| Sunday, 2nd November 2025, 10:26 am

ഓരോ മണിക്കൂറിലും അഞ്ചിലധികം വീടുകള്‍ സര്‍ക്കാര്‍ വെച്ചുനല്‍കി; 4,60,000 എന്ന് പരിഹാസപൂർവം പറയാനുള്ളതല്ല; പ്രതിപക്ഷ നേതാവിന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പത്ത് വര്‍ഷം കൊണ്ട് വെറും നാലരലക്ഷം വീടുകളാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയതെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസം നിറഞ്ഞ പ്രസ്താവനയില്‍ സോഷ്യല്‍ മീഡിയയില്‍ വിര്‍ശനം.

4,60,000 എന്നത് ഒരു ചെറിയ സംഖ്യയല്ലെന്നും ഒരു വീട്ടില്‍ നാല് പേര്‍ എന്ന നിലയില്‍ പരിഗണിച്ചാല്‍ തന്നെ 18,40,000 പേര്‍ക്ക് വീട് നല്‍കിയതിനെ എങ്ങനെ പുച്ഛിക്കാന്‍ സാധിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

സതീശന്‍ പറഞ്ഞ കണക്ക് വസ്തുതയായി പരിഗണിച്ചാല്‍ ഇതുവരെ ഒരു ദിവസം 130ലധികം വീടുകള്‍, അഥവാ ഒരു മണിക്കൂറില്‍ അഞ്ചിലധികം വീടുകള്‍ സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

അധിക്ഷേപമായോ പരിഹാസമായോ പോലും ആരും പറയാന്‍ മടിക്കുന്ന കണക്കുകളാണിതെന്നും സ്വന്തം പാര്‍ട്ടിയും അവരുടെ യുവജന സംഘടനയും പ്രഖ്യാപിച്ച നൂറും ആയിരവും വീടുകള്‍ പൂര്‍ത്തിയാവാതെ, പിരിച്ച ഫണ്ടിന്റെ പേരില്‍ പരസ്പരം തല്ലുകൂടുന്ന സമയത്ത് പ്രതിപക്ഷ നേതാവ് ഇങ്ങനെ സംസാരിക്കുന്നത് തികഞ്ഞ അശ്ലീലമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

വി.ഡി. സതീശന് ഇത്തരത്തില്‍ എന്തും സംസാരിക്കുന്ന ഒരു സാഹചര്യം നിലവില്‍ കേരളത്തിലുണ്ടെന്നും ഇടതുപക്ഷത്തിനെതിരെയും കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെയുമാണെങ്കില്‍ എന്ത് ചവറിനെയും ലെജിറ്റമൈസ് ചെയ്യാനുള്ള ഒരു ‘കണ്‍സോഷ്യം’ തന്നെ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുണ്ട്.

കേരളത്തിനെ കുറിച്ച് എന്തേലും നല്ലത് പുറത്ത് കേട്ടാല്‍ വീണ്ടും ‘വിജയന്’ ഭരണം കിട്ടിയാലോ എന്നതിനപ്പുറമൊന്നും ചിന്തിക്കാന്‍ പാങ്ങില്ലാത്ത ഈ കണ്‍സോഷ്യം വാഴുന്ന ഈ നാട്ടില്‍, അവരുടെ കുത്തിത്തിരുപ്പുകള്‍ക്ക് ഇടയില്‍ നിന്ന് കൊണ്ട് ഇത്രയും നേട്ടങ്ങള്‍ സാധ്യമാക്കുന്ന ഇടത് മുന്നണി സര്‍ക്കാരിനും അതിനെ നയിക്കുന്ന പാര്‍ട്ടിയും സത്യത്തില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടേണ്ടതാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

കഴിഞ്ഞ ദിവസം കേരളം അതിദാരിദ്ര്യ മുക്തമായെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെയും സതീശന്‍ രംഗത്തുവന്നിരുന്നു. ഈ പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്നും പച്ച നുണകളുടെ കൂമ്പാരമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്നത് വഴി പല പദ്ധതികളില്‍ നിന്നും കേരളം പുറത്താകുമെന്നും സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ തലേ ആഴ്ച നടത്തുന്ന പ്രഖ്യാപനം ജനങ്ങളെ വിഡ്ഢികളാക്കാന്‍ നടത്തുന്ന പ്രൊപ്പഗണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രഖ്യാപനം തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്‌കരിച്ചു. മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

Content highlight: Opposition leader V.D. Satheesan’s statement that the government has built only 4.6 lakh houses in ten years has caused a stir on social media.

We use cookies to give you the best possible experience. Learn more