| Monday, 29th September 2025, 7:31 am

ഒക്ടോബര്‍ ഏഴിന് മുമ്പും ഞങ്ങളുടെ ജീവിതം അസാധാരണമായിരുന്നു: ഇന്ത്യയിലെ ഫലസ്തീന്‍ സ്ഥാനപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2023ലെ സംഭവങ്ങള്‍ക്ക് പിന്നാലെയല്ല ഇസ്രഈല്‍ ഫലസ്തീനില്‍ വംശഹത്യ ആരംഭിച്ചതെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ സ്ഥാനപതി അബ്ദുള്ള അബു ഷവേഷ്. അതിന് മുമ്പും ഫലസ്തീനികളുടെ ജീവിതം അസാധാരണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന എന്‍.പി.ആര്‍.ഡി ജന്‍ സ്വസ്ഥ്യ അഭിയാന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വംശഹത്യയും ഗസയിലെ ഭിന്നശേഷിക്കാരും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023 ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ ആറ് വരെ മാത്രം നാന്നൂറിലധികം ഫലസ്തീനികളെ ഇസ്രഈല്‍ കൊന്നൊടുക്കിയെന്ന് അദ്ദേഹം പറഞ്ഞു.

‘തീവ്രവാദികളെന്നാണ് അവര്‍ ഞങ്ങളെ വിളിച്ചിരുന്നത്. മഹാനായ ഭഗത് സിങ്ങിനെയും അവര്‍ തീവ്രവാദികളെന്ന് വിളിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുണച്ചിരുന്നെങ്കില്‍ ഈ വംശഹത്യ സംഭവിക്കുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ക്കും കാര്യങ്ങള്‍ ബോധ്യം വന്നുതുടങ്ങിയിട്ടുണ്ട്,’ അബ്ദുള്ള അബു ഷവേഷ് പറഞ്ഞു.

ഫലസ്തീനില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹൈദം സഖ, സിയദ് അമ്രോ, മാനസികാരോഗ്യ വിദഗ്ധ റാസ സഖ എന്നിവര്‍ ഓണ്‍ലൈനായും ട്രൈകോണ്ടിനെന്റല്‍ ഡയറക്ടര്‍ വിജയ് പ്രഷാദ്, ഡോ. വിജയ് കെ. തിവാരി എന്നിവരും പരിപാടിയില്‍ സംസാരിച്ചു.

അതേസമയം, ഇസ്രഈല്‍ ഗസയില്‍ വംശഹത്യയും കൂട്ടക്കുരുതിയും തുടരുകയാണ്. ഐക്യരാഷ്ട്ര സഭയിലടക്കം ഫലസ്തീന് പിന്തുണയേറുകയും ഇസ്രഈല്‍ ലോകത്തിന് മുമ്പില്‍ അപഹാസ്യരാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് ഗസയില്‍ ഇസ്രഈല്‍ ആക്രമണത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതായി പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് പ്രതികരിച്ചത്.

ഗസ നശിപ്പിക്കപ്പെടുമെന്നായിരുന്നു കാറ്റ്‌സിന്റെ പ്രതികരണം. ഗസയില്‍ ഐ.ഡി.എഫ് ആക്രമണങ്ങള്‍ കടുപ്പിച്ചതായും അടുത്ത ഘട്ടത്തിലേക്ക് കടന്നതായും കാറ്റ്‌സ് അറിയിച്ചത്.

ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സ് സൈനികരെ ധീരരെന്ന് വിശേഷിപ്പിച്ച കാറ്റ്‌സ്, ഗസയിലെ വ്യോമ, കര മേഖലകളില്‍ നിന്നുള്ള പ്രതിരോധ ശക്തികളെ തകര്‍ക്കാനായി പ്രദേശത്ത് ശക്തമായ സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നും പറഞ്ഞു.

ഗസയില്‍ മാത്രമല്ല, സമീപപ്രദേശങ്ങള്‍ക്ക് നേരെയും കനത്ത ആക്രമണമാണ് നടത്തുന്നതെന്നും അവിടങ്ങളിലെ നിയന്ത്രണം ഏറ്റെടുക്കുകയാണെന്നും ഇസ്രഈല്‍ കാറ്റ്‌സ് പറഞ്ഞു. ഹമാസിനെ വെല്ലുവിളിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

എല്ലാ യുദ്ധ ലക്ഷ്യങ്ങളും ഒന്നൊഴിയാതെ കൈവരിക്കുന്നതുവരെ തങ്ങള്‍ പിന്മാറില്ലെന്നും ഇസ്രഈല്‍ സേനയുടെ ആജ്ഞ അനുസരിച്ചില്ലെങ്കില്‍ ഗസ നശിപ്പിക്കപ്പെടുകയും, ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും ഇസ്രഈല്‍ കാറ്റ്സ് ഭീഷണി മുഴക്കി.

അതേസമയം, ലോകരാജ്യങ്ങള്‍ ഇസ്രഈലിനെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. യു.എന്‍ പൊതുസമ്മേളനത്തിലെ പ്രസംഗങ്ങളിലെല്ലാം നിറഞ്ഞുനിന്നത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും ഇസ്രഈല്‍ വിമര്‍ശനങ്ങളുമായിരുന്നു. യു.എസിനെ പോലുള്ള ചില രാജ്യങ്ങള്‍ മാത്രമാണ് ഐക്യരാഷ്ട്രസഭയില്‍ ഇസ്രഈലിന്റെ വാക്കുകളെ പിന്തുണയ്ക്കുന്നത്.

Content highlight: Our life was difficult even before October 7th, says Palestinian Ambassador to India

We use cookies to give you the best possible experience. Learn more