ജന്മി- സാമ്രാജ്യത്വ വാഴ്ചയ്‌ക്കെതിരായ പോരാട്ടത്തിലെ ഉജ്ജ്വലമായ ഏടാണ് കരിവെള്ളൂര്‍ സമരം. മണ്ണിനും മനുഷ്യര്‍ക്കും വേണ്ടി ഏഴു പതിറ്റാണ്ടിനപ്പുറം ഹൃദയരക്തം ചൊരിഞ്ഞ മണ്ണില്‍ നിന്നാണ് ജന്മിത്വത്തിന്റെ അക്രമപ്പിരിവുകളായ വാശിയും നുരിയും വെച്ചു കാണലും വാരവും പാട്ടവും കങ്കാണിയും നിര്‍ത്തലാക്കാന്‍ പണിയെടുക്കുന്ന മനുഷ്യര്‍ ആദ്യത്തെ പട നയിച്ചത്. രാഷ്ട്രീയ ജന്മിത്വത്തിന്റെ പുതിയ കാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട “സാലറി ചാലഞ്ച് ” എന്ന അക്രമപ്പിരിവിനെതിരെ രാഷ്ട്രീയ ബോധ്യത്തിന്റെ ആദ്യ പ്രതിഷേധം ഉയര്‍ന്നു വന്നതും കരിവെള്ളൂരിന്റെ മണ്ണില്‍ നിന്നു തന്നെ എന്നത് യാദൃച്ഛികമല്ല.
പോരാട്ട ചരിത്രത്തെ മന്ത്രമാക്കി മാറ്റി ഭരണകൂട ദാസ്യവേല നടത്തുന്നതലത്തിലേക്ക് മുഖ്യധാരാ ഇടതുപക്ഷം അരാഷ്ട്രീയമാകുകയും, രാഷ്ട്രീയമായ ചലനങ്ങളെ സംഘടനാബലം കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തില്‍ അതുണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ച് അവര്‍ ചിന്തിക്കുന്നതേയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
തൊണ്ണൂറു വര്‍ഷത്തിനപ്പുറം “തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം” ( കൊല്ലവര്‍ഷം 1099) എന്നു പഴമക്കാര്‍ പറയുന്ന മഹാപ്രളയത്തിനു ശേഷം കേരളം കണ്ട വലിയ പ്രകൃതിക്ഷോഭമായിരുന്നു ഇക്കഴിഞ്ഞ ആഗസ്തിലെ പ്രളയം. പ്രളയം തകര്‍ത്ത കേരളത്തെ പുതുക്കിപ്പണിയാന്‍ ആരുടേയും ആഹ്വാനമില്ലാതെ ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ മനുഷ്യരും മുന്നിട്ടിറങ്ങിയത് നാം കണ്ടതാണ്. ഈ ദുരിതകാലത്താണ് “സാലറി ചാലഞ്ച് ” എന്ന പുതിയ പദം മലയാള മണ്ണിലെത്തുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം അഭ്യര്‍ത്ഥിച്ചു കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയിലൂടെയാണ് “സാലറി ചാലഞ്ച് ” എന്ന പദം മലയാളികള്‍ ആദ്യം അറിയുന്നത്. ലോകത്തെങ്ങുമുള്ള മുഴുവന്‍ മലയാളികളും ഈ ചാലഞ്ചില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച മുഖ്യമന്ത്രിയുടെ സ്വരം പക്ഷേ; ഖജനാവില്‍ നിന്ന് മാസ ശമ്പളം പറ്റുന്ന ജീവനക്കാരുടെ മുമ്പില്‍ ഉത്തരവായെത്തിയപ്പോള്‍ കര്‍ക്കശമായി ! .
സെപ്തംബര്‍ 11 ലെ ഉത്തരവ് വായിച്ചപ്പോഴാണ് ജീവനക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിപ്പോയത്. … ജോലി ചെയ്തതിന്റെ ശമ്പളം ലഭിക്കുന്നതിന് വിസമ്മതപത്രം ( “നോ” സ്റ്റേറ്റ്‌മെന്റ് ) നല്‍കണമെന്ന്!. പണിയെടുത്തതിന്റെ കൂലി തടഞ്ഞുവെച്ച് ഇതില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ നിശ്ചയിച്ച തുക തരുന്നതില്‍ എതിര്‍പ്പുള്ളവര്‍ വിസമ്മതപത്രം തരണമെന്നു പറയുന്നത് സമീപകാല ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.
അധ്വാനത്തത്തിനുള്ള കൂലി ആരുടേയും ഔദാര്യമല്ല; അത് പണിയെടുക്കുന്നവന്റെ അവകാശമാണ് എന്ന് എപ്പോഴുമെപ്പോഴും ഓര്‍മ്മിപ്പിക്കുന്നവര്‍ ഭരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കണ്ടപ്പോള്‍ ചിലരെല്ലാം മൂക്കത്ത് വിരല്‍ വച്ചു.രാഷ്ട്രീയ ബോധവും ആത്മാഭിമാനവും ഇനിയും കൈവെടിയാത്ത മനുഷ്യര്‍ തൊഴിലാളി വിരുദ്ധമായ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്യാനായി മുന്നോട്ടുവന്നു എന്നത് ശ്രദ്ധേയമാണ്.
“ശമ്പളം വെല്ലുവിളി”, “ശമ്പളം നേരിടുന്ന വെല്ലുവിളി”, “ശമ്പളം ഉപേക്ഷിച്ചു കൊണ്ട് വെല്ലുവിളി ഏറ്റെടുക്കല്‍” എന്നെല്ലാം അര്‍ത്ഥം കല്പിക്കാവുന്ന ഈ “സാലറി ചാലഞ്ച് ” വാസ്തവത്തില്‍ എന്താണ്? ഇതു സംബന്ധിച്ച് കാര്യമായ ഒരു ചര്‍ച്ചയും കേരളീയ സമൂഹത്തില്‍ നടന്നിട്ടില്ല. പലരും ധരിക്കുന്നതു പോലെ ഇത് ഒരു ദുരിതാശ്വാസ ഫണ്ടല്ല. സംഭാവന പോലുമല്ല. അതിന്റെ രാഷ്ട്രീയ മാനം മറ്റൊന്നാണ്.
തൊഴിലാളികളും ജീവനക്കാരും പൊരുതി നേടിയ അവകാശങ്ങള്‍ക്കെതിരെയുള്ളതാണ് “സാലറി ചാലഞ്ച് “. ശമ്പളത്തിനെതിരെയാണ് ആക്രമണം വന്നിട്ടുള്ളത്.”ചാലഞ്ച് ” എന്നത് പ്രളയവുമായി മാത്രം ബന്ധപ്പെട്ട ഒരു വിഷയമല്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടത്തിന് അതിസമര്‍ത്ഥമായി അതു നടപ്പിലാക്കാന്‍ സാധിക്കുന്നു എന്നു മാത്രം. ഇതൊരു ലോക ബാങ്ക് അജണ്ടയാണ്. വായ്പാ തിരിച്ചടവ് , പ്രതിസന്ധി സൃഷ്ടിക്കുന്ന സാമ്പത്തിക ഞെരുക്കത്തെ ശമ്പളവും പെന്‍ഷനും വെട്ടിച്ചുരുക്കുന്ന നയ നടപടികള്‍ സ്വീകരിച്ചു കൊണ്ട് മറികടക്കാന്‍ നടത്തുന്ന ശ്രമമാണിത്.
1989 മുതലുള്ള ലോക ബാങ്കിന്റെ ഡിസ്‌ക്കഷന്‍ പേപ്പറുകളില്‍ വ്യക്തമായി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളും മറ്റു സാമൂഹ്യ പ്രതിസന്ധികളും ഇത്തരം നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള സന്ദര്‍ഭങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ലോകാനുഭവങ്ങളും നിലവിലുണ്ട്. കത്രീന ചുഴലി കൊടുങ്കാറ്റിന്റെ ഘട്ടത്തില്‍ അമേരിക്കന്‍ സംസ്ഥാനങ്ങളിലും ടയ ഫൂണ്‍ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഹെയ്ത്തി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ഇത് നടപ്പാക്കിയിട്ടുണ്ട്.
ഗ്രീസ്, സൈപ്രസ്, ഐസ്ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ഇതേ നയങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്‍കൈ എടുത്തത് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും ഇപ്പോള്‍ ഐ.എം.എഫിന്റെ ചീഫ് ഇക്കണോമിസ്റ്റുമായി നിയമിതയാവുകയും ചെയ്ത ഗീതാ ഗോപിനാഥാണെന്നറിയുമ്പോഴാണ് ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിഷ്‌ക്കളങ്കമല്ലെന്ന് നാം തിരിച്ചറിയുന്നത്.
“സാലറി കട്ട് ” എന്ന പേരില്‍ മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നടപ്പാക്കിയ നവലിബറല്‍ നയങ്ങള്‍ അല്പമൊന്ന് മിനുക്കി “സാലറി ചാലഞ്ച് ” എന്ന പേരില്‍ പ്രളയത്തിന്റെ മറവില്‍ കേരളത്തില്‍ അവതരിപ്പിച്ചു എന്നു മാത്രം! ഇത്തരം നവലിബറല്‍ നയങ്ങള്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ വമ്പിച്ച തൊഴിലാളി പ്രക്ഷോഭണങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായി.
ഗീതാ ഗോപിനാഥിന്റെ കാര്‍മ്മികത്വത്തില്‍ ഗ്രീസ്, ഐസ്ലാന്റ്, സൈപ്രസ് എന്നീ രാജ്യങ്ങളില്‍ എന്താണ് നടപ്പാക്കിയതെന്ന് പരിശോധിക്കാം. തൊഴില്‍ വിഭജന സമ്പ്രദായം (Job Evaluation System) , തൊഴില്‍ തരംതിരിവു സമ്പ്രദായം (Job classification System), മണിക്കൂര്‍ കണക്കാക്കിയുള്ള വേതനം ( Hourly Basis ) എന്നിവയെ അടിസ്ഥാനമാക്കി ശമ്പളം പരിഷ്‌ക്കരിക്കുകയും പബ്ലിക്ക് പെന്‍ഷന്‍ പില്ലറിന്റെ ആധിപത്യം ഇല്ലാതാക്കി മള്‍ട്ടി പില്ലര്‍ സിസ്റ്റം കൊണ്ടുവരികയും ചെയ്തു.
സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പെന്‍ഷന്‍ഫണ്ടുകള്‍ രൂപീകരിച്ചു. ഇതിന്റെ ഭാഗമായി PAY AS YOU G0 (PAYG) പെന്‍ഷന്‍ ഏര്‍പ്പെടുത്തി. മൂലധനശക്തികളുടെ താല്പര്യാര്‍ത്ഥം നടപ്പാക്കിയ ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാരിതോഷികമാണ് ഗീതാ ഗോപിനാഥിന് ഇപ്പോള്‍ കിട്ടിയ ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് എന്ന പദവി. സി.പി.ഐ (എം) ന്റെ മുഖപത്രമായ “ദേശാഭിമാനി” ഗീതാ ഗോപിനാഥിന്റെ സ്ഥാനലബ്ധിയെ പക്ഷേ, മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചത്.
“”ഗ്രീസിലും ഐസ്ലാന്റിലും ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെപ്പറ്റി ഇവര്‍ നടത്തിയ ഗവേഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു.”” (ദേശാഭിമാനി / 2018 ഒക്ടോബര്‍ 2). ശമ്പളവും പെന്‍ഷനും വെട്ടിച്ചുരുക്കി സ്വകാര്യ പെന്‍ഷന്‍ഫണ്ടുകള്‍ രൂപീകരിച്ച് തൊഴിലാളികളുടെ ആനുകൂല്യങ്ങളെ ഊഹ മൂലധനക്കമ്പോളത്തിലെറിഞ്ഞു കൊടുക്കുന്ന നയങ്ങളെ ഗവേഷണ പ്രവര്‍ത്തനമായി കാണുന്നതെങ്ങനെയാണ്? മാര്‍ക്‌സിസ്റ്റ് നിലപാട് പോയിട്ട് ഇതൊരു ബൂര്‍ഷ്വാ ജനാധിപത്യ നിലപാടു പോലുമല്ല.
ലോക ബാങ്ക് സംഘവുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് കേരളത്തിലും നവലിബറല്‍ നയങ്ങളുടെ ഭാഗമായി ശമ്പളത്തിനു മേലുള്ള കയ്യേറ്റമെന്നോണം” സാലറി ചാലഞ്ച് “വന്നത്. ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കാന്‍ 2002 ല്‍ എ.കെ.ആന്റണി സര്‍ക്കാര്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളുടെ തന്നെ തുടര്‍ച്ച തന്നെയാണ് ഇപ്പോള്‍ സംഭവിച്ചത്.
അന്ന് ഏ.ഡി.ബി വായ്പയുടെ മുന്നോടിയായാണ് ഈ നിര്‍ദ്ദേശം അവതരിപ്പിക്കപ്പെട്ടത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാനായി ആന്റണി സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമത്തിനെതിരെ 32 ദിവസം നീണ്ടു നിന്ന സമാനതകളില്ലാത്ത സമരം ചരിത്രത്തില്‍ ഇടം നേടിയതാണ്. അതിനെ തുടര്‍ന്നു വന്ന ” പങ്കാളിത്ത പെന്‍ഷന്‍ ” എന്നത് സ്റ്റാറ്റിയൂട്ടറി പെന്‍ഷനെ അട്ടിമറിക്കുന്നതായിരുന്നു. അതിപ്പോഴും പൂര്‍ണ്ണമായി പിന്‍വലിക്കാതെ നിലനിര്‍ത്തിയിരിക്കുകയുമാണ്.
ഇനി കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ ” സാലറി ചാലഞ്ച് “നടപ്പാക്കാന്‍ അവലംബിച്ച രീതി എന്താണെന്നു നോക്കാം. തികച്ചും ഏകാധിപത്യപരവും അങ്ങേയറ്റം ഫാസിസ്റ്റുമായ സമീപനമാണ് സര്‍ക്കാരിന്റേത്. 2018 സപ്തംബര്‍ 11 ന്റെ ഉത്തരവ് വാസ്തവത്തില്‍ ശമ്പളം പിടിച്ചെടുക്കുന്ന ഉത്തരവ് തന്നെയാണ്.”നോ”സ്റ്റേറ്റ്‌മെന്റ് നല്‍കാത്തവരുടെ 10% ശമ്പളം ഡിഡക്ട് ചെയ്യാനുള്ള ഉത്തരവാണിത്. ഒരു ജനാധിപത്യ ഗവണ്‍മെന്റ് ജീവനക്കാരോടും തൊഴിലാളികളോടും ഇങ്ങനെയാണോ പെരുമാറേണ്ടത് ?
ജോലിയെടുക്കാനും കൂലി ലഭിക്കാനുമുള്ള അവകാശം തൊഴിലാളികളുടെ മൗലികാവകാശമാണ്. ഇന്ത്യന്‍ ഭരണഘടന അത് ഉറപ്പ് നല്‍കുന്നുണ്ട്. മാത്രമല്ല; കൂലി തൊഴിലാളിയുടെ സ്വകാര്യ സ്വത്താണെന്നും അത് എങ്ങനെ വിനിയോഗിക്കുന്നമെന്നു തീരുമാനിക്കാനുള്ള പൂര്‍ണ്ണമായ അധികാരം തൊഴിലാളിക്കുണ്ടെന്ന് ഭരണഘടന ഊന്നിപ്പറയുന്നു. മാനവരാശി പൊരുതി നേടിയ അവകാശമാണിതെന്ന് സമര ചരിത്രം പരിശോധിച്ചാല്‍ അറിയാം. ഏതെങ്കിലും ഭരണകൂടത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ ഔദാര്യമല്ലിത്.
ആഗോള നിക്ഷേപ മൂലധനത്തിന്റെ താല്പര്യാര്‍ത്ഥം കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ മുഴുവന്‍ ദേദഗതി ചെയ്യുന്ന കാലമാണിത്. ദേശവ്യാപകമായി ഇതിനെതിരെ പ്രക്ഷോഭങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള പരിശ്രമങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ് പൊതുവെ ട്രേഡ് യൂണിയനുകളെല്ലാം തന്നെ. എന്നാല്‍ കേരളത്തിലെ സര്‍വ്വീസ് സംഘടനകള്‍ക്ക് ഇതൊന്നും ബാധകമല്ല എന്ന അവസ്ഥയാണ്.
സര്‍ക്കാര്‍ വിലാസം സംഘടനകള്‍ ഇതൊന്നും പരിഗണിക്കാതെ ഭരണകൂട ഭാഷ്യം തൊണ്ട തൊടാതെ വിഴുങ്ങുകയാണ്.” സാലറി ചാലഞ്ച് ” നൂറു ശതമാനമാക്കി വിജയിപ്പിക്കാനുള്ള തകൃതിയായ ശ്രമം നടത്തുകയായിരിരുന്നു അവര്‍. “സാലറി ചാലഞ്ചി”ന്റെ രാഷ്ട്രീയാര്‍ത്ഥം ഗ്രഹിക്കാതെ ഇടതു-വലതു സംഘടനകള്‍ പരസ്പരം ചക്കളത്തിപ്പോരാട്ടം നടത്തുന്നതും കേരളം കണ്ടു. നമ്മുടെ സര്‍വ്വീസ് സംഘടനകളൊന്നും ജീവനക്കാര്‍ക്കു വേണ്ടിയുള്ളതല്ല എന്നുള്ളതാണ് വാസ്തവം. അവ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളാണ്. ഔദ്യോഗിക ജീവിതത്തിനു ശേഷം നല്ല രാഷ്ട്രീയ ഭാവി സ്വപ്നം കാണുന്ന നേതാക്കന്മാരേ നമുക്കുള്ളൂ!
ഈയൊരു പശ്ചാത്തലത്തിലാണ് പ്രോഗ്രസ്സീവ് ടീച്ചേഴ്‌സ് ഫോറത്തിന്റെയും വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെയും പ്രവര്‍ത്തകരായ അഞ്ചു പേര്‍ കേരള ഹൈക്കോടതിയില്‍ “സാലറി ചാലഞ്ചി”നെതിരെ റിട്ട് സമര്‍പ്പിച്ചതും അനുകൂല വിധി സമ്പാദിച്ചതും.ഇതിന് സമാനമായ മറ്റു കേസുകളും കോടതിയുടെ മുന്നിലുണ്ടായിരുന്നു.
ഒക്ടോബര്‍ 9 ന്റെ വിധിയിലൂടെ കോടതി “സാലറി ചാലഞ്ച് ” സ്റ്റേ ചെയ്തു. ഇത് തൊഴിലാളി വിരുദ്ധ നയം സ്വീകരിച്ച സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. സപ്തംബര്‍ 11 ന്റെ കറുത്ത ഉത്തരവിലെ പത്താം വകുപ്പായ “വിസമ്മതപത്രം” സ്റ്റേ ചെയ്തു കൊണ്ട് സര്‍ക്കാരിനെ കോടതി നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു.
“ജോലി ചെയ്തതിന്റെ ശമ്പളം ലഭിക്കുന്നതിന് വിസമ്മതപത്രം (“നോ”സ്‌റേററ്റ്‌മെന്റ് ) നല്‍കണമെന്നു പറയാന്‍ ഗവണ്‍മെന്റിന് അധികാരമില്ലെന്നും തടഞ്ഞുവെച്ച ശമ്പളം ആദ്യം റിലീസ് ചെയ്തു കൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് പരിധിയില്ലാത്ത സംഭാവന അഭ്യര്‍ത്ഥിക്കുകയാണ് വേണ്ടതെന്നുമുള്ള പ്രോഗ്രസ്സീവ് ടീച്ചേഴ്‌സ് ഫോറത്തിന്റെ വാദം ശരിവെച്ചു കൊണ്ട് കോടതി ഇത്ര കൂടി പറഞ്ഞു: “ആത്മാഭിമാനമില്ലാതെ ജീവിക്കുന്നതിനെക്കാള്‍ നല്ലത്, ആയിരം വട്ടം മരിക്കുന്നതാണ് “. ഫ്രഞ്ചു ചിന്തകന്റെ അര്‍ത്ഥഗര്‍ഭമായ ഈ വാക്കുകളുടെ ജ്വാലയാല്‍ പ്രശോഭിതമായ ഈ വിധി ആത്മാഭിമാനികളായ അധ്യാപകരുടെ പോരാട്ടത്തെ ശരിവെക്കുന്നതായിരുന്നു.
വിദ്യാഭ്യാസ രംഗത്തെ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പോരാടുന്ന ബഹുജന സംഘടനകളുടെ വിശാല വേദിയായ “ആള്‍ ഇന്ത്യാ ഫോറം ഫോര്‍ റൈറ്റ് റ്റു എഡ്യൂക്കേഷന്റെ ” ഘടക സംഘടനയായ പ്രോഗ്രസ്സീവ് ടീച്ചേഴ്‌സ് ഫോറത്തിന്റെ പോരാട്ടം ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും. അനുദിനം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നാട്ടില്‍ മുഖ്യധാരാ പ്രസ്ഥാനങ്ങളുടെ ഭീഷണികള്‍ക്കു മുമ്പില്‍ മുട്ടുമടക്കാതെ മുന്നോട്ടു പോകാന്‍ ഈ സംഘടനയ്ക്ക് സാധിച്ചത് അത് ഉയര്‍ത്തിപ്പിടിച്ച ശരിയായ രാഷ്ട്രീയത്തിന്റെ ശക്തി മൂലമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളെ ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയില്‍ കേസിന് പോയത് മുഖ്യധാരാ പാര്‍ട്ടിയെ വല്ലാതെ വിറളിപിടിപ്പിച്ചു.കേസിനു പോയ അഞ്ചുപേരില്‍ കെ.രാജന്‍, പി.മുരളീധരന്‍ എന്നീ രണ്ടധ്യാപകര്‍ കരിവെള്ളൂര്‍ സ്വദേശികളാണ്. അവരെ ഒറ്റുകാരും വര്‍ഗ്ഗവഞ്ചകരും നാടിന്റെ ദുരന്തങ്ങളുമായി ചിത്രീകരിച്ച് സൈബര്‍ ആക്രമണങ്ങളും ഭീഷണികളും കൊലവിളികളും നടത്തി. വ്യക്തിഹത്യ ചെയ്തു കൊണ്ടും സാമൂഹ്യ ഭ്രഷ്ട് കല്പിച്ചു കൊണ്ടും DYFl എന്ന യുവജന സംഘടനയുടെ പേരിലുള്ള പോസ്റ്ററുകള്‍ തെരുവോരങ്ങളിലെ ചുമരുകളില്‍ പതിച്ചു.കായികാക്രമണത്തിനായി ഗുണ്ടകളെ പറഞ്ഞു വിട്ടും പൊതുപരിപാടികളില്‍ പഞ്ചായത്ത് ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും അധ്യാപകര്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണത്തിന് ആക്കം കൂട്ടി.
എല്ലാം നഷ്ടപെട്ട ഒരു ജനതയെ സഹായിക്കുന്നതില്‍ പ്രോഗ്രസീവ് ടീച്ചേര്‍സ് ഫോറം എതിരാണ് എന്ന ആസൂത്രണ പ്രചരണം നടക്കുമ്പോള്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കാതെ വയ്യ. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേരളമൊന്നാകെ മുന്നോട്ടു വന്നപ്പോള്‍ അതില്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചവരാണ് പ്രോഗ്രസ്സീവ് ടീച്ചേഴ്‌സ് ഫോറത്തിന്റെയും വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെയും പ്രവര്‍ത്തകര്‍.വയനാട് ജില്ലയിലെ പനമരത്തെ വിവിധ വിദ്യാലയങ്ങളില്‍ ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുസ്തകം ബേഗ്, പേന, പെന്‍സില്‍ തുടങ്ങിയവ വിതരണം ചെയ്യുകയുണ്ടായി. ആള്‍ ഇന്ത്യാ ഫോറം ഫോര്‍ റൈറ്റ് റ്റു എഡ്യൂക്കേഷന്‍ പ്രസീഡിയം മെമ്പര്‍ ഡോ: വി.പ്രസാദ്, അഡ്വ: ജോണി സെബാസ്റ്റ്യന്‍ എന്നിവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വയനാട് പനമരത്തെ ഒരു വിദ്യാലയത്തില്‍ പുസ്തകവും ബേഗുമടങ്ങുന്ന സഹായം വിതരണം ചെയ്ത ചടങ്ങ്.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മടിയുള്ളവരും മനുഷ്യത്വമില്ലാത്തവരുമാണ്, സാലറി ചാലഞ്ചിനെ തകര്‍ക്കാന്‍ സര്‍ക്കാരിനെതിരെ കേസിനു പോയ അധ്യാപകര്‍ എന്നാണ് ആക്ഷേപം.എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? പ്രളയത്തിന്റെ തുടക്കത്തില്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് രണ്ടു ദിവസത്തെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സ് തുകയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയവരാണ് “ഒറ്റുകാരും വഞ്ചകരു”മെന്ന് ആക്ഷേപിക്കപ്പെടുന്ന അധ്യാപകര്‍ !” നാട്ടിലുള്ള സന്നദ്ധ സംഘടനകള്‍ക്ക് ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള ഫണ്ടിലേക്ക് കയ്യയച്ച് സംഭാവന നല്‍കിയവരാണവര്‍.
ജോലി ചെയ്തതിനുള്ള ശമ്പളം പൂര്‍ണ്ണമായി ലഭിച്ചാല്‍ അവരവരുടെ ശേഷിക്കും ബോധ്യത്തിനും അനുസരിച്ച് നിറഞ്ഞ മനസ്സോടെ കാര്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും എന്ന് ഈ അധ്യാപകര്‍ നേരത്തെ വ്യക്തമാക്കിയതാണ്.അത് പ്രകാരം ശമ്പളം ലഭിച്ച യുടന്‍ ഈ അഞ്ചു പേരും 10000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുമുണ്ട്.
തുടര്‍ ദിവസങ്ങളില്‍ പയ്യന്നൂരിലും കണ്ണൂരിലും പരിസ്ഥിതി -മനുഷ്യാവകാശ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായ ഒട്ടു വളരെപ്പേര്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. പയ്യന്നൂരില്‍ ഒക്ടോബര്‍ 6ന് പ്രകടനവും പൊതുയോഗവും നടന്നു. ഗാന്ധി പാര്‍ക്കില്‍ നടന്ന പൊതുയോഗത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഉമേഷ് ബാബു.കെ.സി ഉദ്ഘാടനം ചെയ്തു.ആര്‍.എം.പി.ഐ സംസ്ഥാന പ്രസിഡണ്ട് ടി.എല്‍.സന്തോഷ്, സി.പി.ഐ (എംഎല്‍) റെഡ് സ്റ്റാര്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വിനോദ് കുമാര്‍ രാമന്തളി, എസ്.യു.സി.ഐ (കമ്യൂണിസ്റ്റ് ) നേതാവ് കെ.കെ.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം സി.പി.ഐ (എംഎല്‍) റെഡ് സ്റ്റാര്‍ പോളിറ്റ് ബ്യൂറോ അംഗം ഡോ: പി.ജെ.ജെയിംസ് ഉദ്ഘാടനം ചെയ്തു.കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.സി.രാജന്‍, ആള്‍ ഇന്ത്യ ഫോറം ഫോര്‍ റൈറ്റ് റ്റു എഡ്യൂക്കേഷന്‍ പ്രസീഡിയം മെമ്പര്‍ ഡോ: വി.പ്രസാദ്, ഉമേഷ് ബാബു.കെ.സി, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) നേതാവ് ഭദ്രന്‍ ,അഡ്വ: കസ്തൂരി ദേവന്‍, കെ.സുനില്‍കുമാര്‍, സി.ശശി എന്നിവര്‍ സംസാരിച്ചു. പയ്യന്നൂരിലും കണ്ണൂരിലും നടന്ന പരിപാടി ജനശ്രദ്ധയാകര്‍ഷിക്കുന്നതായി മാറി.
കരിവെള്ളൂര്‍ എന്ന ചരിത്ര ഭൂമിയുടെ പാരമ്പര്യം പറഞ്ഞു അധ്യാപകരുടെ പോരാട്ടത്തെ അപഹസിക്കുന്നവര്‍ വലതുപക്ഷ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ പൊതു സമൂഹം;വിശേഷിച്ച് യുവതലമുറ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നുള്ളത് ആശങ്കാജനകമാണ്.ഇത്തരമൊരു സമയത്ത് പൊതുസമൂഹം പ്രദര്‍ശിപ്പിക്കുന്ന മൗനത്തില്‍ നിന്ന് കേള്‍ക്കാന്‍ കഴിയുന്നത് ഫാഷിസത്തിന്റെ കുളമ്പടിയൊച്ചകളാണ്.
സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കാനുള്ള കാഹളം മുഴക്കിയ ഒരു നാട് അപനയിക്കപ്പെടുന്നു എന്നത് ഭാവി എത്രമാത്രം ഇരുണ്ടതാണെന്നാണ് കാണിക്കുന്നത്. അന്തരീക്ഷത്തില്‍ ഇരുട്ടു പരക്കുമ്പോഴും പോരാട്ടത്തിന്റെ തീപ്പന്തങ്ങളുമായി ഇനിയും മരിക്കാത്ത പോരാളികള്‍ ഈ മണ്ണിലുണ്ടെന്നത് മുന്നോട്ടു കുതിക്കാന്‍ ഊര്‍ജ്ജം നല്‍കുന്നു.