ടോം ഇമ്മട്ടിയുടെ സംവിധാനത്തിൽ ടോവിനോ തോമസ് നായകനായി അഭിനയിച്ച് ഹിറ്റായ ചിത്രമായിരുന്നു ‘മെക്‌സിക്കൻ അപാരത’. സിനിമയുടെ കഥ യഥാർത്ഥ സംഭവത്തിന് വിപരീതമായിട്ടാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നതെന്ന് രൂപേഷ് പീതാംബരൻ പറഞ്ഞത് കള്ളമെന്ന് ടോം ഇമ്മട്ടി.
ശരിക്കുമുള്ള സംഭവത്തിൽ കോളേജിൽ കൊടി കുത്താൻ കെ.എസ്.യുവിനെ എസ്.എഫ്.ഐക്കാർ സമ്മതിക്കില്ലായിരുന്നുവെന്നും ടോം ഇമ്മട്ടി എഴുതിയ കഥയിലെ വില്ലൻ എസ്.എഫ്.ഐ ആയിരുന്നെന്നുമാണ് രൂപേഷ് പറഞ്ഞത്. ഇത് വാസ്തവവിരുദ്ധമെന്നാണിപ്പോൾ ടോം ഇമ്മട്ടി പറയുന്നത്.
താൻ അദ്ദേഹത്തിന്റെ പ്രസ്താവന കണ്ട് ഞെട്ടിപ്പോയെന്നും രൂപേഷ് പറഞ്ഞത് കള്ളമാണെന്നും ടോം ഇമ്മട്ടി 24 ന്യൂസിനോട് പറഞ്ഞു. മെക്‌സിക്കൻ അപാരത എന്ന ചിത്രം യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ചതല്ലെന്നും ചെ ഗുവേരയ്ക്ക് ഫിദൽ കാസ്‌ട്രോയുടെ ആശയങ്ങളിലൂടെ ഉണ്ടായ പരിവർത്തനമാണ് ചിത്രത്തിന് പ്രചോദനമായതെന്നും ടോം ഇമ്മട്ടി കൂട്ടിച്ചേർത്തു.
ഒരു മെക്‌സിക്കൻ അപാരത എന്ന ടൈറ്റിൽ ആണ് ആദ്യം ഉണ്ടായതെന്നും ജൂഡ് ആന്തണിയുടെ തിരക്കഥയിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന് ഇടാൻ വെച്ചിരുന്ന പേരായിരുന്നു അതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ചിത്രം ആദ്യം ക്രൈസ്റ്റ് കോളേജിൽ വെച്ച് ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും എന്നാൽ കോളേജിന് പെയിന്റടിച്ചപ്പോൾ സങ്കൽപത്തിന് അനുസരിച്ച് ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് അത് മഹാരാജാസിലേക്ക് മാറ്റിയതെന്നും ടോം പറയുന്നു. എന്നാൽ അവിടുത്തെ ചരിത്രം വേറെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൊവിനോയെ കാസ്റ്റ് ചെയ്യാൻ നിർദേശിച്ചത് താനാണെന്ന് രൂപേഷ് പറഞ്ഞതിനെയും ടോം എതിർത്തു.
ടൊവിനോയുടെ കരിയർ തന്നെ മാറ്റിയ ചിത്രമായിരുന്നു ഒരു മെക്‌സിക്കൻ അപാരത. ടൊവിനോയെ കൂടാതെ നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ജിനോ ജോൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Content Highlight: Oru Mexican Aparatha is not the real incident says Tom Emmatty