| Friday, 25th September 2026, 12:17 pm

'ഞങ്ങളുടെ ഭൂമി വില്‍പ്പനയ്ക്കുള്ളതല്ല'; ഇസ്രഈല്‍ ബന്ധമുള്ള സോളാര്‍ പദ്ധതിക്കെതിരെ ഇറ്റലിയില്‍ ജനരോഷം

നിഷാന. വി.വി

റോം: ഇറ്റലിയിലെ കാര്‍ഷിക മേഖലകളിലേക്ക് സംശയാസ്പദമായ രീതിയില്‍ വിദേശ മൂലധനം ഒഴുകിയെത്തുന്നതിനെതിരെ കര്‍ഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ശക്തമായ പ്രക്ഷോഭത്തിലേക്ക്.

മധ്യ ഇറ്റലിയിലെ തുസ്‌കാനി (Tuscany) മേഖലയിലുള്ള റിബോള പട്ടണത്തില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന സൗരോര്‍ജ്ജ പദ്ധതിയുടെ (Agrivoltaics Park) പിന്നില്‍ ഇസ്രഈല്‍ സൈന്യവുമായി ബന്ധമുള്ള ‘ഷികുന്‍ & ബിനുയി’ (Shikun & Binui) എന്ന നിര്‍മാണ കമ്പനിയാണെന്ന വെളിപ്പെടുത്തലാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.

‘ദിരിത്തി ഇന്‍ ഫലസ്തീന്‍’ (Diritti in Palestina) എന്ന സംഘടന നടത്തിയ അന്വേഷണത്തിലാണ് പദ്ധതിയുടെ യഥാര്‍ത്ഥ ഉടമസ്ഥരെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തുസ്‌കാനി മേഖലയിലുട നീളം അഞ്ച് സോളാര്‍ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് മിലാന്‍ കേന്ദ്രീകരിച്ച് കമ്പനി പ്രത്യേക ഉപകമ്പനികള്‍ (Special Purpose Vehicles) രൂപീകരിച്ചതായി കണ്ടെത്തി.

ഇതിലൊന്നായ ‘SPV Energy 3’ എന്ന കമ്പനിയുടെ പേരില്‍ ഒപ്പുവെച്ച ഭൂമി പാട്ടക്കരാറുകള്‍ പരിശോധിച്ചപ്പോള്‍, വെറും 2,500 യൂറോ മാത്രം മൂലധനമുള്ള, ജീവനക്കാരില്ലാത്ത ഒരു കമ്പനിയാണിതെന്ന് വ്യക്തമായതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

വെസ്റ്റ് ബാങ്കിലെയും ഗൊലാന്‍ കുന്നുകളിലെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2025 സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ കരിമ്പട്ടികയില്‍ (Blacklist) ഉള്‍പ്പെടുത്തിയ കമ്പനിയാണ് ഷികുന്‍ & ബിനുയി. കൂടാതെ, ഇസ്രഈലിലേക്ക് ആയുധങ്ങള്‍ കടത്തുന്ന ലിവോര്‍ണോ തുറമുഖത്തിന് സമീപമാണ് ഈ പദ്ധതി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത് എന്നതും പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.

പരിസ്ഥിതി സൗഹൃദ ഊര്‍ജ പദ്ധതി എന്ന വ്യാജേന ബഹുരാഷ്ട്ര കമ്പനികള്‍ ഗ്രാമീണ മേഖലകളെ ചൂഷണം ചെയ്യുകയാണെന്ന് ഇറ്റലിയിലെ റൂറല്‍ അസോസിയേഷന്‍ ആരോപിച്ചു. പ്രതിസന്ധിയിലായ കര്‍ഷകരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഭൂമി സ്വന്തമാക്കുന്ന ഇടനിലക്കാരുടെ സാന്നിധ്യം വര്‍ധിച്ചുവരികയാണെന്ന് പ്രാദേശിക ജനപ്രതിനിധികളും വ്യക്തമാക്കുന്നു.

ഫലസ്തീനിലെ നിയമവിരുദ്ധ അധിനിവേശത്തില്‍ നിന്നും മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നും സമാഹരിക്കുന്ന മൂലധനം ഉപയോഗിച്ച് നടത്തുന്ന ഇത്തരം പദ്ധതികള്‍ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് റീജിയണല്‍ ഗവണ്‍മെന്റിന് മുന്നില്‍ നിവേദനം നല്‍കിയിട്ടുണ്ട്. പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുന്നതിന് മുന്‍പ് നിയമപരമായും തെരുവിലിറങ്ങിയും ഇത് തടയാനാണ് പ്രക്ഷോഭകരുടെ തീരുമാനം.

Content Highlight: ‘Our land is not for sale’: Public outcry in Italy against an Israel-linked solar project.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more