ഡോ. ബിജു സംവിധാനം ചെയ്ത, ഇന്ത്യ– പാപുവ ന്യൂഗിനി സംയുക്ത നിർമാണ സംരംഭമായ ‘പാപ്പ ബുക്ക’യ്ക്ക് ഓസ്കർ എൻട്രി. 2026 ലെ മികച്ച രാജ്യാന്തര സിനിമയ്ക്കായുള്ള ഓസ്കർ പുരസ്കാരത്തിന് പാപുവ ന്യൂഗിനിയുടെ ഔദ്യോഗിക എൻട്രിയായാണ് ‘പാപ്പ ബുക്ക’ തെരഞ്ഞെടുക്കപ്പെട്ടത്.
മലയാളികളുടെ അഭിമാനമായ സംവിധായകൻ ബിജുകുമാർ ദാമോദരൻ എന്ന ഡോ. ബിജു സംവിധാനം ചെയ്ത ഈ ചിത്രം നിർമിച്ചിരിക്കുന്നത് പാപുവ ന്യൂ ഗിനിയയിലെയും ഇന്ത്യയിലെയും നിർമാതാക്കൾ ചേർന്നാണ്. ഇന്ത്യയുടെയും പാപുവ ന്യൂ ഗിനിയയുടെയും ചരിത്രപരമായ ബന്ധവും അതിനെ കുറിച്ചുള്ള അന്വേഷണങ്ങളുമാണ് ‘പാപ്പ ബുക്ക’യുടെ ഇതിവൃത്തം. ചരിത്രത്തിൽ ആദ്യമായാണ് പാപുവ ന്യൂഗിനി ഓസ്കറിന് ഔദ്യോഗികമായി ഒരു സിനിമ സമർപ്പിക്കുന്നത്. പാപുവ ന്യൂഗിനിയുടെ ഓസ്കർ സെലക്ഷൻ കമ്മിറ്റിയാണ് ചിത്രം ‘പാപ്പ ബുക്ക’ തെരഞ്ഞെടുത്തത്.
പോർട്ട് മോറൈസ്ബിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പാപുവ ന്യൂഗിനിയുടെ ടൂറിസം, സാംസ്കാരിക മന്ത്രി ബെൽഡൺ നോർമൻ നമഹ്, പാപുവ ന്യൂഗിനി നാഷനൽ കൾച്ചറൽ കമ്മിഷൻ എക്സിക്യൂട്ടീവ് ഡയറക്‌ടർ സ്‌റ്റീവൻ എനോമ്പ് കിലാണ്ട, പാപുവ ന്യൂഗിനി ഓസ്‌കർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഡോൺ നൈൽസ് എന്നിവർ ആണ് സിനിമ തെരഞ്ഞെടുത്ത വിവരം അറിയിച്ചത്.
പാപ്പുവ ന്യൂ ഗിനിയയിലെ ഗോത്ര നേതാവായ സൈൻ ബോബോറോ ആണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ നടന്മാരായ ഋതഭരി ചക്രവർത്തി, പ്രകാശ് ബാരെ എന്നിവരും സിനിമയിലുണ്ട്. മൂന്ന് തവണ ഗ്രാമി ജേതാവായ റിക്കി കെജ് ആണ് സിനിമയുടെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
Content Highlight: Oscar entry for ‘Papa Buka’, an India-Papua New Guinea joint production venture directed by Dr. Biju