| Saturday, 14th March 2026, 10:12 am

ഇലക്ഷൻ കമ്മീഷണറെ പിൻവലിക്കാൻ നോട്ടീസുമായി പ്രതിപക്ഷം; ഇരുസഭകളിലുമായി ഒപ്പുവെച്ചത് 163 അംഗങ്ങൾ

മുഹമ്മദ് നബീല്‍

ന്യൂദൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പിൻവലിക്കുന്നതിന് വേണ്ടി പാർലമെന്റിന്റെ ഇരു സഭകളിലും നോട്ടീസ് ഫയൽ ചെയ്ത പ്രതിപക്ഷ പാർട്ടികൾ.

കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നോട്ടീസ് സമർപ്പിച്ചിരിക്കുന്നത്.

ലോക് സഭയിൽ 130 അംഗങ്ങളും രാജ്യസഭയിൽ 63 അംഗങ്ങളുമാണ് ഇലക്ഷൻ കമ്മീഷണറെ പിൻവലിക്കാനുള്ള നോട്ടീസിൽ ഒപ്പുവച്ചത്.

ഇന്ത്യ മുന്നണിയിലെ പാർലമെന്റ് അംഗങ്ങൾക്ക് പുറമെ ചില സ്വതന്ത്ര എം.പി മാരും നോട്ടീസിൽ ഒപ്പുവച്ചിട്ടുണ്ട്.

2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ മുന്നണി വിട്ട ആം ആദ്മി പാർട്ടിയും നോട്ടീസിൽ ഒപ്പുവച്ചു.

പക്ഷപാതം, വിവേചനപരമായ പെരുമാറ്റം, വോട്ടർ പട്ടികയിൽ നിന്നും പേരുവെട്ടൽ എന്നിങ്ങനെ ഏഴ് ഗുരുതരമായ ആരോപണങ്ങളാണ് നോട്ടീസിൽ ഉൾപെട്ടിട്ടുള്ളതെന്ന് ഇന്ത്യ മുന്നണി വൃത്തങ്ങൾ പറയുന്നു.

തെരഞ്ഞെടുപ്പ് നടന്ന ബീഹാറിലും നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലും തീവ്ര വോട്ടർപട്ടിക പുനർ പരിശോധനക്കെതിരെ ( എസ്.ഐ.ആർ ) വലിയ ആരോപണങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നത്.

എസ്.ഐ.ആർ നടപ്പാക്കുന്നതിലൂടെ ഇലക്ഷൻ കമ്മീഷണർ ബി.ജെ.പി യെ സഹായിക്കുകയാണെന്നും ഇന്ത്യ മുന്നണി ആരോപിച്ചു.

ഇലക്ഷൻ കമ്മീഷണറെ പിൻവലിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയായിരുന്നു.

ഇലക്ഷൻ കമ്മീഷണറെ പിൻവലിക്കാനുള്ള നടപടി ക്രമങ്ങൾ സുപ്രീംകോടതി ജഡ്ജിയെ പിൻവലിക്കുന്നതിന് സമാനമാണ്.

കഴിവില്ലായ്മയോ മോശം പെരുമാറ്റമോ തെളിയിക്കപ്പെട്ടാൽ മാത്രമേ ഇലക്ഷൻ കമ്മീഷണറെ പിൻവലിക്കാനാവു.

ജഡ്ജസ് എൻക്വയറി ആക്ട് 1968 പ്രകാരം ജഡ്ജിയെയോ ഇലക്ഷൻ കമ്മീഷണറെ പിൻവലിക്കാൻ നോട്ടീസ് സമർപ്പിക്കപ്പെട്ടാൽ സ്പീക്കർ മൂന്ന് അംഗ കമ്മറ്റിയെ നിയമിക്കും, ഈ കമ്മറ്റിയുടെ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടാൽ അതിന്മേൽ സഭയിൽ ചർച്ച നടക്കും. ഇരു സഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടങ്കിൽ മാത്രമേ പ്രമേയം പാസാവുകയുള്ളു.

നിലവിൽ പാർലമെന്റിന്റെ ഇരു സഭകളിലും എൻ.ഡി.എയ്ക്ക് ഉള്ള ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടികൾക്ക് വലിയ വെല്ലുവിളിയാണ്.

Content Highlight: Opposition issues notice to withdraw Election Commissioner; 163 members sign in both houses

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more