ധാക്ക: ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍.
പശ്ചിമ ബംഗാള്‍ പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഫൈസല്‍ കരീം മസൂദ് (370, ആലംഗീര്‍ ഹൊസൈന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.
ഹാദിയുടെ കൊലപാതകത്തിലെ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണ് ഫൈസല്‍ മസൂദ്. ഇയാളുടെ സഹായിയാണ് ആലംഗീര്‍. ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനിടെ ബോണ്‍ഗാവില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.
ഇരുവരും മേഘാലയയുടെ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് അനധികൃതമായി കടന്നതായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചതായും പൊലീസ് ആരോപിച്ചു.
ബംഗ്ലാദേശിലെ ജെന്‍സി പ്രക്ഷോഭത്തതിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാവായിരുന്നു ഷെരീഫ് ഒസ്മാന്‍ ബിന്‍ ഹാദി. 2025ഡിസംബര്‍ 12 നാണ് ഹാദി കൊല്ലപ്പെട്ടത്. ഹാദിയുടെ തലയ്ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ഹാദിയെ സിംഗപ്പൂരില്‍ എത്തിച്ചെങ്കിലും ഡിസംബര്‍ 18ന് മരണപ്പെട്ടു. ധാക്കയിലെ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങവെയായിരുന്നു വെടിയേറ്റത്. ഇങ്ക്വിലാബ് മഞ്ചയെന്ന വിദ്യാര്‍ത്ഥി ഗ്രൂപ്പിന്റെ നേതാവായിരുന്നു ഹാദി.
ജെന്‍സി പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബഗ്ലാ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടിരുന്നു. 16 വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് ഹസീന സര്‍ക്കാര്‍ താഴെ വീണത്.
തുടര്‍ന്ന് നോബല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ കീഴില്‍ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വന്നിരുന്നു. പിന്നാലെ ദേശീയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബിന്‍ ഹാദി ആക്രമിക്കപ്പെട്ടത്. ഹാദിയുടെ കൊലപാതകം രാഷ്ട്രീയ പകപോക്കലാണെന്നാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ വാദം.
Content Highlight: Osman Hadi’s murder: Bengal police arrest two people