| Saturday, 27th September 2025, 2:31 pm

ഇന്ത്യന്‍ സിനിമയിലെ വില്ലന്മാര്‍ക്ക് ഇതല്ലാതെ വേറെ പണിയൊന്നുമില്ലേ; കരത്തിലും മടുപ്പിക്കുന്ന അവയവക്കടത്ത്

അമര്‍നാഥ് എം.

നായകന്മാര്‍ ശക്തരാവുന്നത് അവരെക്കാള്‍ ശക്തരായ വില്ലന്മാരെ ലഭിക്കുമ്പോഴാണ്. തന്നെക്കാള്‍ പവര്‍ഫുള്ളായ വില്ലനെ നായകന്‍ തോല്പിക്കുമ്പോള്‍ മാത്രമേ പല സിനിമകളും പ്രേക്ഷകര്‍ക്ക് സ്വീകാര്യമാകുള്ളൂ. നായകനെക്കാള്‍ പല സിനിമകളിലും വില്ലന്മാര്‍ സ്‌കോര്‍ ചെയ്യുന്നതും ഇക്കാരണം കൊണ്ടാണ്. വില്ലനെ ശക്തനാക്കുക എന്നതാണ് എഴുത്തുകാരന്റെ പ്രധാന വെല്ലുവിളി.

വില്ലന് നായകനെക്കാള്‍ ശക്തനാക്കുമ്പോള്‍ അയാളെ ന്യായീകരിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ എഴുത്തുകാര്‍ കൂടുതല്‍ ശ്രദ്ധ നല്‌കേണ്ടിവരും. അതിനാല്‍ വില്ലനെ എത്രമാത്രം ക്രൂരനാക്കാമെന്നാണ് ഇപ്പോഴുള്ള പല എഴുത്തുകാരും ആലോചിക്കുന്നത്. അതിനായി അവര്‍ ഉപയോഗിക്കുന്ന പ്രധാന സംഗതിയാണ് അവയവക്കടത്ത്.

ലോകത്ത് പലയിടത്തായി അവയവക്കടത്ത് നടക്കുന്നുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളെക്കാള്‍ കൂടുതലായി അത് അരങ്ങേറുന്നത് ഇന്ത്യന്‍ സിനിമയിലാണ്. ആദ്യമെല്ലാം സിനിമകളില്‍ വല്ലപ്പോഴും മാത്രമായിരുന്നു ഇത് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വില്ലന്റെ പ്രധാന ജോലി എന്താണെന്ന് എഴുതാന്‍ കഴിവില്ലാത്തവര്‍ അവയവക്കടത്തിനെ കൂട്ടുപിടിക്കുന്നത് മടുപ്പുണ്ടാക്കുകയാണ്.

ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കരത്തിലും ഇത് തന്നെയാണ് അവസ്ഥ. വെറൈറ്റി പിടിക്കാന്‍ വേണ്ടി വിദേശത്തെല്ലാം ചിത്രീകരിച്ച സിനിമയാണ് കരം. എന്നാല്‍ മെയിന്‍ വില്ലന്റെ ബിസിനസ് എന്താണെന്ന് വലിയ ബില്‍ഡപ്പില്‍ അവതരിപ്പിച്ച കാര്യം മനുഷ്യക്കടത്തും അവയവക്കടത്തുമാണ്. അത്രയും നേരം ഉണ്ടാക്കിയെടുത്ത ബില്‍ഡപ്പെല്ലാം ഒറ്റയടിക്ക് ഇല്ലാതായെന്ന് തന്നെ പറയാം.

കരത്തിന് മുമ്പ് വിനീത് സംവിധാനം ചെയ്ത തിരയിലും ഇതേ കാര്യം തന്നെയാണ് പ്രമേയം. 10 വര്‍ഷങ്ങള്‍ക്കിപ്പുറം കരത്തിലേക്ക് എത്തുമ്പോഴെങ്കിലും അവയവക്കടത്തെന്ന കാര്യം വിനീതിന് മാറ്റിപ്പിടിക്കാമായിരുന്നു. വിനീത് മാത്രമല്ല, പല വമ്പന്‍ സംവിധായകരും വില്ലന്മാരുടെ ബിസിനസായി ഇപ്പോള്‍ കാണിക്കുന്നത് അവയവക്കടത്താണ്.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലെത്തിയ കൂലിയിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. റിലീസിന് മുമ്പ് സ്വര്‍ണക്കടത്തും, ടൈം ട്രാവലും തുടങ്ങിയ കാര്യമായിരിക്കും പ്രമേയമെന്ന് കരുതിയ പ്രേക്ഷകരെ ലോകേഷ് മടുപ്പിച്ചു. നാഗാര്‍ജുന അവതരിപ്പിച്ച സൈമണ്‍ എന്ന കഥാപാത്രത്തിന്റെ പ്രധാന തൊഴില്‍ ഹാര്‍ട്ട് ട്രാഫിക്കിങ്ങാണെന്ന് അറിഞ്ഞപ്പോള്‍ ലോകേഷിന്റെ ആശയദാരിദ്ര്യത്തെക്കുറിച്ച് ആലോചിച്ച് തലയില്‍ കൈവെച്ചുപോയി.

അജിത് നായകനായെത്തിയ വിടാമുയര്‍ച്ചിയും ഓര്‍ഗന്‍ ട്രാഫിക്കിങ് കാരണം മടുപ്പ് സമ്മാനിച്ചു. ഇതേ തീം അടിസ്ഥാനപ്പെടുത്തി അജിത് നായകനായ എന്നൈ അറിന്താല്‍, വേതാളം തുടങ്ങിയ സിനിമകളില്‍ നിന്ന് ഒട്ടും മാറ്റമില്ലാതെയാണ് വിടാമുയര്‍ച്ചിയിലും അവയവക്കടത്തിനെ അവതരിപ്പിച്ചത്. സൂര്യയുടെ എതര്‍ക്കും തുനിന്തവന്‍, അജയ് ദേവ്ഗണിന്റെ ശിവായ്, തെലുങ്ക് ചിത്രം ഉഗ്രം എന്നിവയിലെല്ലാം വില്ലന്മാരുടെ തൊഴില്‍ അവയവക്കടത്താണ്.

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയ ലോകഃയിലും അവയവക്കടത്ത് ചെറിയൊരു പ്ലോട്ടായി വരുന്നുണ്ടെങ്കിലും അതിലേക്ക് അധികം കടന്ന് പ്രേക്ഷകരെ മടുപ്പിക്കാതിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു.

വളരെ സെന്‍സിറ്റീവായി കാണേണ്ട അവയവക്കടത്ത് എന്ന വിഷയത്തെ വളരെ ലാഘവത്തോടെ എല്ലാ സിനിമയിലും വില്ലന്മാരുടെ ജോലിയായി കാണിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയിലെ വില്ലന്മാര്‍ക്ക് ഇതല്ലാതെ വേറെ പണിയൊന്നുമില്ലേ എന്ന് അറിയാതെ ചോദിച്ചുപോകേണ്ട അവസ്ഥയാണ്.

Content Highlight: Organ trafficking theme in Indian Cinemas made fed up for the audience

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more