മലയാള സിനിമയില്‍ നിന്ന് നേരിടേണ്ടി വന്ന അവഗണനകളെ കുറിച്ചും പല സിനിമകളില്‍ നിന്നും തന്നെ മാറ്റിയതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി സുമ ജയറാം. പല സിനിമകളിലും നല്ല കഥാപാത്രങ്ങള്‍ ഓഫര്‍ ചെയ്തിട്ടാകും നമ്മള്‍ പോകുകയെന്നും നാലോ അഞ്ചോ ദിവസം ഷൂട്ട് ചെയ്ത ശേഷം പക്ഷേ നമ്മളെ മാറ്റുമെന്നും അഡ്ജസ്റ്റുമെന്റുകള്‍ക്ക് തയ്യാറായില്ലെങ്കില്‍ പല അവസരങ്ങളും നഷ്ടമാകുമെന്നും സുമ ജയറാം പറയുന്നു.
ഭരതം എന്ന സിനിമയില്‍ തനിക്ക് ഓഫര്‍ ചെയ്ത വേഷം പിന്നീട് ചെയ്തത് സുചിത്രയാണെന്നും സുമ ജയറാം പറഞ്ഞു. അതുപോലെ പല സിനിമകളിലും ഒരുപാട് സീനുകളില്‍ നമ്മള്‍ അഭിനയിച്ചാലും പലതും ചില കാരണങ്ങള്‍ കൊണ്ട് അവര്‍ കട്ട് ചെയ്ത് കളയുമെന്നും മൈല്‍ സ്റ്റോണ്‍ സ്‌റ്റോറീസിന് നല്‍കിയ അഭിമുഖത്തില്‍ സുമ ജയറാം പറഞ്ഞു.
‘കമലദളത്തില്‍ നല്ലൊരു വേഷമായിരുന്നു. ഞാന്‍ അഭിനയിക്കുന്ന സമയത്ത് കുറച്ചധികം സീനുകള്‍ ഉണ്ടായിരുന്നു. അന്ന് സിനിമയ്ക്ക് ഒരുപാട് ലെങ്ത് വരുമ്പോഴേക്കും പല സീനുകളും കട്ട് ചെയ്യും. അപ്പോള്‍ നമ്മുടെ സീന്‍സ് രണ്ട് സീനിലേക്ക് ഒക്കെ ആയിപോകും. അല്ലെങ്കില്‍ ഒരു സീന്‍ ആയിപോകും. അങ്ങനെയാണ് പിന്നീട് ചെറിയ ക്യാരക്ടറിലേക്ക് ഒതുക്കപ്പെട്ടത്.
ഊമയായിട്ട് സുചിത്ര അഭിനയിച്ച മൂവി ഉണ്ടല്ലോ, ഭരതം. ഭരതത്തില്‍ സുചിത്ര ചെയ്ത വേഷത്തിനായി ഞാന്‍ ലൊക്കേഷനില്‍ പോയതാണ്. കോഴിക്കാടായിരുന്നു ലൊക്കേഷന്‍. അവിടെ ഞാന്‍ നാല് ദിവസം സ്‌റ്റേ ചെയ്തു. നാല് ദിവസം കഴിഞ്ഞപ്പോഴത്തേക്കും പത്മരാജന്‍ സാര്‍ മരിച്ചു എന്നുള്ള ഒരു വാര്‍ത്ത വന്നു.അതിന്റെ ഇടയില്‍ ലൊക്കേഷനില്‍ ഒരു സംസാരം വന്നു, അടക്കം കഴിഞ്ഞ ശേഷമേ ഇനി ഷൂട്ട് ഉണ്ടാകൂ എന്ന തരത്തില്‍. സുമ തിരിച്ചുപോയ്‌ക്കോളൂ എന്ന് പറഞ്ഞു. നമുക്ക് അറിയില്ലല്ലോ. തിരിച്ചെത്തി ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം ഞാന്‍ നാന മാഗസിനില്‍ കാണുന്നത് സുചിത്രയാണ് ആ വേഷം ചെയ്യുന്നത് എന്നാണ്.
സുമ ജയറാം Photo: Milestone Stories/Screen Grab
എനിക്ക് പറഞ്ഞു വെച്ച വേഷത്തിനാണ് ഞാന്‍ പോയത്. അന്ന് ആ വേഷം ചെയ്തിരുന്നെങ്കില്‍ അത് വലിയൊരു അവസരമായേനെ. അതുപോലെ ഒരുപാട് വേഷങ്ങള്‍. എന്റെ സൂര്യപുത്രിക്ക് സിനിമയുടെ ലൊക്കേഷിനില്‍ ഞാന്‍ ചെന്നത് അമലയുടെ സിസ്റ്റര്‍ ആയിട്ട് അഭിനയിക്കാനാണ്.
പക്ഷേ ആ റോളില്‍ വേറെ ആരെയോ പ്ലേസ് ചെയ്തു. എന്നെ സുഹൃത്തിന്റെ സീനിലേക്ക് മാറ്റി. അന്ന് അവളുടെ സിസ്റ്ററിന്റെ വേഷം ചെയ്യുന്നത് തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഒരു കുട്ടിയാണ്. ചെല്ലുന്ന സമയത്ത് പറയുന്ന ക്യാരക്ടറും അവസാനം നമ്മള്‍ അഭിനയിച്ചു കഴിയുമ്പോഴേക്കും അത് മറ്റൊന്നും ആയി മാറും.
ഞാനും അഭിനയിക്കാന്‍ വരുന്നു, ആ കുട്ടിയും അഭിനയിക്കാന്‍ വരുന്നു. അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുടെയും മനസ്സിലും ആ സിസ്റ്റര്‍ വേഷം ചെയ്യുന്നത് നമ്മള്‍ ആണെന്നാണ്.
രണ്ടു ദിവസത്തിനു മുന്‍പാണ് ഞാന്‍ അറിഞ്ഞത് ആ കുട്ടിയാണ് സിസ്റ്റര്‍ എന്നുള്ളത്. അപ്പോള്‍ നമുക്ക് ഇത്രയും വലിയ മൂവിയില്‍ ഫാസില്‍ സാറിനോട് ദേഷ്യപ്പെടാന്‍ പറ്റില്ല. അങ്ങനെയൊക്കെ എന്തൊക്കെയോ കാര്യങ്ങള്‍. അന്നത്തെ സമയം അങ്ങനെ ആയിരിക്കാം അറിയില്ല,’ സുമ ജയറാം പറഞ്ഞു.
അര്‍ഹിക്കുന്ന ബഹുമാനം കിട്ടുന്നില്ലെന്ന് ആ സമയത്തൊക്കെ തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് ഒരുപാട് പ്രാവശ്യം തോന്നിയിട്ടുണ്ടെന്നായിരുന്നു സുമ ജയറാമിന്റെ മറുപടി.
സുമ ജയറാം
തമിഴ്‌നാട്ടില്‍ നിന്ന് ഒരുപാട് കുട്ടികള്‍ ഇവിടെ വന്ന് അഭിനയിച്ചിട്ടുണ്ട്. ഞാന്‍ പേരെടുത്ത് പറയുന്നില്ല. അവരൊക്കെ ഏതൊക്കെയോ മോശം കണ്ടീഷനിലൂടെ കടന്നു പോയിട്ടുണ്ട്. ഇന്ന് അവരെയാക്കെ കാണുമ്പോള്‍ ഞാന്‍ ആലോചിക്കും, അന്നത്തെയൊക്കെ അവസ്ഥ ഇതായിരുന്നല്ലോ എന്ന്.
അന്ന് ആ വേഷങ്ങളൊക്കെ ഞാന്‍ ചെയ്തിരുന്നെങ്കില്‍ ഇന്നിപ്പോള്‍ മലയാളത്തില്‍ കുറച്ചു കൂടെ അറിയപ്പെടുന്ന നടിയായിട്ട് മാറുമായിരുന്നു. പക്ഷേ അന്നത്തെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. ഇന്നത്തെ പോലെ അല്ല. ഇന്നിപ്പോള്‍ മീടു അങ്ങനെയൊക്കെ ഒരുപാട് കാര്യങ്ങള്‍ ഉണ്ടല്ലോ
ഇന്‍ഡസ്ട്രി ഒരുപാട് മാറിയിട്ടുണ്ട് പണ്ട് അങ്ങനെ അല്ലായിരുന്നു.
ഒരുപാട് സാക്രിഫൈസും കാര്യങ്ങളും എല്ലാം ഉണ്ട്. നമുക്ക് അതില്‍ നിന്ന് വിട്ടുവീഴ്ച ചെയ്യാന്‍ പറ്റാതെ വരുമ്പോഴത്തേക്കും നമുക്ക് പല ചാന്‍സുകളും പോകും. നല്ല വേഷങ്ങള്‍ കിട്ടാനായിട്ട് നിന്ന് കൊടുത്തിരുന്നെങ്കില്‍ രക്ഷപ്പെട്ടേനെ. അതാണ് സത്യം. പക്ഷെ ആരും തുറന്നു പറയില്ല.
ഒരു ഡയറക്ടറിനെയോ ഒരു ആക്ടറിനെയോ ആരും ഒന്നും പറയത്തില്ല.
എല്ലാവരും ഈ ഫീല്‍ഡില്‍ ഉള്ളവരാണ്. അവര്‍ എന്താണെന്ന് നമുക്കറിയാം. പിന്നെ അവര്‍ക്കൊരു ഫാമിലി ഉണ്ട്. നമുക്കൊരു ഫാമിലി ഉണ്ട്. അപ്പോള്‍ ആരും പറയില്ല. അന്നൊക്കെ അവര്‍ വിചാരിക്കുന്ന പോലെ കിട്ടിയില്ലെങ്കില്‍ നമ്മളെ മാറ്റും. അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാണെങ്കില്‍ വേഷം കിട്ടും. അത്തരത്തില്‍ പല സിറ്റുവേഷനും ഹാന്‍ഡില്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്.
സുമ ജയറാം Photo: Instagram/Screen Grab
ഇപ്പോഴത്തെ കുട്ടികളൊക്കെ നേരിട്ട് അങ്ങ് പറയുകയല്ലേ എല്ലാം വെട്ടിത്തുറന്നും മീഡിയയിലുമൊക്കെയായി പറയാം. അന്ന് അതിന് കഴിയില്ല. എല്ലാവര്‍ക്കും ഉള്ളിന്റെ ഉള്ളില്‍ ഒരു പേടിയുണ്ട്. മുകളില്‍ നില്‍ക്കുന്ന ആക്ടേഴ്‌സിനെ പേടിയുണ്ട്.
അത്തരത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്ന ഒരുപാട് ആക്ടേഴ്‌സ് ഇപ്പോഴും ഉണ്ടല്ലോ. അത്തരത്തില്‍ തുറന്നു പറഞ്ഞ ആളുകള്‍ക്ക് ഇപ്പോഴും ചാന്‍സ് കുറവല്ലേ,’ സുമ ജയറാം പറഞ്ഞു.
Content Highlight: Opportunities will come if you are ready to make ‘adjustments says actress Suma Jayaram