| Tuesday, 6th October 2026, 1:58 pm

ഗ്യാനേഷിന്റെ രാജിക്കായുള്ള പ്രതിഷേധം: കസ്റ്റഡി നീക്കം മറികടന്ന് പ്രതിപക്ഷ നേതാക്കള്‍; ബാരിക്കേഡിന് മുകളില്‍ കയറി രാഹുല്‍

റെന്വര്‍ പി

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ദല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തിനിടെ തങ്ങളെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കത്തെ മറികടന്ന് പ്രതിപക്ഷ നേതാക്കള്‍. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് നീക്കം നടത്തിയത്. ഗ്യാനേഷ് കുമാറിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പൊലീസ് ഇവരെ തടയുകയും ചെയ്തിരുന്നു.

സമരത്തിനിടെ പ്രതിപക്ഷ എം.പിമാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു. പൊലീസുമായി ഉന്തും തള്ളുമുണ്ടായതിനെത്തുടര്‍ന്ന് എം.പിമാരെയും നേതാക്കളെയും സ്ഥലത്തുനിന്ന് നീക്കം ചെയ്യുകയും ബസില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസിന്റെ കണ്ണുവെട്ടിച്ചും പ്രതിഷേധക്കാരുടെ സഹായത്താലും പൊലീസ് കസ്റ്റഡിയില്‍ നിന്ന് പുറത്ത് കടക്കാന്‍ നേതാക്കള്‍ക്ക് സാധിച്ചു.

ആകാശവാണി ഓഫീസ് പരിസരത്ത് വെച്ചാണ് പൊലീസ് ഇവരെ തടഞ്ഞത്. തുടര്‍ന്ന് ആകാശവാസി ഓഫീസിനുള്ളില്‍ പ്രവേശിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുകയായിരുന്നു. പൊലീസ് ബാരിക്കേഡുകള്‍ വച്ച് തടഞ്ഞെങ്കിലും രാഹുല്‍ അടക്കമുള്ള എം.പിമാര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധം തുടര്‍ന്നു. ദേശീയ പതാക വീശിക്കൊണ്ടായിരുന്നു അദ്ദേഹം പ്രതിഷേധിച്ചത്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാന്‍, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയവരും ഇടത് പാര്‍ട്ടി നേതാക്കളും അടക്കം 150ഓളം എം.പിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇന്ത്യ മുന്നണിക്ക് പുറത്തുള്ള ഡി.എം.കെയുടെ നേതാക്കളും പ്രതിഷേധത്തില്‍ പങ്കാളികളായി.

കേരളത്തില്‍ നിന്നുള്ള ഇടത് എം.പി ജോണ്‍ ബ്രിട്ടാസ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമം നടത്തിയതായാണ് വിവരം. കെ.സി വേണുഗോപാലും പൊലീസുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. തങ്ങളെ ടെററിസ്റ്റുകളെ കൈകാര്യം ചെയ്യുന്നത് പോലെയാണ കൈകാര്യം ചെയ്യുന്നതെന്ന് എം.പി ജെബി മേത്തര്‍ മാധ്യമങ്ങളോട് പറഞ്ഞു,

പാര്‍ലമെന്റിലെ മകര്‍ ദ്വാറില്‍ നിന്നാണ് ഗ്യാനേഷിന്റെ വസതിയിലേക്ക് പ്രതിപക്ഷത്തിന്റെ മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് കടന്നുപോകുന്ന വഴിയില്‍ വലിയ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. അര്‍ദ്ധസൈനിക വിഭാഗത്തിന്റെ അഞ്ച് കമ്പനികളിലധികം ഉദ്യോഗസ്ഥരെയും ഈ പ്രദേശത്ത് വിന്യസിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന കവാടത്തിന് പുറത്തും ജന്തര്‍ മന്തറിന് ചുറ്റും മള്‍ട്ടി ലെവല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ന്യൂദല്‍ഹിയില്‍ നിരോധനാജ്ഞ (സെക്ഷന്‍ 163) നിലവിലുണ്ടെന്നും കൂട്ടംകൂടാന്‍ അനുവാദമില്ലെന്നും പൊലീസ് പ്രഖ്യാപിച്ചിരുന്നു.

മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. അര്‍ദ്ധസൈനിക വിഭാഗം, ന്യൂദല്‍ഹി ജില്ലയിലെ എട്ട് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പ്രാദേശിക പൊലീസ്, ദല്‍ഹി പൊലീസ് റിസര്‍വ് ബറ്റാലിയന്‍ എന്നിവരെ സമരം തടയാനായി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്.ഐ.ആര്‍ പിന്‍വലിക്കലും അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി ന്യൂദല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങള്‍ക്കെതിരെ പൊലീസ് ഒമ്പത് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിരോധനാജ്ഞ ലംഘനം, കലാപം, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍. ഈ കേസുകളില്‍ പതിനെട്ട് പേരെ അറസ്റ്റ് ചെയ്യുകയും, മുന്നൂറിലധികം പേരെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Content Highlight: Opposition leaders like Rahul Gandhi and Priyanka’s sit-in at Akashavani office in face-off with cops

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more