| Monday, 18th August 2025, 11:31 am

വോട്ട് ചോരി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിക്കെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വോട്ട് ചോരി ആരോപണത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് ചോരി വിഷയത്തില്‍ ഒരു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ പൂര്‍ണമായി തള്ളിക്കൊണ്ടുള്ള വാര്‍ത്താ സമ്മേളനമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നടത്തിയത്.

രാഹുല്‍ ഗാന്ധിയുടെ ആരോപണം അടിസ്ഥാന രഹിതവും ഭരണ ഘടനയെ അപമാനിക്കുന്നതുമാണെന്നും ഗ്യാനേഷ് പറഞ്ഞിരുന്നു.

രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായ അട്ടിമറി നടന്നതായുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകള്‍ വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കണ്ടത്.

ഒന്നുകില്‍ രാഹുല്‍ ഗാന്ധി തന്റെ ആരോപണങ്ങള്‍ തെളിയിക്കുന്ന ഒപ്പിട്ട സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ രാജ്യത്തോട് മാപ്പ് പറയണമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും നിഷ്പക്ഷമായാണ് പ്രവര്‍ത്തനമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞിരുന്നു.

ഇരട്ടവോട്ട് ആരോപണം ഉന്നയിച്ചവരോട് തെളിവ് ചോദിച്ചു. എന്നാല്‍ അവര്‍ അതിനുള്ള മറുപടി നല്‍കിയില്ല. തെരഞ്ഞെടുപ്പ് കമ്മിഷനോ വോട്ടര്‍മാരോ അത്തരം ആരോപണങ്ങളെ ഭയക്കുന്നില്ലെന്നുമായിരുന്നു ഗ്യാനേഷ് കുമാര്‍ പറഞ്ഞത്.

രാഹുല്‍ ഗാന്ധി വോട്ട് ചോരി ആരോപണമുന്നയിച്ച് പ്രചാരണം കടുപ്പിച്ചതിന് പിന്നാലെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന് വാര്‍ത്താ സമ്മേളനം വിളിക്കേണ്ടി വന്നത്.

രാജ്യത്തെ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ വോട്ടുചോര്‍ച്ചാ തെളിവുകള്‍ പുറത്തുവിട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്തുകൊണ്ട് മൗനം തുടരുന്നു എന്ന ചോദ്യം പ്രതിപക്ഷം നിരന്തരം ആവര്‍ത്തിച്ചിരുന്നു.

ബി.ജെ.പിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും വോട്ടുമോഷണം നടത്തി എന്നുമായിരുന്നു രാഹുല്‍ ഗാന്ധി ആരോപിച്ചത്.

കര്‍ണാടകയിലെ ഒരു മണ്ഡലത്തില്‍ മാത്രം വന്‍ അട്ടിമറി നടന്നു. മഹാരാഷ്ട്രയില്‍ അസാധാരണ പോളിങ് നടന്നു. 5 മണി കഴിഞ്ഞ് വോട്ടിങ് ശതമാനം കുതിച്ചുയര്‍ന്നു. 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ എത്തി. വീട്ടുനമ്പര്‍ 0 എന്ന വിലാസത്തിലും ഒട്ടേറെ പേര്‍ വന്നു.

25 സീറ്റുകളില്‍ ബി.ജെ.പി ജയിച്ചത് 33000ല്‍ താഴെ വോട്ടുകള്‍ക്കാണ്. അധികാരം ഉറപ്പാക്കിയത് 25 സീറ്റുകളിലെ അട്ടിമറിയിലൂടെയാണ്. സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ നയം മാറ്റിയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ തിരുത്തുന്നതിന് യഥാസമയങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അവസരം നല്‍കിയിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചത്.

കരടുപട്ടികയിറക്കുമ്പോഴും അന്തിമപട്ടിക വരുമ്പോഴും തെറ്റുകള്‍ പരിശോധിക്കാന്‍ പാര്‍ട്ടികള്‍ക്ക് അവസരം നല്‍കാറുണ്ട്.

യഥാവിധി ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍, തെറ്റുകളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തിരുത്താന്‍ കഴിയുമായിരുന്നെന്നും കമ്മിഷന്‍ ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.

അതേസമയം ബിഹാര്‍ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ വോട്ട് അധികാര്‍ യാത്രയ്ക്ക് രാഹുല്‍ ഗാന്ധി ഇന്നലെ തുടക്കം കുറിച്ചിട്ടുണ്ട്.

Content Highlight: Opposition to bring impeachment notice against poll panel chief amid ‘vote fraud’ row

We use cookies to give you the best possible experience. Learn more