| Tuesday, 27th January 2026, 1:56 pm

വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍; എന്നിട്ടും ലോകകപ്പ് സ്‌ക്വാഡിന് പുറത്ത് തന്നെ

ഫസീഹ പി.സി.

എസ്.എ 20യില്‍ തിളങ്ങിയിട്ടും ലോകകപ്പ് സ്‌ക്വാഡില്‍ ഇടം കണ്ടെത്താന്‍ സാധിക്കാതെ പ്രോട്ടിയാസ് താരം ഒട്‌നീല്‍ ബാര്‍ട്ട്മാന്‍. വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനം നേടിയാണ് താരം ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. എന്നാല്‍, അതൊന്നും താരത്തിന് ലോകകപ്പ് ടീമിലേക്ക് വഴി തെളിയിച്ചില്ല.

ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ കൗണ്ടര്‍പാര്‍ട്ടായ പാള്‍ റോയല്‍സിന് വേണ്ടിയാണ് ബാര്‍ട്ട്മാന്‍ ടൂര്‍ണമെന്റില്‍ കളത്തിലിറങ്ങിയത്. ടീമിനായി ഒമ്പത് മത്സരങ്ങള്‍ കളിച്ച് താരം 20 വിക്കറ്റുകള്‍ തന്റെ അക്കൗണ്ടിലെത്തിച്ചു. 9.13 എക്കോണമിയിലാണ് ഫാസ്റ്റ് ബൗളര്‍ ടൂര്‍ണമെന്റില്‍ പന്തെറിഞ്ഞത്. ആവറേജാകട്ടെ 13.55 മായിരുന്നു.

ഒട്‌നീല്‍ ബാര്‍ട്ട്മാന്‍. Photo: SuperSport/x.com

ടൂര്‍ണമെന്റില്‍ ബാര്‍ട്ട്മാന്‍ ഒരു ഫോഫറും ഫൈഫറും നേടിയിട്ടുണ്ട്. ഒരു മൈയ്ഡന്‍ ഓവറും താരം ടൂര്‍ണമെന്റില്‍ എറിഞ്ഞു. വെറും 16 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് താരത്തിന്റെ ഈ സീസണിലെ മികച്ച ബൗളിങ് പ്രകടനം.

റോയല്‍സിനെ പ്ലേ ഓഫില്‍ എത്തിക്കുന്നതില്‍ ബാര്‍ട്ട്മാന്റെ ഈ പ്രകടനങ്ങള്‍ വളരെ നിര്‍ണായകമായിരുന്നു. എലിമിനേറ്ററില്‍ രണ്ട് വിക്കറ്റും ക്വാളിഫറില്‍ ഒരു വിക്കറ്റും താരം വീഴ്ത്തിയിരുന്നു. ഇത്ര മികവാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയിട്ടും താരത്തിന് സൗത്ത് ആഫ്രിക്കയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം കണ്ടെത്താന്‍ സാധിച്ചില്ലെന്നത് ഏറെ കൗതുകമുണര്‍ത്തുന്നതാണ്.

ബാര്‍ട്ട്മാനെ ഉള്‍പ്പെടുത്താത്തതില്‍ പ്രോട്ടിയാസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്തുകൊണ്ടാണ് താരത്തെ ലോകകപ്പിന് ഉള്‍പ്പെടുത്താത്തത് എന്ന് ആരെങ്കിലും ഒന്ന് വിശദീകരിക്കാമോ എന്നാണ് താരം ചോദിച്ചത്. കൂടാതെ, ബാര്‍ട്ട്മാനെ സൗത്ത് ആഫ്രിക്കയുടെ മികച്ച വൈറ്റ് ബൗള്‍ ബൗളര്‍മാരില്‍ ഒരാളായി കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒട്‌നീല്‍ ബാര്‍ട്ട്മാന്‍. Photo: Gagan/x.com

അതേസമയം, ഫെബ്രുവരി ഏഴ് മുതലാണ് 2026 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോര് മാര്‍ച്ച് എട്ടിനാണ് നടക്കുക. ടൂര്‍ണമെന്റില്‍ പ്രോട്ടിയാസ് ഗ്രൂപ്പ് ഡിയിലാണ്. അഫ്ഗാനിസ്ഥാന്‍, കാനഡ, ന്യൂസിലാന്‍ഡ്, യു.എ.ഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

സൗത്ത് ആഫ്രിക്കയുടെ ടി – 20 ലോകകപ്പ് സ്‌ക്വാഡ്

എയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), കോര്‍ബിന്‍ ബോഷ്, ഡെവാള്‍ഡ് ബ്രെവിസ്, ക്വിന്റണ്‍ ഡി കോക്ക്, മാര്‍ക്കോ യാന്‍സെന്‍, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ക്വേന മഫാക, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്യ, കാഗിസോ റബാഡ, റിയാന്‍ റിക്കല്‍ടണ്‍, ജേസണ്‍ സ്മിത്ത്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്.

Content Highlight: Ottniel Bartman not included in South Afriaca’s T20 World Cup squad despite he became top wicket taker in SA20

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more