തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന അപകടകരമായ വാഹനയോട്ടത്തിനും റോഡപകടങ്ങള്‍ക്കും പിന്നില്‍ റോഡ് സുരക്ഷാ സംവിധാനങ്ങളെ രാഷ്ട്രീയ ലാഭത്തിനായി തകര്‍ത്തവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. റോഡ് സുരക്ഷാ നിയമങ്ങളും ട്രാഫിക് അച്ചടക്കവും രാഷ്ട്രീയ മുതലെടുപ്പിനായി തകര്‍ത്തവര്‍ സ്വയം തിരുത്തണമെന്നും നിയമം നടപ്പാക്കാന്‍ ആത്മാര്‍ത്ഥത കാണിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം തിരുവല്ലയില്‍ നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് അമിതവേഗത്തില്‍ ഓടിച്ച 18കാരന്റെ കാര്‍ നാട്ടുകാര്‍ സാഹസികമായി തടഞ്ഞ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നെടുമ്പാശേരിയില്‍ മദ്യപിച്ച് വാഹനമോടിച്ച യുവാവ് മൂന്ന് പേരുടെ ജീവനെടുത്തതും ചേരാനല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ അപകടകരമായി വാഹനമോടിച്ച് തട്ടുകടക്കാരനെ കൊലപ്പെടുത്തിയതും റോഡുകളിലെ അരാജകത്വത്തിന്റെ ഉദാഹരണങ്ങളാണെന്ന് പോസ്റ്റില്‍ പറയുന്നു.
റോഡുകള്‍ ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള വേദിയായി മാറുമ്പോള്‍ അതിന് പിന്നിലെ ഉത്തരവാദികളെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അപകടകരമായ വാഹനമോഡിഫിക്കേഷനുകള് തടയുക, എ.ഐ ക്യാമറകള്‍ സ്ഥാപിക്കുക, കര്‍ശന പരിശോധനകള്‍ നടത്തുക തുടങ്ങിയ നടപടികളിലൂടെ റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
എന്നാല്‍, ജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന സംവിധാനങ്ങളെ യു.ഡി.എഫ് പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്തുവെന്ന് പിണറായി വിജയന് ആരോപിച്ചു. ട്രാഫിക് ക്യാമറകള്‍ മൂടാനും നിയമലംഘകരെ നിയന്ത്രണമില്ലാതെ വിടാനും അവര്‍ ആഹ്വാനം ചെയ്തെന്നും അധികാരത്തിലെത്തിയാല്‍ സുരക്ഷാ സംവിധാനങ്ങള്‍ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തി.
റോഡ് സുരക്ഷയെ രാഷ്ട്രീയ ലാഭത്തിനായി തകര്‍ത്തതിന്റെ അനന്തരഫലമാണ് ഇന്ന് നിരത്തുകളില്‍ കാണുന്ന ഭീതിജനകമായ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവന് വെച്ച് രാഷ്ട്രീയം കളിച്ചവര്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും നിരത്തുകളില്‍ പൊലിയുന്ന ജീവനുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു.
Content Highlight: Opposition Leader Pinarayi Vijayan has criticized the move, alleging that road safety was compromised for political gain