തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയിരുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരപ്പന്തൽ രാത്രിയിൽ പൊലീസ് പൊളിച്ചുമാറ്റുകയും സമരം ചെയ്ത വളർമതി ഉൾപ്പെടെയുള്ളവരെ ബലമായി കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനങ്ങൾ ഉയരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വളർമതിയെ ഉപയോഗിച്ച് വീഡിയോ ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, ഇന്ന് അവർ സമരം ചെയ്ത പന്തൽ പൊലീസിനെ ഉപയോഗിച്ച് പൊളിച്ചുമാറ്റിയിരിക്കുകയാണെന്ന് മുൻ വ്യവസായ മന്ത്രി പി. രാജീവ് വിമർശിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി സെറ്റിട്ട നാടകത്തിലെ നടിയായി മാത്രമാണ് തന്നെ കണ്ടതെന്ന് അന്ന് അവർക്ക് മനസിലായിട്ടുണ്ടാകില്ലെന്നും, ഇപ്പോൾ മുഖ്യമന്ത്രിയുടെ ശരിയായ രൂപം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ജന്തർ മന്തറിൽ നരേന്ദ്ര മോദി ചെയ്യുന്നതിനേക്കാൾ ഭീകരമായാണ് കേരളത്തിൽ വി.ഡി. സതീശൻ ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുന്നതെന്നും, വാഗ്ദാനം പാലിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും പി. രാജീവ് ആവശ്യപ്പെട്ടു.
രാത്രിയിൽ സമരപ്പന്തൽ പൊളിച്ചുനീക്കി വളർമതിയെ കസ്റ്റഡിയിലെടുത്തത് അങ്ങേയറ്റം നീചവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണെന്ന് മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ വിമർശിച്ചു.
തൊഴിൽ നൽകുമെന്ന് നേരിട്ട് ഉറപ്പുനൽകി വോട്ട് നേടിയ ശേഷം ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നത് മുഖ്യമന്ത്രിയുടെ അവസരവാദത്തിന്റെയും വിശ്വാസവഞ്ചനയുടെയും നേർചിത്രമാണ്. പ്രതിപക്ഷത്തായിരുന്നപ്പോൾ സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകളിൽ ഊഴമിട്ട് പ്രസംഗിച്ച സതീശന് ഇപ്പോൾ സമരങ്ങളോട് അലർജിയാണെന്നും, ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ആശാ സമരം ഉൾപ്പെടെ നൂറുകണക്കിന് ദിവസം നീണ്ട സമരങ്ങളിൽ പോലും ഇത്തരം ബലപ്രയോഗം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ അധികാരത്തിലേറി ആറുമാസം ആകുമ്പോൾ ഇങ്ങനെയാണെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ എന്താകും കേരളത്തെ കാത്തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇനി സമരപ്പന്തൽ പൊളിക്കാൻ വന്നാൽ കേരളത്തിലെ പൊലീസും സർക്കാരും വിവരമറിയുമെന്ന് വി. ജോയ് എം.എൽ.എ മുന്നറിയിപ്പ് നൽകി. രാത്രിയുടെ മറവിൽ ഭീകരാവസ്ഥ സൃഷ്ടിച്ച് കട്ടിലും കസേരയും പാത്രങ്ങളും ബോർഡുകളും നശിപ്പിച്ചത് ക്രൂരമായ നടപടിയാണ്. ആദ്യം ചർച്ചയ്ക്ക് വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളെ പറ്റിക്കുകയാണ് സർക്കാർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തായിരുന്നപ്പോൾ ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിച്ച മുഖ്യമന്ത്രി അധികാരത്തിലെത്തിയപ്പോൾ അസഹിഷ്ണുത കാണിക്കുകയാണെന്നും, രമേശ് ചെന്നിത്തല പൊലീസിനെ കയറൂരി വിട്ടിട്ടില്ലെന്ന് പറയുമ്പോഴും ഇതാണ് അവസ്ഥയെന്നും അദ്ദേഹം വിമർശിച്ചു. സമരക്കാർക്ക് ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യമായ എല്ലാ സഹായവും സംരക്ഷണവും നൽകുമെന്നും വി. ജോയ് വ്യക്തമാക്കി.
അതേസമയം, സമരപ്പന്തലിൽ നിരന്തരമായി നിരാഹാരം കിടക്കുന്ന വ്യക്തിയുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും, അറസ്റ്റിന് വഴങ്ങാതിരുന്നപ്പോഴാണ് ബലം പ്രയോഗിക്കേണ്ടി വന്നതെന്നും മുസ്ലിം ലീഗ് എം.എൽ.എ പി.കെ. ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.
അവരെ മരണത്തിന് വിട്ടുകൊടുക്കാൻ സാധിക്കില്ലെന്നും, നിയമവിരുദ്ധമായി പ്രകടനം നടത്തിയാൽ ഇത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് യു.ഡി.എഫ് സമരപ്പന്തലുകളിലേക്ക് ടിയർ ഗ്യാസ് പ്രയോഗിക്കുകയും, സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ളവർക്ക് ലാത്തിയടിയേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പി.കെ. ഫിറോസ് ആരോപിച്ചു.
എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന് പരമാവധി നിയമനം നൽകാനാണ് അനുഭാവപൂർവ്വമായ സമീപനമുള്ള ഈ സർക്കാർ ശ്രമിക്കുന്നത്. ഒഴിവുകൾ ഇല്ലാത്ത തസ്തികകളിൽ ഇനി പരീക്ഷ നടത്തി റാങ്ക് പട്ടിക തയ്യാറാക്കരുതെന്ന നിർദേശം മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ചിട്ടുണ്ടെന്നും, ഉദ്യോഗാർത്ഥികൾ അനാവശ്യ സമരരീതികൾ ഒഴിവാക്കി ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight:Incident involving the dismantling of the LPST protest tent: Opposition lashes out at the government; P. K. Firose justifies police action.