തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിന് നേതൃത്വം വഹിച്ച സോഫിയ ഖുറേഷിക്കെതിരായ ബി.ജെ.പി മന്ത്രിയുടെ വിദ്വേഷപരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ എം.പിമാര്‍.
സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കുര്‍വാര്‍ വിജയ് ഷായെ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ മന്ത്രിസ്ഥാനത്ത് നിന്ന് ബി.ജെ.പി പുറത്താക്കണെമെന്ന് സി.പി.ഐ.എം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
മന്ത്രിയുടെ പ്രതികരണം അത്യന്തം വിഷലിപ്തമാണെന്നും ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ഗ്രസിച്ചിരിക്കുന്ന മനോരോഗത്തിന്റെ പ്രത്യക്ഷ ഭാവമാണ് വിജയ് ഷായിലൂടെ കണ്ടതെന്നും ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു എം.പിയുടെ പ്രതികരണം.
‘സോഫിയ ഖുറേഷി എന്ന ഭീകരരുടെ സഹോദരിയെ വെച്ച് തന്നെ ഞങ്ങള്‍ ഭീകരര്‍ക്ക് മറുപടി കൊടുത്തു’ എന്ന് വിജയ് ഷാ പറയുമ്പോള്‍ ചുറ്റുമുണ്ടായിരുന്നവര്‍ ആര്‍ത്തുവിളിക്കുകയും കൈയടിക്കുകയുമാണ് ചെയ്തതെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ബി.ജെ.പി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വിഷത്തിന്റെ ഒരു ദൃഷ്ടാന്തമായിട്ട് വേണം ഇതിനെ കാണാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയ് ഷായ്‌ക്കെതിരെ കേസെടുക്കണം. സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. വിജയ് ഷായുടെ സ്ഥാനത്ത് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ഒരാളാണ് ഈ പ്രസ്താവന നടത്തിയതെങ്കില്‍ യു.എ.പി.എ ചുമത്തി അദ്ദേഹത്തെ ജയിലില്‍ ഇടില്ലായിരുന്നോയെന്നും സി.പി.ഐ.എം എം.പി ചോദിച്ചു.
എന്തുകൊണ്ട് ഒരു കേസ് പോലും എടുക്കുന്നില്ലെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. വിക്രം മിസ്രിയെന്ന ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിക്കെതിരെ സംഘടിതമായ സൈബര്‍ ആക്രമണം ഉണ്ടായിട്ടും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പോലും ഒരു വാക്ക് മിണ്ടിയില്ലെന്നും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു.
പഹല്‍ഗാമിലെ ആക്രമണത്തില്‍ വിധവകളാക്കപ്പെട്ട രണ്ട് സ്ത്രീകളുടെ മതമൈത്രിക്കുള്ള ആഹ്വാനത്തെ തുടര്‍ന്നുണ്ടായ സൈബര്‍ ആക്രമണം മറ്റൊരു ഉദാഹരണമാണെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ലോക്‌സഭാ എം.പിയും കോണ്‍ഗ്രസ് നേതാവായ ഷാഫി പറമ്പിലും ബി.ജെ.പി മന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തിലൂടെ ബി.ജെ.പി അവരുടെ തനിനിറം കാണിക്കുകയാണെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തീവ്രവാദത്തെ തോല്‍പ്പിക്കാന്‍ നമ്മള്‍, രാജ്യം ഒറ്റക്കെട്ടായാണ് ശ്രമിച്ചത്. ആളുകളെ കൊല്ലാന്‍ വേണ്ടി മാത്രമല്ല, രാജ്യത്തെ ഐക്യം കൂടി ഇല്ലാതാക്കാനാണ് ഭീകരര്‍ ശ്രമിച്ചത്. എന്നാല്‍ അതിനെ ധീരമായി ചെറുത്ത, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും ധീരമായി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച സോഫിയ ഖുറേഷിയെയും അവരുടെ കുടുംബത്തെയും അപമാനിച്ച വിജയ് ഷാ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
അതേസമയം സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം വിവാദമായതോടെ വിജയ് ഷായ്ക്ക് ബി.ജെ.പി നോട്ടീസ് നല്‍കി. വിശദീകരണം തേടിക്കൊണ്ടാണ് നോട്ടീസ്. പരാമശത്തിൽ രൂക്ഷവിമർശനം ഉയർന്നതിന് പിന്നാലെ ബി.ജെ.പി മന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlight: Opposition MPs react to BJP minister’s hate speech against Sophia Qureshi