| Wednesday, 17th September 2025, 2:35 pm

അമീബിക് മസ്തിഷ്‌കജ്വരം: ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുന്നു, പറ്റുന്നില്ലെങ്കില്‍ കേന്ദ്രസഹായം തേടണം: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ആളുകള്‍ മരണപ്പെടുന്നതില്‍ ആരോഗ്യവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭാ സമ്മേളനത്തിലെ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗം സംബന്ധിച്ച് ഒരു മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ആവശ്യമെങ്കില്‍ കേന്ദ്ര സഹായം തേടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

‘2023ല്‍ എട്ട് കേസുകളാണ്. 2024ല്‍ 80 രോഗികളാണ്. അപ്പോള്‍ ഇത് എങ്ങനെയാണ് വരുന്നത്? ഇതിന്റെ കാരണങ്ങളെന്താണ്? ഇതിന്റെ ലക്ഷണങ്ങളെന്താണ്? എന്തുകൊണ്ടാണ് ഇത് വരുന്നത്? എന്ത് കരുതല്‍ നടപടികളാണ് സ്വീകരിക്കേണ്ടത്? എന്ത് ചികിത്സാ പ്രോട്ടോകോളാണ് പാലിക്കേണ്ടത്?

ഞാന്‍ ആ വാക്ക് അടിവരയിട്ടുപറയട്ട, ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. ഒരു ചികിത്സാ പ്രോട്ടോകോള്‍ പുറപ്പെടുവിച്ചിട്ടില്ല. ഒരു ഡയറക്ഷന്‍ കൊടുത്തിട്ടില്ല.

ഇതൊരു പകര്‍ച്ചവ്യാധിയാണെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ അതൊരു രോഗമാണ്. ആ രോഗം വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതല്ലേ. ആ അവബോധത്തിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നൊരു ഡയറക്ഷന്‍ താഴേക്ക് പോയിട്ടുണ്ടോ?

ഇപ്പോള്‍ നാല് മാസം പ്രായമുള്ള കുട്ടിക്ക് വരെ ഇത് ബാധിച്ചു. കുളത്തില്‍ മുങ്ങിക്കുളിച്ചിട്ടാണ്, ചെളിവെള്ളത്തില്‍ മുങ്ങിക്കുളിച്ചിട്ടാണ്, സ്വിമിങ് പൂളില്‍ കുളിച്ചിട്ടാണ് എന്നൊക്കെയുള്ള പ്രചരണമാണ് നടക്കുന്നത്. നാല് മാസം പ്രായമുള്ള കുട്ടി ഏത് സ്വിമിങ് പൂളിലാണ് മുങ്ങിക്കുളിച്ചത്? അപ്പോള്‍ അല്ലാതെയും ഈ രോഗം വരുന്നുണ്ട്.

കിണറിലെ വെള്ളം ഉപയോഗിച്ചവര്‍ക്ക് വരുന്നുണ്ട്. പല രീതിയില്‍ വരുന്നുണ്ട്. ആളുകള്‍ക്ക് മരണം സംഭവിക്കുകയാണ്. നിങ്ങള്‍ കാര്യങ്ങള്‍ ഗൗരവത്തോടുകൂടി കാണേണ്ടേ?

സര്‍ക്കാരിന് ഇത് കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ എക്‌സ്‌പേര്‍ട്ട് ഏജന്‍സികളുടെ സഹായം ആവശ്യപ്പെടേണ്ടേ. കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍ത്ത് വിങ്ങിന്റെ സഹായം തേടേണ്ടേ.

നമുക്ക് അത് കണ്ടുപിടിക്കാന്‍ പറ്റുന്നില്ല. എന്താണ് ലക്ഷണമെന്നോ എങ്ങനെ പ്രതിരോധിക്കാമെന്നോ എന്നൊക്കെ നിങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍ പറ്റുന്നില്ലെങ്കില്‍, എക്‌സ്‌പേര്‍ട്ട് ഏജന്‍സികളെ സമീപിക്കണം.

കേന്ദ്ര സര്‍ക്കാരിന്റെ സഹായമാവശ്യപ്പെടണം. നമ്മള്‍ അങ്ങനെയെല്ലേ ചെയ്യേണ്ടത്. അതല്ലേ ചര്‍ച്ച ചെയ്യേണ്ടത്, അതിന് പകരം പത്ത് വര്‍ഷം മുമ്പുള്ള കഥ പറയുകയാണ്,’ വി.ഡി. സതീശന്‍ പറഞ്ഞു.

Content Highlight: Opposition leader V.D. Satheesan has strongly criticized the Health Department for the deaths of people infected with amoebic meningoencephalitis

We use cookies to give you the best possible experience. Learn more