| Friday, 24th January 2025, 2:21 pm

മാനന്തവാടിയില്‍ യുവതിയെ കടിച്ചുകൊന്ന കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാനന്തവാടിയില്‍ ആദിവാസി യുവതിയെ കടിച്ചുകൊന്ന കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റേതാണ് നിര്‍ദേശം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കടുവയെ നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൊല്ലുമെന്ന് മന്ത്രി ഒ.ആര്‍. കേളു അറിയിച്ചു. വിദഗ്ധരായ ഷൂട്ടര്‍മാരെയും വെറ്റിനറി ഡോക്ടര്‍മാരെയും സ്ഥലത്തെത്തിക്കും.

മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 11 ലക്ഷം രൂപ പ്രഖ്യാപിച്ചു. ഇതില്‍ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു.

വനത്തോട് ചേര്‍ന്നുള്ള അതിര്‍ത്തികളില്‍ ദ്രുതകര്‍മ സേനയെ വിന്യസിക്കും. ഏകോപനത്തിനായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപയെ ചുമതലപ്പെടുത്തി.

കടുവ കടിച്ചുകൊന്ന നിലയില്‍ യുവതിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.

കടുവയെ വെടിവെച്ച് കൊല്ലാതെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വിട്ടുനല്‍കില്ലെന്നും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നുമായിരുന്നു നാട്ടുകാരുടെ ഭാഗം. എന്നാല്‍ കടുവയെ കൊല്ലുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി.

യുവതിയുടെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കടുവയെ പിടികൂടാന്‍ ഇന്ന് തന്നെ കൂട് സ്ഥാപിക്കുമെന്ന് നോര്‍ത്ത് ഡി.എഫ്.ഒ അറിയിച്ചു.

മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപത്താണ് കടുവ ആക്രമണം ഉണ്ടായത്. വനംവകുപ്പിലെ താത്കാലിക വാച്ചറുടെ ഭാര്യ രാധ (45) ആണ് മരിച്ചത്. തോട്ടത്തില്‍ കാപ്പി പറയ്ക്കാന്‍ പോയപ്പോഴാണ് യുവതിയെ കടുവ ആക്രമിച്ചത്.

തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

Content Highlight: Order to shoot and kill the tiger that killed the young woman in Mananthavadi

We use cookies to give you the best possible experience. Learn more