തിരുവനന്തപുരം: എന്‍.എസ്.എസുമായോ എസ്.എന്‍.ഡി.പിയുമായോ കോണ്‍ഗ്രസിന് തര്‍ക്കമില്ലെന്നും ഐ.എന്‍.എല്ലിനെ കക്ഷത്ത് വെച്ച് നടക്കുന്ന എം.വി ഗോവിന്ദന്‍ തങ്ങളെ മതേതരത്വം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ലീഗ് മതേതര പാര്‍ട്ടിയാണെന്ന് പറഞ്ഞ് അവര്‍ക്ക് പിന്നാലെ നടന്ന സി.പി.ഐ.എം ഇപ്പോള്‍ ലീഗിന്റെ മതേതര നിലപാടിന് എതിരെ നിന്ന ഐ.എന്‍.എല്ലിനെ കക്ഷത്ത് വെച്ച് നടക്കുകയാണെന്നായിരുന്നു വി.ഡി സതീശന്‍ പറഞ്ഞത്.
‘സി.പി.ഐ.എം ലീഗിന്റെ പിന്നാലെ എത്ര തവണ നടന്നു. ലീഗ് മതേതര പാര്‍ട്ടി ആണെന്ന് എത്ര തവണ പറഞ്ഞു. ലീഗിന്റെ മതേതര നിലപാടിന് എതിരായി നിന്നവരാണ് ഐ.എന്‍.എല്‍. ഐ.എന്‍.എല്ലിനെ കക്ഷത്ത് വച്ചിട്ടാണ് ഗോവിന്ദന്‍ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നത്. അവര്‍ വേറെ പണി നോക്കിയാല്‍ മതി’,സതീശന്‍ പറഞ്ഞു.
ബി.ജെ.പിക്കും വര്‍ഗീയ ശക്തികള്‍ക്കും ഇടം നല്‍കുകയാണ് സി.പി.ഐ.എമ്മെന്നും കപട ഭക്തി പരിവേഷകരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുമെന്നും സതീശന്‍ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സി.പി.ഐ.എം ഭൂരിപക്ഷ പ്രീണനമാണ് നടത്തുന്നത്. എന്‍.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകള്‍ക്ക് എന്ത് നിലപാട് വേണമെങ്കിലും സ്വീകരിക്കാമെന്നും അതില്‍ യു.ഡി.എഫിന് പരിഭവമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
എന്‍.എസ്.എസുമായോ എസ്.എന്‍.ഡി.പിയുമായോ കോണ്‍ഗ്രസിന് ഒരു തര്‍ക്കവുമില്ലെന്നും ഒരു വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് തങ്ങള്‍ അവരുമായി വഴക്കിടേണ്ട കാര്യമില്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതക്ക് എതിരായ നിലപാട് എല്ലാകാലത്തും എടുത്തിട്ടുള്ള ആളാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് എല്ലാ സാമുദായിക സംഘടനകളുമായും നല്ല ബന്ധത്തിലാണെന്നും തങ്ങള്‍ ഒരേ സമയത്ത് ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content highlight: Opposition leader VD Satheesan said that the INL stood against the secular stance of the Muslim League