| Saturday, 8th August 2026, 10:05 pm

വന്ദേമാതരം: ആര്‍.എസ്.എസ് അജണ്ടയ്ക്ക് പൂര്‍ണമായി കീഴ്‌പ്പെടല്‍, തിരുത്താന്‍ അടിയന്തരമായി തയ്യാറാകണം: പിണറായി വിജയന്‍

ആദർശ് എം.കെ.

തിരുവനന്തപുരം: വന്ദേമാതരം മുഴുവനായി ചൊല്ലാനുള്ള നീക്കം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് നിരക്കാത്തതാണെന്നും ഇത് ആര്‍.എസ്.എസ് അജണ്ടയ്ക്ക് ഭരണകൂടം പൂര്‍ണമായി കീഴ്‌പ്പെടുന്നതിന്റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഈ തീരുമാനം അടിയന്തരമായി തിരുത്താന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തിന്റെ പൊതുവായി അംഗീകരിക്കപ്പെട്ട നയമനുസരിച്ച് വന്ദേമാതരം എന്ന ഗാനം പൂര്‍ണമായി ചൊല്ലുന്നത് നമ്മള്‍ സ്വീകരിച്ച മതനിരപേക്ഷതയ്ക്ക് ചേരുന്നതല്ല. നമ്മള്‍ ഒരു മതനിരപേക്ഷ രാഷ്ട്രമായി മാറിയ സാഹചര്യത്തില്‍ ഈ ഗാനം അതേപടി ചൊല്ലരുതെന്ന് കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലി തന്നെ തീരുമാനിച്ചതാണെന്നും രാജേന്ദ്ര പ്രസാദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

‘പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവര്‍ സ്വീകരിച്ച ഈ നയം തന്നെയാണ് കോണ്‍ഗ്രസിന്റെയും നയമായിരുന്നത്. വന്ദേമാതരത്തിന്റെ ആദ്യത്തെ ഈരടികള്‍ മാത്രം ചൊല്ലുന്നതില്‍ തെറ്റില്ലെന്നും അത് മാത്രമേ ചൊല്ലേണ്ടതുള്ളൂ എന്നും കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലി തീരുമാനമെടുത്തിട്ടുള്ളതാണ്.

ഈ രീതിയില്‍ വ്യത്യാസം വന്നത് ഇപ്പോഴത്തെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷമാണ്. ആദ്യ ദിനത്തിലെ മന്ത്രിസഭാ സത്യപ്രതിജ്ഞാ ഘട്ടത്തില്‍ തന്നെ വന്ദേമാതരം മുഴുവനായി ചൊല്ലുകയുണ്ടായി.

വന്ദേമാതരം പൂര്‍ണമായി ചൊല്ലുക എന്നത് ആര്‍.എസ്.എസിന്റെ നയവും അജണ്ടയുമാണ്. അതിന് പൂര്‍ണ്ണമായി കീഴ്‌പ്പെടുന്ന അവസ്ഥയാണ് ഇവിടുത്തെ ഗവണ്‍മെന്റ് കാണിച്ചത്. അന്ന് അതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതുമാണ്.

വന്ദേമാതരത്തിന്റെ പ്രശ്‌നം ഇപ്പോള്‍ വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ദേശീയഗാനം മാത്രമല്ല, വന്ദേമാതരം മുഴുവനായി ചൊല്ലണമെന്ന് നിര്‍ദേശിക്കുന്നതായാണ് അറിയാന്‍ സാധിക്കുന്നത്.

അങ്ങനെയാണെങ്കില്‍ അത് വളരെ ഗൗരവമുള്ള കാര്യമാണ്. അത് ആര്‍.എസ്.എസ് നയമാണ്, അല്ലാതെ നമ്മുടെ രാജ്യം പൊതുവേ അംഗീകരിച്ച നിലപാടല്ല. വന്ദേമാതരം ചൊല്ലുമ്പോള്‍ ആദ്യത്തെ ഈരടികള്‍ മാത്രം ചൊല്ലേണ്ട കാര്യമേയുള്ളൂ. സത്യപ്രതിജ്ഞാ വേള തൊട്ട് ഇതുവരെയുള്ള സംഭവങ്ങള്‍ പരിശോധിച്ചാല്‍ സര്‍ക്കാര്‍ എത്രകണ്ട് ആര്‍.എസ്.എസ് അജണ്ടയ്ക്ക് കീഴ്‌പ്പെടുന്നു എന്ന് വ്യക്തമാകും,’ അദ്ദേഹം പറഞ്ഞു.

നിലവില്‍ ഉയര്‍ന്നു വന്നിട്ടുള്ള ഈ നീക്കം അടിയന്തരമായി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വന്ദേമാതരം ഇത്തരത്തില്‍ മുഴുവനായി ചൊല്ലാന്‍ പാടില്ലെന്ന പൊതുനിലപാട് സ്വീകരിക്കണം. ആദ്യത്തെ ഈരടി മാത്രം ചൊല്ലുകയും, തുടര്‍ന്ന് ദേശീയഗാനം ആരംഭിക്കുകയും ചെയ്യുന്ന രീതിയാണ് നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Opposition Leader Pinarayi Vijayan responds to the Vande Mataram controversy.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more