| Saturday, 7th June 2025, 8:28 pm

സ്റ്റാര്‍ലിങ്കുമായുള്ള മുഴുവന്‍ ഇടപാടും ദുരൂഹത നിറഞ്ഞത്; കേന്ദ്രം പ്രവര്‍ത്തനാനുമതി പിന്‍വലിക്കണം: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുമതി നല്‍കിയതിനെതിരെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. തീരുമാനത്തെ എതിര്‍ക്കുന്നതായും സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ പ്രക്രിയകളില്‍ സുതാര്യതയില്ലെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

‘സ്റ്റാര്‍ലിങ്ക് ഒരു വിദേശ കോര്‍പ്പറേഷനാണ്. ഇന്ത്യയുടെ നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ വിദേശ കൈകള്‍ക്ക് കൈമാറുന്നത് ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ഇത് യു.എസ് ഏജന്‍സികള്‍ക്ക് നമ്മുടെ ടെലികോം സംവിധാനത്തിലേക്കും നമ്മുടെ തന്ത്രപരമായ ആശയവിനിമയങ്ങളിലേക്കും പോലും ഒരു പിന്‍വാതില്‍ പ്രവേശനം നല്‍കുന്നു,’ സി.പി.ഐ.എം വ്യക്തമാക്കി.

സ്റ്റാര്‍ലിങ്കിന് ഒരിക്കല്‍ അനുവദിച്ച സാറ്റലൈറ്റ് സ്‌പോട്ടുകളുടെ എണ്ണം, പ്രത്യേകിച്ച് ലോ എര്‍ത്ത് ഓര്‍ബിറ്റ് സ്‌പോട്ടുകള്‍ ഉള്‍പ്പെടെ പിന്നീട് തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയുടെ അപൂര്‍വമായ ബഹിരാകാശ വിഭവങ്ങള്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതിനും രാജ്യത്തിന്റെ താത്പര്യങ്ങള്‍ ബലികഴിപ്പിക്കുന്നതിനും കാരണമാകുമെന്നും സി.പി.ഐ.എം പറഞ്ഞു.

ഇന്ത്യയുടെ സ്വാശ്രയ ശേഷി വികസിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ശരിക്കും താത്പര്യമുണ്ടെങ്കില്‍ അതിനായി ഐ.എസ്.ആര്‍.ഒയുടെ സേവനങ്ങള്‍ ഉപയോഗിക്കാമായിരുന്നുവെന്നും സി.പി.ഐ.എം നിര്‍ദേശിച്ചു. സാറ്റ്‌കോം മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കാനുള്ള കഴിവ് ഇന്ത്യയ്ക്ക്, പ്രത്യേകിച്ച് ഡി.ഒ.ടി, സി-ഡി.ഒ.ടി എന്നിവയ്ക്ക് ഉണ്ടെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പറഞ്ഞു.

‘സ്റ്റാര്‍ലിങ്കുമായുള്ള മുഴുവന്‍ ഇടപാടും ദുരൂഹത നിറഞ്ഞതാണ്. ട്രായ് സ്‌പെക്ട്രം അതിന്റെ ഉപയോഗ ചാര്‍ജിന്റെ നാല് ശതമാനം മാത്രമേ ഈടാക്കുന്നുള്ളൂവെന്നും മുന്‍കൂര്‍ ഫീസൊന്നും ഈടാക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് നമ്മുടെ ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുകയും നമ്മുടെ താത്പര്യങ്ങള്‍ക്ക് ഹാനികരവുമാണ്,’ സി.പി.ഐ.എം പി.ബി പറഞ്ഞു.

കൂടാതെ ഇന്ത്യന്‍ ബഹിരാകാശ നിയന്ത്രണ ഏജന്‍സിയായ ഇന്‍-സ്പെയ്സില്‍ നിന്നുള്ള അനുമതിയുടെ സ്റ്റാറ്റസും വിശദാംശങ്ങളും ഇതുവരെ പരസ്യമാക്കിയിട്ടില്ലെന്നും വിമര്‍ശനമുണ്ട്. അംബാനിയുടെ റിലയന്‍സ് ജിയോ, മിത്തലിന്റെ ഭാരതി എയര്‍ടെല്‍ എന്നിവയുമായി സ്റ്റാര്‍ലിങ്ക് പങ്കാളിത്തം സ്ഥാപിക്കുന്നത് ഒരു വെര്‍ച്വല്‍ ഇരട്ടത്താപ്പ് സൃഷ്ടിക്കുമെന്നും സി.പി.ഐ.എം പറയുന്നു.

ഇത് ബി.എസ്.എന്‍.എല്ലിന് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ സ്റ്റാര്‍ലിങ്കിന് പ്രവര്‍ത്തനാനുമതി നല്‍കിയ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രാലയം സ്റ്റാര്‍ലിങ്കിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. നേരത്തെ ലോകോത്തര നിലവാരമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് എല്ലായിടത്തും എത്തിക്കാനാണ് സ്റ്റാര്‍ലിങ്കുമായുള്ള കരാറിലൂടെ ശ്രമിക്കുന്നതെന്ന് എയര്‍ടെലിന്റെ മാനേജിങ് ഡയറക്ടറും വൈസ് ചെയര്‍മാനുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞിരുന്നു.

നിലവില്‍ 50ലധികം രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് സേവനം നല്‍കുന്നുണ്ട്. 2024ല്‍ സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി മസ്‌ക് പ്രതികരിച്ചിരുന്നു.

പതിനായിരിക്കണക്കിന് ചെറിയ കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നും നേരിട്ട് അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണിത്. ചെറിയ ഒരു ഉപഗ്രഹങ്ങള്‍ക്കും ഏകദേശം 260 കിലോഗ്രാം (570 പൗണ്ട്) ഭാരമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Oppose Starlink’s entry into India; Center should withdraw operating permit: CPI(M)

We use cookies to give you the best possible experience. Learn more