മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “ഒപ്പം” സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനാണ് ഒപ്പത്തിന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് ബസ്റ്റര്‍ ചിത്രം പ്രേമത്തിന്റെ സംവിധായകന്‍ ഒരുക്കുന്ന ട്രെയിലറിനായി കാത്തിരിക്കണമെന്ന് പ്രിയദര്‍ശന്‍ നേരത്തേ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിന്നു.
ചിത്രത്തില്‍ അന്ധനായ കഥാപാത്രമായാണ് ലാല്‍ എത്തുന്നത്. ഒരു ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം.
നവാഗതനായ ഗോവിന്ദ് വിജയിന്റെതാണ് കഥ. ഒരു കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയാകുന്ന നായകന്‍ കുറ്റവാളി താനാണെന്ന് മുദ്രകുത്തപ്പെടുന്നതോടെ യഥാര്‍ത്ഥ കൊലപാതകിയെ അന്വേഷിച്ച് ഇറങ്ങുന്നതാണ് ചിത്രത്തിന്റ കഥ. തമിഴ്‌നടന്‍ സമുദ്രക്കനിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നത്.
ഗീതാഞ്ജലി എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിയ്ക്കുന്ന ചിത്രമാണ് ഒപ്പം. പ്രിയദര്‍ശന്‍ ആദ്യമായി ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ഒരുക്കുന്നു എന്നതാണ് ഒപ്പത്തെ സംബന്ധിച്ചുള്ള ആദ്യത്തെ പ്രത്യേകത.
വിമല രാമനാണ് ചിത്രത്തെ നായികയായെത്തുന്നത്. നെടുമുടി വേണു, ബേബി മീനാക്ഷി, ഇടവേള ബാബു, ചെമ്പന്‍ വിനോദ്, രണ്‍ജി പണിക്കര്‍, അനുശ്രീ, സിദ്ധിഖ്, അജു, സമുദ്രക്കനി, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.