| Tuesday, 23rd June 2026, 8:14 pm

കര്‍ണാടകയിലെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരം; പരിഭ്രാന്തി പൂണ്ട മുഖ്യമന്ത്രി സഭയിലെ എന്റെ പ്രസംഗം പോലും നീക്കം ചെയ്തു: പിണറായി വിജയന്‍

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തിന് പിന്നില്‍ വന്‍ അഴിമതിയും കോര്‍പ്പറേറ്റ് കൊള്ളയുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അധികാരം ഏറ്റെടുത്ത് ഒരു മാസം തികയും മുന്‍പേ സര്‍ക്കാരിനെ അഴിമതിയുടെ ദുരൂഹതകള്‍ വലയം ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

ബക്കാര്‍ഡി എന്ന കുത്തക മദ്യക്കമ്പനിയെ സഹായിക്കാന്‍ വേണ്ടി വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തില്‍ നിന്ന് 120 ശതമാനമായി ഒറ്റയടിക്ക് വെട്ടിക്കുറക്കാന്‍ ഗൂഢനീക്കം നടന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ തെളിവുസഹിതം പുറത്തുവിട്ടിട്ടുണ്ട്.

അധികാരമേറ്റ് മൂന്ന് ദിവസത്തിനുള്ളില്‍, വകുപ്പ് മന്ത്രിയോ കോണ്‍ഗ്രസ് നേതൃത്വമോ പോലും അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനായി ശരവേഗത്തില്‍ ചരടുവലികള്‍ നടത്തിയെന്ന് അദ്ദേഹം ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയില്‍ നിന്ന് ഒഴുകിയെത്തിയ കോടികളുടെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരമായാണ് യു.ഡി.എഫ് സംസ്ഥാന ഭരണത്തെ ഉപയോഗിക്കുന്നത് എന്ന് ഈ സംഭവം വ്യക്തമാക്കുന്നുവെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതെ പലതും മറയ്ക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും.

‘സഭാരേഖകളില്‍ നിന്ന് പ്രസംഗം നീക്കിയത് കൊണ്ട് മാത്രം ഈ വിഷയം കേരളത്തിലെ പൊതുസമൂഹം ഏറ്റെടുക്കുന്നത് തടയാന്‍ സാധിക്കില്ല. നാടിനെ കുത്തകകള്‍ക്ക് തീറെഴുതുന്ന, മദ്യത്തില്‍ മുക്കുന്ന സര്‍ക്കാര്‍ അഴിമതിക്കെതിരെ എല്‍.ഡി.എഫിനൊപ്പം ജനങ്ങള്‍ അണിചേരും. അന്യായമായ ഈ നടപടി തിരുത്തുന്നതിനായി നാടൊന്നാകെ സ്വരമുയര്‍ത്തും,’ പിണറായി വിജയന്‍ പോസ്റ്റിലെഴുതി.

ഇതുമായി ബന്ധപ്പെട്ട് താന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം സഭാരേഖകളില്‍ നിന്നും സഭാ ടിവിയില്‍ നിന്നും നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ പരിഭ്രമം വ്യക്തമാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ഒരു മാസം തികഞ്ഞിട്ടില്ല. അതിനുള്ളില്‍ അഴിമതിയുടെ ദുരൂഹതകള്‍ ഈ സര്‍ക്കാരിനെ വലയം ചെയ്തു കഴിഞ്ഞു.

സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം വമ്പന്‍ അഴിമതികള്‍ക്കും കോര്‍പ്പറേറ്റ് കൊള്ളകള്‍ക്കും വഴിയൊരുക്കാനുള്ള തിട്ടൂരമാണെന്ന പ്രതിപക്ഷ നിരീക്ഷണം ശരി വയ്ക്കുന്ന വിവരങ്ങളാണിന്ന് പുറത്തു വന്നിരിക്കുന്നത്.

ബക്കാര്‍ഡി എന്ന കുത്തക മദ്യകമ്പനിയ്ക്ക് വേണ്ടി വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തില്‍ നിന്ന് 120 ശതമാനമായി ഒറ്റയടിക്ക് വെട്ടിക്കുറക്കാന്‍ നടത്തിയ ഗൂഢനീക്കങ്ങള്‍ മാധ്യമങ്ങള്‍ ഇന്നു തെളിവുസഹിതം പുറത്തുവിട്ടു.

അധികാരമേറ്റെടുത്ത് മൂന്നു ദിവസത്തിനുള്ളില്‍ തന്നെ വകുപ്പു മന്ത്രിയോ കോണ്‍ഗ്രസ് നേതൃത്വമോ പോലുമറിയാതെ ശരവേഗത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനായുള്ള ചരടുവലികള്‍ നടത്തി.

തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയില്‍ നിന്ന് ഒഴുകിയെത്തിയ കോടികളുടെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരമായാണ് യു.ഡി.എഫ്, സംസ്ഥാന ഭരണത്തെ ഉപയോഗിക്കുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. നിയമസഭയില്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതെ പലതും മറയ്ക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. അതുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ പ്രസംഗം സഭാരേഖകളില്‍ നിന്നും സഭാ ടിവിയില്‍ നിന്നും നീക്കം ചെയ്യാനും മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടത് ആ പരിഭ്രമം വ്യക്തമാക്കുന്നു.

പക്ഷേ, അതുകൊണ്ടൊന്നും ഈ വിഷയം കേരളത്തിലെ പൊതുസമൂഹം ഏറ്റെടുക്കുന്നത് തടയാന്‍ സാധിക്കില്ല. നാടിനെ കുത്തകകള്‍ക്ക് തീറെഴുതുന്ന, മദ്യത്തില്‍ മുക്കുന്ന സര്‍ക്കാര്‍ അഴിമതിക്കെതിരെ എല്‍.ഡി.എഫിനൊപ്പം ജനങ്ങള്‍ അണിചേരും. അന്യായമായ ഈ നടപടി തിരുത്തുന്നതിനായി നാടൊന്നാകെ സ്വരമുയര്‍ത്തും.

Content highlight: Opposition leader Pinarayi Vijayan criticizes the government

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more