ന്യൂദല്‍ഹി: തെരഞ്ഞെടുപ്പു കമ്മീഷനും എസ്.ഐ.ആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു നിഷേധിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍. ഇക്കാര്യത്തില്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയതായും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്.ഐ.ആര്‍ പ്രക്രിയ കൈകാര്യം ചെയ്യുന്നതിലെ ക്രമക്കേടുകളെക്കുറിച്ചും വോട്ട് മോഷണത്തെക്കുറിച്ചും പ്രതിപക്ഷ എം.പിമാര്‍ ഉന്നയിച്ച വാദങ്ങള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു നിഷേധിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങള്‍ രാഷ്ട്രപതിക്ക് ഒരു നിവേദനം നല്‍കി. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന് ഞങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രപതി ഒട്ടും നിഷേധിച്ചില്ല,’ രാഹുല്‍ പറഞ്ഞു.
ഇന്ത്യ സഖ്യത്തിലെ 10 നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്. രാഷ്ട്രപതി ഭവനിലെത്തിയായിരുന്നു കൂടിക്കാഴ്ച.
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, തൃണമൂല്‍ നേതാവ് മമത ബാനര്‍ജി, എന്‍.സി.പി നേതാവ് സുപ്രിയ സുലേ, ആര്‍.ജെ.ഡി എം.പി മനോജ് ഝാ, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള, വി.സി.കെ നേതാവ് തോള്‍ തിരുമാവളവന്‍ എന്നിവരായിരുന്നു രാഷ്ട്രപതിയെ കണ്ടത്.
തങ്ങളോട് തെളിവുകള്‍ ഹാജരാക്കാന്‍ രാഷ്ട്രപതി ആവശ്യപ്പെട്ടെന്നും രാഹുല്‍ പറഞ്ഞു. ‘ഞങ്ങള്‍ പറഞ്ഞ കാര്യങ്ങളെ അവര്‍ ചോദ്യം ചെയ്തില്ല. അതിനെതിരെ വാദിച്ചതുമില്ല. അവര്‍ ഞങ്ങളുടെ പ്രസ്താവന സ്വീകരിക്കുകയും, തുടര്‍ന്ന് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു,’ രാഹുല്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
‘വോട്ട് ചോര്‍ച്ചയുടെ തെളിവ് രാജ്യം മുഴുവന്‍ അറിയുന്നതാണെന്ന് ഞാന്‍ പറഞ്ഞു. ഓരോ സംസ്ഥാനമായി തട്ടിയെടുക്കപ്പെട്ടു. 24 തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെട്ടു. എന്നിട്ടും രാഷ്ട്രപതിക്ക് തെളിവ് വേണം. അവര്‍ സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍ അതേ ആളുകള്‍ തന്നെ തെളിവ് നല്‍കും.’ രാഹുല്‍ പറഞ്ഞു.
‘വോട്ട് ചോര്‍ച്ച നടക്കുന്നുണ്ടെന്ന കാര്യം ഇന്ത്യയുടെ രാഷ്ട്രപതി നിഷേധിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. ഇന്ത്യയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളാണ് നടക്കുന്നതെന്ന് രാഷ്ട്രപതി പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം നടത്താമെന്ന് രാഷ്ട്രപതി ഉറപ്പുനല്‍കിയതായി മമത ബാനര്‍ജി പറഞ്ഞു. ഒപ്പം തെളിവുകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ ഒരു നിവേദനം സമര്‍പ്പിച്ചു. അവരുടെ സമീപനം വളരെ അനുകൂലമായിരുന്നു. അന്വേഷണം നടത്താമെന്നും വിശദാംശങ്ങള്‍ പരിശോധിക്കാമെന്നും അവര്‍ പറഞ്ഞു. അതിനായി തെളിവുകള്‍ ആവശ്യമാണ്. തെളിവുകള്‍ അയച്ചുതരാന്‍ അവര്‍ ഞങ്ങളോട് നിര്‍ദേശിച്ചു,’ മമത പറഞ്ഞു.
‘രാജ്യം വലിയ ആശങ്കയിലാണ്. ഭരണഘടനയുടെ സംരക്ഷക എന്ന നിലയില്‍, ജനാധിപത്യം നിലനിര്‍ത്താന്‍ താങ്കള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണം,’ എന്ന് രാഷ്ട്രപതിയോട് പറഞ്ഞതായും മമത വ്യക്തമാക്കി.
നിവേദനത്തിലെ വിവരങ്ങള്‍ പിന്നീട് ലഭ്യമാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വോട്ട് ചോര്‍ച്ചയെക്കുറിച്ചും ഗ്യാനേഷ് കുമാര്‍ വരുത്തിയ ഗുരുതരമായ പിഴവുകളെക്കുറിച്ചുമുള്ള ആശങ്കകളും തങ്ങള്‍ രാഷ്ട്രപതിക്ക് മുന്നില്‍ അവതരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകുന്നേരം, ഇന്ത്യ സഖ്യത്തിലെ എം.പിമാര്‍ ദല്‍ഹി സംവിധാന്‍ സദന്റെ സെന്‍ട്രല്‍ ഹാളില്‍ ഒത്തുചേര്‍ന്നിരുന്നു. തങ്ങളുടെ പ്രതിഷേധ പരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്ത്രങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
ഇതിന് ശേഷം പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പൊലീസ് തടയുകയും പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി ഭവന് സമീപം കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് എം.പിമാരായ പ്രിയങ്ക ഗാന്ധി വദ്ര, കെ.സി. വേണുഗോപാല്‍, ഗൗരവ് ഗൊഗോയ്, ലീഗ് എം.പി. ഇ.ടി. മുഹമ്മദ് ബഷീര്‍, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര അടക്കമുള്ള ഇന്ത്യ മുന്നണി നേതാക്കള്‍ പങ്കെടുത്തു.
Content Highlight: Opposition leaders Met President of India in Gyanesh and SIR Issue