേക്ക് ബ്രേക്ക്… എന്ന ഗാനത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
തന്റെ സാധാരണ മെലഡി ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായി ബ്രേക്ക് ബ്രേക്ക്… എന്ന പാട്ടിന് സംഗീതം നൽകിയ അനുഭവത്തെക്കുറിച്ച് ഔസേപ്പച്ചൻ പറയുന്നതിങ്ങനെയാണ്.
‘ഞാൻ ആ സിനിമയിലെ സിറ്റുവേഷനിലേക്ക് പോവുകയായിരുന്നു. ചിത്രം എനർജറ്റിക് ഹ്യൂമർ സിനിമ ആയതുകൊണ്ട്, ആ സാഹചര്യത്തിന് അനുയോജ്യമായ ഒരു ബ്രേക്ക് ഡാൻസ് പാട്ട് വേണമെന്ന് അവർ പറഞ്ഞു.
അന്നത്തെ കാലഘട്ടം വെച്ച് നോക്കുമ്പോൾ അത് പക്കാ ബ്രേക്ക് ഡാൻസ് ഗാനമാണ്. ആ പാട്ടിന്റെ പിക്ചറൈസേഷൻ ഒക്കെ കണ്ടപ്പോൾ ഭയങ്കര രസമായിട്ട് തോന്നി. സിനിമയുടെ സംവിധായകനായ താഹ അത് വളരെ രസകരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
തിലകന്റെ വ്യത്യസ്തമായ ബ്രേക്ക് ഡാൻസ് പ്രകടനത്തെക്കുറിച്ചും, അതേ രീതിയിൽ സിനിമയുടെ സിറ്റുവേഷനോട് ചേരുന്നരീതിയിൽ ആണ് ആ ഗാനത്തിന് സംഗീതം നൽകിയതെന്നും ഔസേപ്പച്ചൻ പറയുന്നു.
മൂക്കില്ലാരാജ്യത്ത്. Photo. District
‘സിനിമയിൽ ബ്രേക്ക് ഡാൻസ് ചെയ്യുന്ന ആളുകളെ നോക്കുകയാണെങ്കിൽ ഒന്ന് തിലകൻ ചേട്ടനാണ്. മൊട്ടയൊക്കെ അടിച്ച്, ട്രൗസറൊക്കെ ഇട്ടാണ് പുള്ളി വരുന്നത്. അത്രയും സീരിയസ് കഥാപാത്രങ്ങൾ ചെയ്യുന്ന തിലകൻ ചേട്ടനെ വെച്ചാണ് അശോകനും താഹയും ബ്രേക്ക് ഡാൻസ് ചെയ്യിപ്പിച്ചത്. പക്ഷേ തിലകൻ ചേട്ടൻ അത് വളരെ മികച്ച രീതിയിൽ ചെയ്തു.
പുള്ളി ആ കഥാപാത്രത്തിൽ അത്രത്തോളം ഇൻവോൾവ്ഡ് ആയിട്ടാണ് അത് ചെയ്തത്. അതുപോലെ തന്നെയാണ് ഞാനും ആ സിനിമയിലെ സിറ്റുവേഷനിൽ ഇൻവോൾവ്ഡ് ആയി ആ പാട്ടിന് സംഗീതം നൽകിയത്,’ ഔസേപ്പച്ചൻ പറഞ്ഞു.