| Wednesday, 6th August 2025, 10:13 am

മുന്‍ ബി.ജെ.പി വക്താവിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ; വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി നേതാവും പാര്‍ട്ടിയുടെ മുന്‍ വക്താവുമായിരുന്ന ആരതി സത്തേയെ മുംബൈ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള സുപ്രീം കോടതി കൊളിജീയത്തിന്റെ ശുപാര്‍ശ വിവാദത്തില്‍.

ജൂലൈ 28 നാണ് കൊളീജിയം ആരതിയുള്‍പ്പെടെ മൂന്ന് പേരുകള്‍ സ്ഥാനക്കയറ്റത്തിന് ശുപാര്‍ശ ചെയ്തത്. ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ബി.ജെ.പി അനുഭാവിയും വക്താവുമായിരുന്ന ആരതിയെ ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്ത സുപ്രീം കോടതി കൊളീജിയത്തിന്റെ നടപടിക്കെതിരെ പ്രതിപക്ഷം വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.

എന്നാല്‍ ഹൈക്കോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്യുന്നതിന് മുമ്പ് ആരതി പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വാദം.

2023 നും 2024 നും ഇടയില്‍ ബി.ജെ.പി വക്താവായിരുന്ന വ്യക്തിയാണ് ആരതിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

‘ഈ നടപടി ലജ്ജയില്ലായ്മയാണ്. ബി.ജെ.പി വക്താക്കളെ ജഡ്ജിമാരായി തെരഞ്ഞെടുക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ജനാധിപത്യത്തെ ക്രൂരമായി പരിഹസിക്കുകയാണ് ബി.ജെ.പി. ഇപ്പോള്‍ അത് പരസ്യമായി അവര്‍ ചെയ്തുതുടങ്ങിയിരിക്കുന്നു,’ മഹാരാഷ്ട്ര കോണ്‍ഗ്രസ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ബി.ജെ.പി വക്താവായി സ്ഥാനമേറ്റ സമയത്തുള്ള ആരതിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടിന്റെ ഒരു സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത് ഒരു കൂപ്പുകൈ ഇമോജി പങ്കുവെച്ചുകൊണ്ടാണ് എന്‍.സി.പി ശരദ് പവാര്‍ വിഭാഗം നേതാവായ രോഹിത് പവാര്‍ എക്‌സിലൂടെ തന്റെ വിമര്‍ശനം അറിയിച്ചത്.

‘പൊതുവേദിയില്‍ ഭരണകക്ഷിക്കുവേണ്ടി വാദിക്കുന്ന ഒരാളെ ജഡ്ജിയായി നിയമിക്കുന്നത് ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരമാണ്. ഇത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തികളെ ജഡ്ജിമാരായി നിയമിക്കുന്നു. ഇത് ജുഡീഷ്യറിയെ രാഷ്ട്രീയ മേഖലയാക്കി മാറ്റുന്നതിന് തുല്യമല്ലേ?

ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ഒരാള്‍ക്ക് രാഷ്ട്രീയ പശ്ചാത്തലമുണ്ടെങ്കില്‍, അവര്‍ ഭരണകക്ഷിയില്‍ ഒരു സ്ഥാനം വഹിച്ചിട്ടുണ്ടെങ്കില്‍, അവരുടെ വിധി ന്യായങ്ങളില്‍ രാഷ്ട്രീയം കടന്ന് വരില്ലെന്ന് ആര്‍ക്കാണ് ഉറപ്പ് നല്‍കാന്‍ കഴിയുക? നീതി നടപ്പാക്കപ്പെടുമെന്ന് എങ്ങനെയാണ് ഉറപ്പിക്കുക, ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതല്ലേ?’ അദ്ദേഹം ചോദിച്ചു.

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്നും 2024 ജനുവരി 6 ന് ആരതി ബി.ജെ.പി വക്താവ് സ്ഥാനത്ത് നിന്ന് രാജിവെച്ചിട്ടുണ്ടെന്നുമായിരുന്നു മഹാരാഷ്ട്ര ബി.ജെ.പിയുടെ പ്രതികരണം.

അന്നത്തെ സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെയ്ക്കും മുംബൈ ബി.ജെ.പി പ്രസിഡന്റ് ആശിഷ് ഷേലാറിനും ആരതി രാജികത്ത് സമര്‍പ്പിച്ചിരുന്നെന്നും ബി.ജെ.പി നേതാവ് നവ്നാഥ് ബാന്‍ പറഞ്ഞു.

ബി.ജെ.പി മുംബൈ വക്താവ്, ബി.ജെ.പി മുംബൈ ലീഗല്‍ സെല്‍ മേധാവി, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം എന്നീ പദവികളില്‍ നിന്ന് രാജിവെച്ചുകൊണ്ട് ആരതി സമര്‍പ്പിച്ച രാജിക്കത്തിന്റെ പകര്‍പ്പും അദ്ദേഹം പങ്കുവെച്ചു. വ്യക്തിപരവും തൊഴില്‍പരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് കത്തില്‍ ആരതി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയമാണ് ആരതി ഉള്‍പ്പെടെ മൂന്ന് പേരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തത്.

Content Highlight: Opposition questions Aarti Sathe’s nomination to bench citing political past

We use cookies to give you the best possible experience. Learn more