മുംബൈ: മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് ധാരാശിവ് എന്ന് പുനര്‍നാമകരണം ചെയ്തതായി റിപ്പോര്‍ട്ട്. പുതിയ സ്റ്റേഷന്‍കോഡ് ഡി.ആര്‍.എസ്.സി എന്ന് പുനര്‍നാമകരണം ചെയ്തതായും സെന്‍ട്രല്‍ റെയില്‍വേ പ്രസ്താവനയില്‍ അറിയിച്ചു.
യു.എം.ഡി എന്നായിരുന്നു നേരത്തെ ഒസ്മാനാബാദ് സ്‌റ്റേഷന്‍ കോഡായി ഉപയോഗിച്ചിരുന്നത്. വെള്ളിയാഴ്ച സെന്‍ട്രല്‍ റെയില്‍വേ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സ്റ്റേഷന്റെ പുതിയ പേരും കോഡും ഇന്ത്യന്‍ റെയില്‍വേ കോണ്‍ഫറന്‍സ് അസോസിയേഷന്‍ അംഗീകരിച്ചിട്ടുണ്ടെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം പേര് മാറ്റല്‍ നടപ്പിലാക്കുന്നതിനായി ജൂണ്‍ ഒന്നിന് രാത്രി 11.45 മുതല്‍ പുലര്‍ച്ചെ വരെ മുംബൈ പാസഞ്ചര്‍ സിസ്റ്റം താത്ക്കാലികമായി അടച്ചിടുമെന്നും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ തന്നെ ഒസ്മാനാബാദ് എന്നറിയപ്പെടുന്ന നഗരത്തിന്റെ പേരും ധാരാശിവ് എന്നാക്കിയിരുന്നു. പിന്നാലെ റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റാനുള്ള നിര്‍ദേശം പരിഗണിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗികമായ പേര് മാറ്റല്‍.
പ്രദേശത്തുള്ള ഗുഹയുടെ പേരാണ് ധാരാശിവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ ഹൈദരാബാദ് നാട്ടുരാജ്യം ഭരിച്ചിരുന്ന വ്യക്തിയുടെ പേരിലാണ് ഒസ്മാനാബാദ് അറിയപ്പെടുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Osmanabad now Dharashiv; Railway station name changed in Maharashtra