| Monday, 16th November 2026, 10:05 pm

അദാനിക്ക് തിരിച്ചടി; 5,675 കോടി 56.75 കോടിയാക്കിയ വൈദ്യുത പദ്ധതിയുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

റെന്വര്‍ പി

മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് നടപ്പിലാക്കുന്ന 1500 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവെക്കാന്‍ മഹാരാഷ്ട്ര വനം വകുപ്പ് ഉത്തരവിട്ടു. നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫിന്റെ അനുമതിയില്ലാതെയാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പിന്റെ നടപടി.

ഈ ജല വൈദ്യുത പദ്ധതിയുടെ ചെലവ് 5,675 കോടി രൂപയില്‍ നിന്ന് 56.75 കോടി രൂപയായി കുറച്ച് കാണിക്കാന്‍ അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വനം വകുപ്പ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടുന്നത്.

പദ്ധതിയുടെ ചെലവ് 5,675 കോടി രൂപയില്‍ നിന്ന് 56.75 കോടി രൂപയായി കുറച്ച് കാണിക്കുന്നതിലൂടെ അദാനി ഗ്രീന്‍ എനര്‍ജിക്ക് ഈ പദ്ധതി കാരണം വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനായുള്ള ഫണ്ടിലേക്ക് അടക്കേണ്ടി വരുന്ന തുക 227 കോടിയില്‍ നിന്ന് 2.27 കോടിയായി ചുരുങ്ങുമെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചെലവ് 56.75 കോടി രൂപയായി കണക്കാക്കണമെന്ന ആവശ്യം മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നതായും ഈ മാസം 13ന് ഇന്ത്യന്‍ എക്‌സപ്രസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

2025ല്‍ സമര്‍പ്പിച്ച പാരിസ്ഥിതിക അനുമതിക്കായുള്ള അപേക്ഷയില്‍ 5675 കോടിയാണ് അദാനി ഗ്രീന്‍ എനര്‍ജി പദ്ധതിച്ചെലവ് കാണിച്ചത്. തുടര്‍ന്ന് പദ്ധതിക്ക് അനുമതി ലഭിച്ച ശേഷം വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനായുള്ള ഫണ്ടിലേക്ക് പദ്ധതിച്ചെലവിന്റെ നാല് ശതമാനം വരുന്ന തുക അടക്കാന്‍ അദാനി ഗ്രൂപ്പിനോട് സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ആവശ്യപ്പെട്ടു. പിന്നീട് പദ്ധതിച്ചെലവ് 56.75 കോടിയായി കുറച്ച് കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷംസെപ്റ്റംബറില്‍ അദാനി ഗ്രീന്‍ എനര്‍ജി സംസ്ഥാന സര്‍ക്കാരിന് സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്യുകയുമായിരുന്നു.

5675 കോടിയാണ് പദ്ധതി ചെലവെങ്കില്‍ അതിന്റെ നാല് ശതമാനമായ 227 കോടിയാണ് ഇത്തരത്തില്‍ വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനായുള്ള ഫണ്ടിലേക്ക് നല്‍കേണ്ടി വരിക. എന്നാല്‍ പദ്ധതി ചെലവ് 56.75 കോടിയാക്കി കണക്കാക്കിയാല്‍ അതിനനുസരിച്ച് ഈ തുക 2.27 കോടിയായി കുറയും.ഈ ഇനത്തില് 224.73 കോടി ലാഭിക്കാനും അദാനി ഗ്രീന്‍ എനര്‍ജിക്ക് കഴിയും.

സഹ്യാദ്രി ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ കൊയ്‌ന വന്യജീവി സങ്കേതത്തിന്റെ ഭൂമിയിലാണ് അദാനി ഗ്രീന്‍ എനര്‍ജിയുടെ 1,500 മെഗാവാട്ട് ജലവൈദ്യുത പദ്ധതി വരുന്നത്. ഇതിനാലാണ് പദ്ധതി തുകയുടെ നാല് ശതമാനം വരുന്ന തുക വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനായുള്ള ഫണ്ടിലേക്ക് അദാനിയുടെ സ്ഥാപനം നല്‍കേണ്ടി വരുന്നത്.

പദ്ധതി ചെലവ് 56.75 കോടി രൂപയായി പുനര്‍നിശ്ചയിക്കാനുള്ള നിര്‍ദ്ദേശം മഹാരാഷ്ട്ര വനം വകുപ്പ് അടുത്തിടെ അംഗീകരിച്ചുവന്നെും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന്, സഹ്യാദ്രി ടൈഗര്‍ റിസര്‍വിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 56.75 കോടിയുടെ ഒരു ശതമാനമായ 56.75 ലക്ഷം രൂപ അദാനി സ്ഥാപനം അടച്ചു. ബാക്കി മൂന്ന് ശതമാനം തുക പദ്ധതിക്ക് നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫിന്റെ അനുമതി ലഭിച്ച ശേഷം നിക്ഷേപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കൊയ്‌ന വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണോ പരിസ്ഥിതി ലോല മേഖലയോ ആയി കണക്കാക്കപ്പെടുന്ന പ്രദേശത്ത് വരുന്ന 150.74 ഹെക്ടര്‍ വനേതര ഭൂമിയിലാണ് 1,500 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതി വരുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ എട്ടിനാണ് പദ്ധതിച്ചെലവ് 56.75 കോടി രൂപയായി പുതുക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര വനം വകുപ്പിന് അദാനി ഗ്രീന്‍ എനര്‍ജി സത്യവാങ്മൂലം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 11നായിരുന്നു പദ്ധതിച്ചെലവ് 5,675 കോടി രൂപയാണെന്ന് രേഖപ്പെടുത്തിയുള്ള പാരിസ്ഥിതിക അനുമതി അപേക്ഷ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് അദാനി ഗ്രീന്‍ എനര്‍ജി അയച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പരിസ്ഥിതി അനുമതി ലഭിച്ചതിന് ശേഷം, 2026 ഫെബ്രുവരി 23-ന് ചേര്‍ന്ന സ്റ്റേറ്റ് ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ് ഈ നിര്‍ദ്ദേശം പരിഗണിച്ചു. 15 നിബന്ധനകളും അന്ന് ബോര്‍ഡ് സ്ഥാപനത്തിന് മുന്നില്‍ വെച്ചിരുന്നു. അതിലൊന്നായിരുന്നു പദ്ധതി ചെലവിന്റെ നാല് ശതമാനം വരുന്ന തുക ടൈഗര്‍ റിസര്‍വിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നത്.

Content Highlight: 56.75 crore instead of 5,675 crore; order issued to immediately halt construction of Adani’s hydroelectric project

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more