| Sunday, 29th March 2026, 2:13 pm

നുണേശനോ നുണറായിയോ? മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് വി.ഡി. സതീശന്‍

അനിത സി

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വികസന വിഷയങ്ങളിലാണ് മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ചിരിക്കുന്നത്.

ആരാണ് നുണ പറയുന്നതെന്ന് സംവാദത്തിലൂടെ തെളിയിക്കാം. നുണേശനാണോ നുണറായിയാണോ ശരിയായി യോജിക്കുന്ന പേരെന്ന് കണ്ടെത്താമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംവാദത്തിനുള്ള സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും സതീശന്‍ മാധ്യമങ്ങളെ അറിയിച്ചു. തന്റെ വിശ്വാസ്യത തകര്‍ക്കാനാണ് സി.പി.ഐ.എമ്മിന്റെ ശ്രമം. താന്‍ നുണ പറയുകയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭവന പദ്ധതി സംബന്ധിച്ച് പിണറായി പറയുന്നത് യമണ്ടന്‍ നുണയാണെന്നും വയനാട്ടില്‍ കുടില്‍കെട്ടി സമരം ചെയ്യുന്ന ഡി.വൈ.എഫ്.ഐക്കാരെ അടിച്ചോടിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

വയനാട്ടിലെ ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതി എങ്ങുമെത്താത്തതിനെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ വി. വസീഫിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്.

രാഹുല്‍ ഗാന്ധി തറക്കല്ലിട്ട പദ്ധതിയാണിതെന്നും എന്തുവില കൊടുത്തും പദ്ധതി പൂര്‍ത്തിയാക്കുമെന്നും വി.ഡി. സതീശന്‍ കഴിഞ്ഞ ജൂണില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ സഹായം നല്‍കാത്തതിനാലാണ് കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് ഭവന പദ്ധതിയുടെ പണി ആരംഭിച്ചതെന്നും സര്‍ക്കാര്‍ ഒരു വര്‍ഷം കൊണ്ട് ചെയ്ത കാര്യങ്ങള്‍ നാല് മാസം കൊണ്ട് കോണ്‍ഗ്രസ് ചെയ്‌തെന്നും വി.ഡി. സതീശന്‍ അന്ന് അവകാശപ്പെട്ടിരുന്നു.

നാല് മാസം കൊണ്ട് സ്ഥലം വാങ്ങി വീടുകളുടെ പണി തുടങ്ങിയെന്നുമായിരുന്നു ജൂണിലെ അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍, ഇപ്പോഴും ഈ സ്ഥലത്ത് നിലം നികത്തലല്ലാതെ തറക്കല്ലിടല്‍ പോലുള്ള ഒരു പ്രാരംഭ പ്രവൃത്തിയും നടന്നിട്ടില്ലെന്ന് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ തെളിയിച്ചിരുന്നു.

ഇതോടെയാണ് ഡി.വൈ.എഫ്.ഐ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെ പ്രതിപക്ഷ നേതാവിന്റെ മറ്റൊരു നുണ എന്ന പേരില്‍ ഈ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു.

പ്രതിപക്ഷ നേതാവിന്റെ നുണകളെ തുറന്നുകാണിക്കുകയെന്ന പേരില്‍ സോഷ്യല്‍മീഡിയ പേജുകളടക്കം സജീവമായിരുന്നു. ഇടതു ഹാന്‍ഡിലുകളില്‍ പ്രതിപക്ഷ നേതാവിനെ നുണേശന്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഈ പേര് പരാമര്‍ശിച്ചുകൊണ്ടാണ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരിക്കുന്നത്.

Content Highlight: Opposition Leader V.D. Satheesan challenges the Chief Minister to a debate

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more