| Monday, 4th August 2025, 5:44 pm

'തുകയുടെ വലുപ്പമല്ല, കൊടുക്കരുതെന്ന് പറഞ്ഞതാണ് പ്രശ്‌നം'; അടൂരിനെതിരെ ഒ.ആര്‍. കേളു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഫിലിം കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുമന്ത്രി ഒ.ആര്‍. കേളു. അടൂരിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമെന്നും പ്രസ്താവന തിരുത്തണമെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടന തന്നെ വിഭാവനം ചെയ്തിട്ടുള്ളത് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പിന്റെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികമാവുമായ വളര്‍ച്ചയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനെ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ദളിത് വിഭാഗങ്ങള്‍ക്ക് വേണ്ടി പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇനിയങ്ങോട്ടും ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഒ.ആര്‍. കേളു വ്യക്തമാക്കി. എല്ലാവരും ട്രെയിനിങ് കഴിഞ്ഞിട്ടില്ലലോ സിനിമയിലേക്കെത്തുന്നത്? ചില അഭിനേതാക്കള്‍ അഭിനയം പഠിച്ചതിന് ശേഷം സിനിമയിലെത്തുന്നുണ്ട്. എന്നുകരുതി എല്ലാവരും അങ്ങനെയല്ലല്ലോ എന്നും മന്ത്രി ചോദിച്ചു.

നിലവിലെ വിവാദത്തിന് കാരണമായിരിക്കുന്നത് എസ്.സി, എസ്.ടി വിഭാഗത്തിനുള്ള സഹായം വെട്ടിക്കുറക്കണമെന്ന അടൂരിന്റെ പ്രസ്താവനയാണ്. എന്നാല്‍ ഈ വിഭാഗങ്ങളെ ഉള്‍പ്പെടെ സിനിമാരംഗത്തേക്ക് അടക്കം ഉയര്‍ത്തിക്കൊണ്ടുവരാനല്ലേ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു.

നേരത്തെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു അടക്കമുള്ളവര്‍ അടൂരിന്റെ പ്രസ്താവനക്കെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.

പുതുമുഖങ്ങള്‍ക്ക് ഒന്നരകോടി നല്‍കുന്നത് സര്‍ക്കാര്‍ ഒരു നഷ്ടമായി കാണുന്നില്ലെന്നാണ് സജി ചെറിയാന്‍ മറുപടി നല്‍കിയത്. അടൂരിനെ ഇന്നലെ നടന്ന ഫിലിം കോണ്‍ക്ലേവിന്റെ സമാപന ചടങ്ങിന്റെ സദസിലുരുത്തികൊണ്ട് തന്നെയാണ് സജി ചെറിയാന്‍ പ്രതികരിച്ചത്.

‘വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികസനമുണ്ടാകണം. മനുഷ്യനാകണം,’ എന്നായിരുന്നു മന്ത്രി ആര്‍. ബിന്ദുവിന്റെ പ്രതികരണം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി പ്രതികരിച്ചത്.

ഇന്ന് രാവിലെ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഗായിക പുഷ്പവതി പൊയ്പ്പാടത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെയും മന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചു.

പുഷ്പവതി കേരളത്തിന്റെ അഭിമാനമായ ഗായികയാണെന്നും ആത്മബോധത്തിന്റെയും അവകാശബോധത്തിന്റെയും ഊര്‍ജം ഉള്‍ക്കൊണ്ട തന്റെ സര്‍ഗാവിഷ്‌കാരം നിര്‍വഹിക്കുന്ന വ്യക്തിയാണെന്നുമാണ് മന്ത്രി പ്രതികരിച്ചത്.

Content Highlight: O.R. Kelu against Adoor Gopalakrishnan

We use cookies to give you the best possible experience. Learn more