1999-ൽ പ്രിയദർശന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ മേഘം എന്ന ചിത്രത്തിലെ, താൻ സംഗീതം നിർവ്വഹിച്ച മാർഗഴിയേ മല്ലികയേ… എന്ന ഗാനത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് ഔസേപ്പച്ചൻ. ദി ഷോസ്‌കേപ്പ് ജേർണലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രിയൻ ആ പാട്ടിന് പ്രത്യേകിച്ച് വലിയ ബ്രീഫൊന്നും തന്നിരുന്നില്ല, അതിലെ കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞു എന്നതല്ലാതെ ഇങ്ങനത്തെ പാട്ട് വേണമെന്നൊന്നും പറഞ്ഞിരുന്നില്ല. ആകെ പറഞ്ഞത് പാട്ട് കുറച്ച് ഹ്യൂമറസ് ആയിരിക്കുമെന്നാണ്. ശ്രീനിവാസൻ ഡാൻസ് കളിക്കുന്നുണ്ട്, അപ്പോൾ മമ്മൂട്ടിക്ക് അതിനോടൊപ്പം ഡാൻസ് കളിച്ചു നിൽക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും പുള്ളി വാശിക്ക് ഡാൻസ് കളിക്കുകയാണ്.
ഔസേപ്പച്ചൻ. Photo. Screen Grab/ Youtube
അങ്ങോട്ടും ഇങ്ങോട്ടും ഒരു മത്സരമാണെന്നാണ് പറഞ്ഞിട്ടുണ്ടായിരുന്നത്. പാട്ടിന്റെ തുടക്കത്തിൽ അപ്രതീക്ഷിതമായിട്ടാണ് മമ്മൂക്ക ഭയങ്കര റൊമാന്റിക് ആയി വരുമ്പോൾ പെട്ടെന്നാണ് ശ്രീനിവാസന്റെ ക്യാരക്ടറിന്റെ എൻട്രി വരുന്നത്, ആ സിറ്റുവേഷൻ പ്രിയൻ വളരെ രസകരമായിട്ടാണ് കൺസീവ് ചെയ്തിരിക്കുന്നത്,’ഔസേപ്പച്ചൻ പറഞ്ഞു.
പ്രിയദർശനും ഫാസിലും പാട്ടുകളെ സമീപിക്കുന്ന രീതിയിലെ വ്യത്യാസത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പാട്ടുകൾ സിനിമയുടെ കഥയോടും സിറ്റുവേഷനോടും ചേർന്നുനിൽക്കുന്നതിൽ ഫാസിൽ പ്രത്യേക ശ്രദ്ധ പുലർത്താറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘പ്രിയദർശൻ പാട്ടുകളെ അതിമനോഹരമായി പിക്ചറൈസ് ചെയ്യുന്ന ഒരാളാണ്. എന്നാൽ ഫാസിൽ സാറിന് തിരക്കഥയിലാണ് കളി, ഒരു പടത്തിന്റെ ഒരു മൂലയിൽ നിന്നും മറ്റേ അറ്റം വരെ സ്പ്രെഡ് ചെയ്തു പോകാൻ പറ്റുന്ന, കഥയുടെ അത്രയും ഡെപ്തിലൂടെ സഞ്ചരിക്കുന്ന പാട്ടുകളേ അദ്ദേഹം എടുക്കുകയുള്ളൂ. മാനത്തെ വെള്ളിത്തേര്, പഴം തമിഴ് പാട്ടിഴയും തുടങ്ങിയ പാട്ടുകളൊക്കെ ഒരുപാട് കഷ്ടപ്പെട്ട് ആ സിറ്റുവേഷനും കൂടെ കണ്ടുകൊണ്ടാണ് ഞങ്ങൾ ചെയ്തത്,’ ഒസേപ്പച്ചൻ പറഞ്ഞു.
സംവിധായകൻ കമലിന്റെ സിനിമകളിലെ പാട്ടുകൾക്കുള്ള പ്രത്യേകതയെക്കുറിച്ചും സംഗീത സംവിധായകൻ വ്യക്തമാക്കി. ഈണത്തിനൊപ്പം വരികൾക്കും ഏറെ പ്രാധാന്യം നൽകുന്ന കമൽ, പാട്ടിലെ വരികൾ കഥാപാത്രങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലണമെന്ന് നിർബന്ധമുള്ളയാളാണെന്ന് അദ്ദേഹം പറയുന്നു.
മാർഗഴിയേ മല്ലികയേ ഗാനം. Photo. Screen Grab/ Youtube
‘കമലിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ, പുള്ളിയുടെ ലിറ്റററി ഭാഗം ഭയങ്കര സ്ട്രോങ് ആണ്. അതുകൊണ്ടുതന്നെ ഈണത്തോടൊപ്പം വരികളിലും പുള്ളിക്ക് ഭയങ്കര ശ്രദ്ധയായിരിക്കും. സിനിമയിലെ കഥാപാത്രങ്ങളിലേക്ക് പാട്ടിലെ വരികൾ ഇറങ്ങിച്ചെല്ലണമെന്ന് പുള്ളിക്ക് വലിയ നിർബന്ധമാണ്. ആ ഒരു കാരണം കൊണ്ടാണ് കമലിന്റെ സിനിമകളിലെ പാട്ടുകൾ എന്നും ഓർമിക്കപ്പെടുന്നത്,’ ഔസേപ്പച്ചൻ പറഞ്ഞു.