| Wednesday, 9th September 2026, 12:37 pm

ഓ പ്രിയേ... എന്ന പാട്ട് അനിയത്തിപ്രാവിൽ ഉണ്ടായിരുന്നില്ല: ഔസേപ്പച്ചൻ

നന്ദന. ടി

നിരവധി മലയാള ചിത്രങ്ങൾക്ക് സംഗീതം പകർന്ന് ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾക്ക് അർഹനായ പ്രമുഖ സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. ഈണം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. തുടർന്ന് 1985-ൽ ഭരതൻ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനായി മാറി.

പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം.., ദേവദൂതർ പാടി…, നീ എൻ സർഗ്ഗ സൗന്ദര്യമേ… തുടങ്ങിയ ഗാനങ്ങൾ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായി മാറിയതോടെ ഔസേപ്പച്ചൻ എന്ന സംഗീത സംവിധായകൻ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.

അമരം, അനിയത്തിപ്രാവ്, ചോക്ലേറ്റ്, ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മിൽ തുടങ്ങി നൂറിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകിയ ഔസേപ്പച്ചന്റെ ഈണങ്ങളും പശ്ചാത്തല സംഗീതവും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ പെടുന്നു.

ഔസേപ്പച്ചൻ. Photo. Screen grab/ Youtube

ദി ഷോസ്‌കേപ്പ് ജേർണലിന് നൽകിയ അഭിമുഖത്തിൽ തന്റെ സംഗീത വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഔസേപ്പച്ചൻ. തന്റെ ഗാനങ്ങളെ അതിമനോഹരമായി സ്‌ക്രീനിൽ പകർത്തിയ സംവിധായകർ ആരൊക്കെയാന്നെ അവതാരകയുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്.

‘പ്രിയദർശൻ പാട്ടുകളെ അതിമനോഹരമായി പിക്ചറൈസ് ചെയ്യുന്ന ഒരാളാണ്. ഫാസിൽ സാറിന് തിരക്കഥയിലാണ് കളി. ഒരു പടത്തിന്റെ ഒരു മൂലയിൽ നിന്നും മറ്റേ അറ്റം വരെ ഫുൾ സ്പ്രെഡ് ചെയ്ത് പോകാൻ പറ്റുന്ന പാട്ടുകളേ അദ്ദേഹം എടുക്കുകയുള്ളൂ. കഥയുടെ അത്രയും ഡെപ്തിലൂടെ ആ പാട്ട് സഞ്ചരിക്കണം, അത് അത്ര എളുപ്പമല്ല. മാനത്തെ വെള്ളിത്തേര്, പഴം തമിഴ് പാട്ടിഴയും തുടങ്ങിയ പാട്ടുകളൊക്കെ ഒരുപാട് കഷ്ടപ്പെട്ട്, ആ സിറ്റുവേഷനും കൂടി കണ്ടുകൊണ്ടാണ് ചെയ്തത്,’ അദ്ദേഹം പറഞ്ഞു.

ഫാസിൽ ചിത്രമായ അനിയത്തിപ്രാവിനുവേണ്ടി ആദ്യം ഉണ്ടാക്കിയ ഒരു ഗാനം യേശുദാസും കെ.എസ്. ചിത്രയും സുജാതയും ഉൾപ്പെടെയുള്ള പ്രമുഖ ഗായകർ പാടിനോക്കിയിട്ടും ശരിയാകാത്തതിനെ തുടർന്നാണ് ആ പാട്ടിന് പകരം ഓ പ്രിയേ.. എന്ന ഗാനം സിനിമയിലേക്ക് എത്തിയതെന്നും ഔസേപ്പച്ചൻ തുറന്നുപറയുന്നു.

അനിയത്തിപ്രാവിലെ ഓ പ്രിയേ.. എന്ന് ഗാനം ശരിക്കും ആ സിനിമയിൽ ഉണ്ടായിരുന്നില്ല, പകരം വേറെ ഒരു പാട്ടായിരുന്നു. സിനിമയിലെ ആ പാട്ടിന്റെ പ്രാധാന്യം അനുസരിച്ച് ദാസേട്ടൻ, ചിത്ര, സുജാത, തുടങ്ങിയവരെയൊക്കെക്കൊണ്ട് ഞങ്ങൾ ആ പാട്ട് പാടിച്ചിരുന്നു. പക്ഷേ അത് ശരിയായില്ല. അവസാനം ആ പാട്ട് തന്നെ വേണ്ടെന്ന് വെച്ചു. അങ്ങനെയാണ് ഓ പ്രിയേ.. എന്ന പാട്ട് വരുന്നത്. സിനിമ ഇറങ്ങിയപ്പോൾ ആ പാട്ട് ഭയങ്കര ഹിറ്റായി മാറി,’ അദ്ദേഹം പറഞ്ഞു.

ഔസേപ്പച്ചൻ. Photo. Screen grab/ Youtube

സിനിമയിലെ കഥയോടും കഥാപാത്രങ്ങളോടും ചേർന്നുനിൽക്കുന്ന വരികൾ പാട്ടിലൂടെ കൊണ്ടുവരിക എന്നതാണ് കമൽ സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ പ്രത്യേകതയെന്നും ഔസേപ്പച്ചൻ കൂട്ടിച്ചേർക്കുന്നു.

‘കമലിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ, പുള്ളിയുടെ ലിറ്റററി ഭാഗം ഭയങ്കര സ്ട്രോങ് ആണ്. അതുകൊണ്ടുതന്നെ ഈണത്തോടൊപ്പം വരികളിലും പുള്ളിക്ക് ഭയങ്കര ശ്രദ്ധയായിരിക്കും. സിനിമയിലെ കഥാപാത്രങ്ങളിലേക്ക് പാട്ടിലെ വരികൾ ഇറങ്ങിച്ചെല്ലണമെന്ന് പുള്ളിക്ക് ഭയങ്കര നിർബന്ധമാണ്. ഈണം അതിന്റെ കൂടെ ബ്ലെൻഡ് ആകുമല്ലോ, ഈ ഒരു കാരണം കൊണ്ടാണ് കമലിന്റെ സിനിമകളിലെ പാട്ടുകൾ എന്നും ഓർമിക്കപ്പെടുന്നത്,’ ഔസേപ്പച്ചൻ പറഞ്ഞു.

Content Highlight: Ouseppachan talks about the director who beautifully picturizes his songs in cinema

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more