| Monday, 19th January 2026, 11:41 am

ഭ ഭ ബ തോറ്റയിടത്ത് വിജയിച്ച സിനിമകള്‍, ലോജിക്കാവശ്യമില്ലാത്ത പടങ്ങളെന്ന് പറഞ്ഞാല്‍ ഇതൊക്കെയാണെന്ന് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

നോ ലോജിക് ഓണ്‍ലി മാഡ്‌നെസ് എന്ന ടാഗ്‌ലൈനിലെത്തി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ച സിനിമയെന്നാണ് പലരും ഭ ഭ ബയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ദിലീപിന്റെ തിരിച്ചുവരവാകുമെന്ന് ആരാധകര്‍ വാദിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. സ്പൂഫ് ഴോണറിലൊരുക്കിയ ചിത്രം ഒരിടത്തും പ്രേക്ഷകരെ പിടിച്ചിരുത്തിയില്ല.

വേണ്ട രീതിയില്‍ ഒരുക്കിയില്ലെങ്കില്‍ പാളിപ്പോകാന്‍ വലിയ സാധ്യതയുള്ള ഴോണറാണ് സ്പൂഫ്. അത്തരമൊരു ഴോണറില്‍ സിനിമ ചെയ്ത് വിജയിപ്പിക്കുക എന്നത് വലിയ ടാസ്‌കാണ്. മലയാളത്തില്‍ സ്പൂഫ് ഴോണര്‍ വിജയിച്ച ചരിത്രമില്ല. എന്നാല്‍ മറ്റ് ഭാഷകളില്‍ ഈ ഴോണറിലെത്തിയ സിനിമകള്‍ വന്‍ വിജയമായിട്ടുണ്ട്. ഭ ഭ ബക്ക് പാളിയ ഇടത്ത് വിജയിച്ച, ലോജിക് ആവശ്യമില്ലാത്ത ചില സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മിര്‍ച്ചി ശിവയെ നായകനാക്കി സി.എസ് അമുദന്‍ സംവിധാനം ചെയ്ത തമിഴ് പടമാണ് ഇതില്‍ ആദ്യത്തേത്. തമിഴിലെ പല ഹിറ്റുകളെയും ട്രോളിയ ചിത്രം വന്‍ വിജയമായി മാറി. 2010ല്‍ ആദ്യ ഭാഗവും 2018ല്‍ രണ്ടാം ഭാഗവും പുറത്തിറങ്ങി. രണ്ട് ഭാഗങ്ങളും ഇന്നും പലരുടെയും ഫേവറെറ്റാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗം അധികം വൈകാതെ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

ഓവര്‍ ദി ടോപ്പ് സ്പൂഫ് ഴോണറില്‍ പിന്നീട് തമിഴില്‍ പുറത്തിറങ്ങി വന്‍ വിജയമായ ചിത്രമാണ് മാര്‍ക്ക് ആന്റണി. വിശാല്‍, എസ്.ജെ. സൂര്യ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം കേരളത്തിലും ഹിറ്റായി. നോ ലോജിക് ഓണ്‍ലി മാഡ്‌നെസ് എന്ന ടാഗ്‌ലൈന്‍ എന്തുകൊണ്ടും ചേരുന്ന സിനിമയാണ് മാര്‍ക്ക് ആന്റണി. വന്നവരും നിന്നവരും ലൗഡ് പെര്‍ഫോമന്‍സ് കാഴ്ചവെച്ച ഈ സിനിമ ഒരുക്കിയത് ആദിക് രവിചന്ദ്രനാണ്.

മാര്‍ക്ക് ആന്റണിക്ക് ശേഷം ആദിക് ഒരുക്കിയ ഗുഡ് ബാഡ് അഗ്ലിയും ഇത്തരത്തില്‍ സെമി സ്പൂഫ് ചിത്രമാണ്. തമിഴ് സൂപ്പര്‍താരം അജിത്തായിരുന്നു ചിത്രത്തിലെ നായകന്‍. ആദിക് എന്ന ഫാന്‍ബോയ് തന്റെ ഇഷ്ടനടനെ മാക്‌സിമം അഴിഞ്ഞാടാന്‍ വിട്ട ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറി. ഒന്ന് പാളിയാല്‍ ട്രോള്‍ മെറ്റീരിയലായേക്കാവുന്ന സിനിമകളാണ് മാര്‍ക്ക് ആന്റണിയും ഗുഡ് ബാഡ് അഗ്ലിയും. എന്നാല്‍ സംവിധായകന്റെ കൈയടക്കവും വിഷനും രണ്ട് സിനിമകളെയും മികച്ചതാക്കി.

മാര്‍ക്ക് ആന്റണി, ഗുഡ് ബാഡ് അഗ്ലി Photo: Theatrical poster

മലയാളത്തില്‍ ഈ ഴോണര്‍ ചെയ്യാന്‍ ശ്രമിച്ച് പരാജയമായ സിനിമകളുണ്ട്. കുഞ്ചാക്കോ ബോബനെ നായകനാക്കി സന്തോഷ് വിശ്വനാഥ് ഒരുക്കിയ ചിറകൊടിഞ്ഞ കിനാവുകളാണ് ഈ ലിസ്റ്റില്‍ ആദ്യത്തേത്. പക്കാ സ്പൂഫെന്ന് കണ്ണുംപൂട്ടി പറയാന്‍ പറ്റുന്ന ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍. മലയാളസിനിമയില്‍ കാലങ്ങളായി കണ്ടുപോരുന്ന ക്ലീഷേകളെയെല്ലാം എടുത്തിട്ടലക്കിയ ചിത്രം കാലംതെറ്റിയിറങ്ങിയ ഒന്നാണ്. റിലീസ് സമയത്ത് പരാജയമായി ചിറകൊടിഞ്ഞ കിനാവുകള്‍ പിന്നീട് പ്രേക്ഷകര്‍ ഏറ്റെടുത്തു.

സ്റ്റോണര്‍, സ്പൂഫ് എന്നീ ഴോണറുകളെ മിക്‌സ് ചെയ്ത് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഡബിള്‍ ബാരലും ഇത്തരത്തിലൊരു സിനിമയാണ്. ട്രെയ്‌ലറും ടീസറുമെല്ലാം കണ്ട് ആക്ഷന്‍ സിനിമ പ്രതീക്ഷിച്ച് ടിക്കറ്റെടുത്ത പ്രേക്ഷകര്‍ക്ക് ലിജോയുടെ ഈ പരീക്ഷണം ദഹിക്കാതെ പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം ഡബിള്‍ ബാരലിനും സോഷ്യല്‍ മീഡിയയില്‍ ആരാധകരുണ്ടായി.

ആറാട്ട്, ഡബിള്‍ ബാരല്‍, ചിറകൊടിഞ്ഞ കിനാവുകള്‍

സ്പൂഫായി ഒരുക്കുകയും മാസ് സിനിമയെന്ന് പ്രൊമോഷന്‍ കൊടുക്കുകയും ചെയ്ത് പരാജയമായ മറ്റൊരു സിനിമയാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്. അറിഞ്ഞ് ചെയ്തിരുന്നെങ്കില്‍ മോഹന്‍ലാലിന്റെ വകയായി ഗുഡ് ബാഡ് അഗ്ലി പോലെ ഒരു സിനിമ മലയാളത്തിനും ലഭിച്ചേനെ.

എന്നാല്‍ ഈ സിനിമയുടെയൊന്നും അടുത്തുപോലും എത്താത്ത വികലമായ ശ്രമമെന്ന് മാത്രമേ ഭ ഭ ബയെ വിശേഷിപ്പിക്കാനാകുള്ളൂ. ‘അയ്യോ, ഇതൊക്കെ സ്പൂഫാണേ, നിങ്ങള്‍ ചിരിക്കണേ’ എന്ന് നിര്‍ബന്ധിച്ച് പറയുന്നതുപോലെയായിരുന്നു ചിത്രത്തിലെ പല രംഗങ്ങളും. സോഷ്യല്‍ മീഡിയയില്‍ കാണുന്ന ട്രോളുകള്‍ അതേപടി എടുത്തുവെച്ചാല്‍ പ്രേക്ഷകര്‍ കാണുമെന്ന തിരക്കഥാകൃത്തുകളുടെ മുന്‍വിധിക്ക് കിട്ടിയ തിരിച്ചടിയായി ഭ ഭ ബയെ കണക്കാക്കാം.

Content Highlight: Other Spoof movies discussing after the failure of Bha Bha Ba

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more