ന്യൂദല്‍ഹി: ലെഫ്റ്റനന്റ് കേര്‍ണലും നടനുമായ മോഹന്‍ലാലിനെതിരെ വീണ്ടും ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. ‘ഗള്‍ഫ് മാധ്യമ’ത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതില്‍ മോഹന്‍ലാലിനെ വിമര്‍ശിച്ചുകൊണ്ടാണ് ലേഖനം. ഇന്ത്യ-പാക് സംഘര്‍ഷം നടക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുമായി നടന്‍ സഹകരിച്ചുവെന്നും പണം കിട്ടിയാല്‍ പാകിസ്ഥാനിലും പരിപാടിക്ക് പോകുമോയെന്നുമാണ് ലേഖനത്തില്‍ ഓര്‍ഗനൈസര്‍ ചോദിച്ചിരുന്നത്.
എന്നാല്‍ വിവാദമായതോടെ പ്രസ്തുത ലേഖനം ഓര്‍ഗനൈസര്‍ പിന്‍വലിക്കുകയും ചെയ്തു. മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേര്‍ണല്‍ പദവി റദ്ദാക്കണമെന്നും ഓര്‍ഗനൈസര്‍ ആവശ്യപ്പെട്ടിരുന്നു. മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ലെന്നും ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണെന്നും ലേഖനം പറഞ്ഞിരുന്നു.
‘യാഥാസ്ഥിതിക നിലപാടുകള്‍ക്കും സിനിമയോടുള്ള എതിര്‍പ്പിനും പേരുകേട്ട ജമാഅത്തെ ഇസ്‌ലാമി, ഇതുവരെ ഒരു സിനിമാ നടനെയും ആദരിച്ചിട്ടില്ല. ഇത് കേവലം ഒരു കലാകാരനെന്ന നിലയില്‍ മാത്രമല്ല, ഒരു പ്രത്യേക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്ത്രപരമായ നീക്കമായിട്ടാണ് മോഹന്‍ലാലിനെ ക്ഷണിച്ചതെന്ന് സംശയം ഉയര്‍ത്തുന്നു. സാമ്പത്തിക പ്രോത്സാഹനങ്ങള്‍ ലഭിച്ചാല്‍ പാകിസ്ഥാനില്‍ നിന്നും സമാനമായ അംഗീകാരം അദ്ദേഹം സ്വീകരിക്കുമോ എന്ന് പോലും ചോദ്യങ്ങള്‍ ഉയരുന്നു,’ ലേഖനത്തിലെ പരാമര്‍ശം.
ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തോട് പ്രതിബദ്ധത ഇല്ലാത്തവരാണ് ജമാഅത്തെ ഇസ്‌ലാമികളെന്നും മാത്രമല്ല ഇവരുടെ പ്രതിഷേധങ്ങളില്‍ വിദേശ ഭീകരരെ മഹത്വവത്കരിക്കുന്നുണ്ടെന്നും ഓര്‍ഗനൈസര്‍ പരാമര്‍ശിച്ചിരുന്നു. രാജ്യത്തിന്റെ ഇപ്പോഴത്തെ സാഹചര്യവും ഇന്ത്യന്‍ സൈന്യത്തിലെ മോഹന്‍ലാലിന്റെ പദവിയും കണക്കിലെടുക്കുമ്പോള്‍ മാധ്യമത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് അനുചിതമെന്ന് വിശ്വസിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘ഗള്‍ഫ് മാധ്യമം’ സംഘടിപ്പിച്ച സാംസ്‌കാരിക മേള ‘കമോണ്‍ കേരള’യുടെ ഏഴാം എഡിഷനില്‍ പങ്കെടുത്തതിലാണ് മോഹന്‍ലാലിനെതിരെ ഓര്‍ഗനൈസര്‍ രംഗത്തെത്തിയത്. മോഹന്‍ലാല്‍ മേളയിലെ മുഖ്യാതിഥിയായിരുന്നു. മോഹന്‍ലാലിനെതിരെ സംഘപരിവാര്‍ കടുത്ത സൈബര്‍ ആക്രമണം തുടരുന്നതിനിടെയാണ് ഓര്‍ഗനൈസര്‍ ലേഖനം പ്രസിദ്ധീകരിച്ചത്.
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സൈന്യത്തെ പിന്തുണച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്ക് താഴെ സംഘപരിവാര്‍ രൂക്ഷമായ ഭാഷയിലാണ് അധിക്ഷേപം നടത്തിയിരുന്നത്. എമ്പുരാന്‍ സിനിമയ്ക്ക് പിന്നാലെ മോഹന്‍ലാലിനെതിരെ സംഘപരിവാര്‍ സ്വീകരിച്ച നിലപാടിന്റെ തുടര്‍ച്ചയാണ് ഇന്ത്യ-പാക് സംഘര്‍ഷത്തിനിടയിലും കണ്ടത്.
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറക്കിയ എമ്പുരാനിലെ ഗുജറാത്ത് കലാപം അടക്കമുള്ള രംഗങ്ങള്‍ നേരത്തെ സംഘപരിവാറിനെയും ആര്‍.എസ്.എസിനെയും പ്രകോപിതരാക്കിയിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉള്‍പ്പെടെ വിമര്‍ശിച്ചുകൊണ്ടുള്ള സംഭാഷണങ്ങള്‍ സിനിമയിലുണ്ടായിരുന്നു. തുടര്‍ന്ന് വലിയ സൈബര്‍ ആക്രമണമാണ് മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ സംഘപരിവാര്‍ നടത്തിയത്.
ഒടുവില്‍ എമ്പുരാന്‍ റീ-എഡിറ്റ് ചെയ്യാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. പിന്നാലെ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡും നടത്തിയിരുന്നു.
Content Highlight: Organiser again against Mohanlal