തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് വിമശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അയ്യപ്പ സംഗമം നടത്തിയ ആളുകൾ തന്നെ ശബരിമല സ്വർണം കൊള്ളയടിച്ചതെന്നും അവർ ഈ പ്രാവശ്യത്തെ ശബരിമല സീസൺ കൂടി വികലമാക്കിയെന്ന് വി.ഡി സതീശൻ പറഞ്ഞു.
ശബരിമല സീസണിനെ ഇത്രമാത്രം കുഴപ്പത്തിലാക്കിയ മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പത്തും പതിനഞ്ചും മണിക്കൂർ നീണ്ടുനിൽക്കുന്ന ക്യൂ ആണ് ശബരിമലയിൽ ഉണ്ടായതെന്നും അത് നിയന്ത്രിക്കാനോ ആളുകൾക്ക് കുടിവെളളം നൽകാനോ ഉള്ള സംവിധാനം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആഗോള അയ്യപ്പ സംഗമം നടത്തിയ ആളുകൾ തന്നെ സ്വർണക്കൊള്ള നടത്തുകയും ഈ ശബരിമല സീസൺ മുഴുവൻ കുഴപ്പത്തിലാക്കുകയും ചെയ്തു. ഇത് നിയന്ത്രിക്കാനുള്ള നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ യു.ഡി.എഫിന്റെ ഒരു പ്രതിനിധി സംഘം ശബരിമല സന്ദർശിക്കും,’വി.ഡി സതീശൻ പറഞ്ഞു.
അതേസമയം ആരോഗ്യവും വിദ്യാഭ്യാസവുമാണ് കേരളം അഭിമാനം കൊള്ളുന്ന രണ്ട് മേഖലയെന്നും എന്നാൽ കേരളത്തിന്റെ ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ മരുന്നുകളും ഉപകരണങ്ങളും ഇല്ലെന്നും കേരളത്തിൽ പകർച്ചവ്യാധികൾ വർധിക്കുകയാണെന്നും ലോകത്തുള്ള എല്ലാ പകർച്ചവ്യാധികളും കേരളത്തിലുണ്ടെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
സർവകലാശാലകളിലും കോളേജുകളിലും അനാഥത്വമാണ് ഉള്ളത്. സർവകലാശാലകളിൽ വൈസ് ചാൻസലർമാരില്ലെന്നും 66 സർക്കാർ കോളേജുകളിൽ അധ്യാപകരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഔട്ട്ഡേറ്റഡായ കോഴ്സുകളാണ് സർക്കാർ കോളജുകളിൽ പഠിപ്പിക്കുന്നതെന്നും ലക്ഷകണക്കിന് കുട്ടികൾ പുറത്തേക്ക് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Opposition leader V.D. Satheesan criticizes the state government