ന്യൂദല്‍ഹി: 2000 രൂപയുടെ മുകളിലുള്ള വാണിജ്യ യു.പി.ഐ പേയ്മെന്റുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ എം.പിമാര്‍. ഈ നീക്കം ജനവിരുദ്ധമാണെന്ന് പാര്‍ലമെന്ററി സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ചില എം.പിമാര്‍ യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും സമിതിയുടെ അടുത്ത യോഗത്തില്‍ ഇത് പരിഗണിച്ചേക്കാമെന്നും പാര്‍ലമെന്ററി ധനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഭര്‍തൃഹരി മഹതാബ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്നതാണ് ഈ നീക്കമെന്നും പ്രതിപക്ഷ എം.പിമാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
വ്യാപാരികളുമായുള്ള 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ വഴി ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുമെന്ന് സമിതി അംഗമായ ആര്‍.എസ്.പി എം.പി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. ഇത് തികച്ചും ജനവിരുദ്ധ തീരുമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദിവസവും ഇത്തരം ലക്ഷക്കണക്കിന് ഇടപാടുകള്‍ നടക്കുന്നുണ്ട്. ഫീസ് ഈടാക്കാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
യു.പി.ഐ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ പോകുന്നതിനെക്കുറിച്ച് രാജ്യത്താകെ ആശങ്കയും രോഷവുമുണ്ടെന്ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ അസ്വസ്ഥമാക്കുന്ന കാര്യങ്ങള്‍ പാര്‍ലമെന്ററി സമിതിയുടെ നടപടികളിലും പ്രതിഫലിക്കുകയും ചര്‍ച്ചയാവുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിഷ്‌കരിച്ച ‘മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ (എം.ഡി.ആര്‍) ചട്ടക്കൂട് പ്രകാരമാണ് 2000 രൂപക്ക് മുകളിലുള്ള വാണിജ്യ യു.പി.ഐ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുക.ഒക്ടോബര്‍ 15 മുതല്‍ പുതിയ ചട്ടക്കൂട് നടപ്പാക്കാനാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. ഇത് പ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള ചില യു.പി.ഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം വരെ ഇന്റര്‍ചേഞ്ച് ചാര്‍ജ് ഈടാക്കും. ഈ ഫീസ് വ്യാപാരികളാണ് വഹിക്കേണ്ടതെന്നും ഉപഭോക്താക്കളില്‍ നിന്ന് ഇത് ഈടാക്കില്ലെന്നും എന്‍.സി.പി.ഐ അറിയിച്ചു.
കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും നേരത്തെ ഈ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. സമൂഹ മാധ്യമ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ചില യു.പി.ഐ ഇടപാടുകള്‍ക്കുള്ള സീറോ എം.ഡി.ആര്‍ സംവിധാനം അവസാനിപ്പിച്ചതിലൂടെ മോദി സര്‍ക്കാര്‍ യു.എസ് സമ്മര്‍ദത്തിന് വഴങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനവുമായി മത്സരിക്കാന്‍ യു.എസ് കാര്‍ഡ് കമ്പനികളെ സഹായിക്കുകയാണോ ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചോദിച്ചു.
ഡെബിറ്റ് കാര്‍ഡുകളുടെ എം.ഡി.ആര്‍ 0.4 ശതമാനമായതിനാലാണോ ഇപ്പോള്‍ യു.പി.ഐ എം.ഡി.ആര്‍ 0.4 ശതമാനമാക്കിയതെന്നും ജയറാം രമേശ് ചോദിച്ചു. ‘എന്തുകൊണ്ടാണ് യു.പി.ഐ ഇടപാടിന് 0.4 ശതമാനം എം.ഡി.ആര്‍ നിശ്ചയിച്ചിരിക്കുന്നത്. ഡെബിറ്റ് കാര്‍ഡ് എം.ഡി.ആറും 0.4 ശതമാനം ആയതുകൊണ്ടാണോ ഇത്? യു.എസ് കാര്‍ഡ് കമ്പനികള്‍ക്ക് യു.പി.ഐയുമായി മത്സരിക്കാന്‍ അവസരമൊരുക്കാനാണോ ഇങ്ങനെയൊരു നീക്കം?,’ ജയറാം രമേശ് എക്സ് പോസ്റ്റില്‍ കുറിച്ചു.
Content Highlight: Opposition MPs call Centre’s decision to levy fee on UPI payments above Rs 2000 to merchants as ‘anti-people’