| Tuesday, 9th June 2026, 5:16 pm

സര്‍ക്കാരിന്റെ കൂറ് ഭരണഘടനയോടോ അതോ ആര്‍.എസ്.എസിനോടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: പിണറായി വിജയന്‍

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ പേരിലുള്ള കോട്ടയം എം.ജി സര്‍വകലാശാലയെ കാവിപുതപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ ഭരണമേറ്റെടുത്തതിനുശേഷം ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഓഫീസില്‍ നിന്നും എം.ജി സര്‍വ്വകലാശാലയുടെ പിന്‍സീറ്റ് ഡ്രൈവിങ്ങിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ ഇതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ പാങ്ങില്ലാത്തവരായി സംസ്ഥാനത്തെ ഭരണനേതൃത്വം മാറിയിരിക്കുകയാണെന്നും സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്‌പ്പെട്ട യു.ഡി.എഫ് സര്‍ക്കാരിന്റെ മൗനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ ഓഫീസിനെ മുന്‍നിര്‍ത്തി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമങ്ങളുണ്ടായപ്പോള്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലവും എല്‍.ഡി.എഫ് സര്‍ക്കാര്‍ എങ്ങനെയാണതിനെ പ്രതിരോധിച്ചതെന്ന് കേരളം കണ്ടതാണെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

അത്തരം നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും എതിര്‍ക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും അന്നുണ്ടായിട്ടില്ല. എന്നാല്‍ ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്നാണ് യു.ഡി.എഫ് സര്‍ക്കാരിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിക്കുന്നത്. മതനിരപേക്ഷ വിശ്വാസികളില്‍ ആശങ്കയുണര്‍ത്തുന്ന നിലപാടാണിത്.

ഇത് ആരെങ്കിലും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കാര്യമല്ല, മറിച്ച് ഭരണഘടനയുടെയും സര്‍വകലാശാല ചട്ടങ്ങളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യമാണെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി മനസിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എം.ജി സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലറായി കുസാറ്റിലെ ബി.ജെ.പി അനുകൂല അധ്യാപക സംഘടനാ നേതാവിനെ നിയമിച്ചാണ് ഗവര്‍ണര്‍ കാവിവത്കരണത്തിന് തുടക്കമിട്ടതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

താത്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തിനായി പാനല്‍ നല്‍കാനുള്ള ബാധ്യത നിര്‍വേറ്റാന്‍ പോലും യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ല. കോടതിയെ സമീപിച്ചുകൊണ്ട് വി.സി നിയമനം റദ്ദുചെയ്യിക്കാനുള്ള സാധ്യതയും ഇതുമൂലം അടഞ്ഞിരിക്കുകയാണ്.

ഇതിനുപുറമെ, എം.ജി സര്‍വകലാശാല സെനറ്റില്‍ നിയമവും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി സംഘപരിവാര്‍ നോമിനികളെ തിരുകിക്കയറ്റിയിരിക്കുകയാണ്. ആകെയുള്ള 30 അംഗങ്ങളില്‍ 19 പേരും ആര്‍.എസ്.എസ് അനുകൂലികളാണ് എന്നതാണ് കാണേണ്ടത്.

സംഘപരിവാര്‍ കേന്ദ്രങ്ങള്‍ എം.ജി സര്‍വകലാശാലയെ പിടിച്ചടക്കാനുള്ള ചരടുവലികള്‍ നടത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. ഒരു വിയോജനക്കുറിപ്പ് നല്‍കാന്‍ പോലും യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഗവര്‍ണറുടെ പരിമിതമായ റോള്‍ എന്താണെന്ന് സര്‍ക്കാരിയാ കമ്മീഷനടക്കം വ്യക്തമാക്കിയതാണ്. താത്കാലിക വി.സി നിയമനമുള്‍പ്പെടെ സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാവണമെന്ന കോടതി വിധികള്‍ നിലനില്‍ക്കേ ഗവര്‍ണര്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് കീഴടങ്ങലിന്റേതാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കൂറ് ഭരണഘടനയോടോ അതല്ല ആര്‍.എസ്.എസിനോടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാനായി മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം നല്‍കിയിരുന്ന വ്യക്തിയാണ് നിലവില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ അഡ്വക്കറ്റ് ജനറല്‍ എന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ സര്‍വകലാശാലകളിലെ കാവിവത്കരണത്തിനെതിരെ നിയമവഴിയിലുള്ള പോരാട്ടം ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ സര്‍വകലാശാലകളെ കൈപ്പിടിയിലൊതുക്കുക എന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കണ്ണൂര്‍, കലിക്കറ്റ്, കേരള, കാലടി മുതലായ സര്‍വ്വകലാശാലകളില്‍ അത്തരം ശ്രമങ്ങളെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെറുത്തുതോല്‍പ്പിക്കുകയാണ് ചെയ്തത്.

എന്നാല്‍, ഭരണമാറ്റത്തിനു ശേഷം സര്‍വകലാശാലകളിലെ ആര്‍.എസ്.എസ് വര്‍ഗീയ അജണ്ടയ്ക്ക് കുടപിടിച്ചു കൊടുക്കുന്നവരായി യു.ഡി.എഫ് സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പേരിലുള്ള കോട്ടയം എം.ജി സര്‍വ്വകലാശാലയെ കാവിപുതപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണം. യു.ഡി.എഫ് സര്‍ക്കാര്‍ ഭരണമേറ്റെടുത്തതിനു ശേഷം ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഓഫീസില്‍ നിന്നും എം.ജി സര്‍വ്വകലാശാലയുടെ പിന്‍സീറ്റ് ഡ്രൈവിങ്ങിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ ഇതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ പാങ്ങില്ലാത്തവരായി മാറിയിരിക്കുകയാണ് സംസ്ഥാനത്തെ ഭരണനേതൃത്വം. സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്‌പ്പെട്ട യു.ഡി.എഫ് സര്‍ക്കാരിന്റെ മൗനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണ്.

ഗവര്‍ണര്‍ ഓഫീസിനെ മുന്‍നിര്‍ത്തി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമങ്ങളുണ്ടായപ്പോള്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലവും എല്‍.ഡി.എഫ് സര്‍ക്കാര്‍ എങ്ങനെയാണതിനെ പ്രതിരോധിച്ചതെന്ന് കേരളം കണ്ടതാണ്. അത്തരം നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും എതിര്‍ക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും അന്നുണ്ടായിട്ടില്ല. എന്നാല്‍ ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്നാണ് യു.ഡി.എഫ് സര്‍ക്കാരിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിക്കുന്നത്.

മതനിരപേക്ഷ വിശ്വാസികളില്‍ ആശങ്കയുണര്‍ത്തുന്ന നിലപാടാണിത്. ഇത് ആരെങ്കിലും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കാര്യമല്ല, മറിച്ച് ഭരണഘടനയുടെയും സര്‍വകലാശാല ചട്ടങ്ങളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യമാണ് എന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി മനസിലാക്കേണ്ടത്.

എം.ജി സര്‍വകലാശാല താല്‍കാലിക വൈസ് ചാന്‍സലറായി കുസാറ്റിലെ ബി.ജെ.പി അനുകൂല അധ്യാപക സംഘടനാ നേതാവിനെ നിയമിച്ചാണ് ഗവര്‍ണര്‍ കാവിത്കരണത്തിന് തുടക്കമിട്ടത്. താത്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തിനായി പാനല്‍ നല്‍കാനുള്ള ബാധ്യത നിര്‍വേറ്റാന്‍ പോലും യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ല. കോടതിയെ സമീപിച്ചുകൊണ്ട് വി.സി നിയമനം റദ്ദുചെയ്യിക്കാനുള്ള സാധ്യതയും ഇതുമൂലം അടഞ്ഞിരിക്കുകയാണ്.

ഇതിനുപുറമെ, എം.ജി സര്‍വകലാശാല സെനറ്റില്‍ നിയമവും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി സംഘപരിവാര്‍ നോമിനികളെ തിരുകിക്കയറ്റിയിരിക്കുകയുമാണ്. ആകെയുള്ള 30 അംഗങ്ങളില്‍ 19 പേരും ആര്‍.എസ്.എസ് അനുകൂലികളാണ് എന്നതാണ് കാണേണ്ടത്. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ എം.ജി സര്‍വ്വകലാശാലയെ പിടിച്ചടക്കാനുള്ള ചരടുവലികള്‍ നടത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. ഒരു വിയോജനക്കുറിപ്പു നല്‍കാന്‍ പോലും യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഗവര്‍ണറുടെ പരിമിതമായ റോള്‍ എന്താണെന്ന് സര്‍ക്കാരിയാ കമ്മീഷനടക്കം തന്നെ വ്യക്തമാക്കിയ കാര്യമാണ്. താല്‍കാലിക വി.സി നിയമനമുള്‍പ്പെടെ സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാവണമെന്ന കോടതി വിധികള്‍ നിലനില്‍ക്കേ ഗവര്‍ണര്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് കീഴടങ്ങലിന്റേതാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കൂറ് ഭരണഘടനയോടോ അതല്ല ആര്‍.എസ്.എസിനോടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാനായി മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം നല്‍കിയിരുന്ന വ്യക്തിയാണ് നിലവില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ അഡ്വക്കറ്റ് ജനറല്‍. അതിനാല്‍ സര്‍വകലാശാലകളിലെ കാവിവല്‍ക്കരണത്തിനെതിരെ നിയമവഴിയിലുള്ള പോരാട്ടം ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.

കേരളത്തിലെ സര്‍വ്വകലാശാലകളെ കൈപ്പിടിയിലൊതുക്കുക എന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കണ്ണൂര്‍, കലിക്കറ്റ്, കേരള, കാലടി മുതലായ സര്‍വകലാശാലകളില്‍ അത്തരം ശ്രമങ്ങളെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെറുത്തുതോല്‍പ്പിക്കുകയാണ് ചെയ്തത്. എന്നാല്‍, ഭരണമാറ്റത്തിനു ശേഷം സര്‍വകലാശാലകളിലെ ആര്‍.എസ്.എസ് വര്‍ഗീയ അജണ്ടയ്ക്ക് കുടപിടിച്ചു കൊടുക്കുന്നവരായി യു.ഡി.എഫ് സര്‍ക്കാര്‍ മാറിയിരിക്കുകയാണ്.

Content Highlight: Opposition Leader Pinarayi Vijayan slams CM VD Satheesan

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more