തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്ക്കെതിരെ കേരള പൊലീസ് നടത്തുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വലിയ ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യന്‍ ഡി.ജി.പിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാര്‍ യോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയതായും ലഹരിക്കടത്ത് തടയാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എസ്.പി റാങ്കിലുള്ള നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര ഏജന്‍സികളെയും അയല്‍സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരെയും ഏകോപിപ്പിച്ചുകൊണ്ടുള്ള വിപുലമായ സുരക്ഷാ നടപടികളാണ് ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.
കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നതിനുള്ള എല്ലാ വഴികളും പൂര്‍ണ്ണമായി അടയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ട്രെയിന്‍, ബസ്, വിമാനം, ബോട്ട് എന്നിവ വഴിയുള്ള ലഹരിക്കടത്ത് കര്‍ശനമായി തടഞ്ഞ് കേരളത്തെ ലഹരിമുക്തമാക്കുക എന്നതാണ് ഈ സംയുക്ത നീക്കത്തിന്റെ പ്രധാന അജണ്ടയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന് തൂഫാന് കൂടുതല് ശക്തമാക്കാന് ഇന്ന് തീരുമാനിച്ചു. ക്ലോസ് കോഡിനേഷനോട് കൂടി ഓപ്പറേഷന് തൂഫാനെ വിജയിപ്പിക്കാനാണ് കേരളം തീരുമാനിച്ചിരിക്കുന്നത്. അതിന് എല്ലാ സഹായവും ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികള് നല്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.
ദക്ഷിണേന്ത്യയിലെ മറ്റ് നാല് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമായും സഹകരിച്ച് ലഹരി വിരുദ്ധ പ്രവര്ത്തനങ്ങള് ശക്തമാക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. പൊലീസ് മേധാവികളുടെ യോഗം ഇടക്കിടക്ക് വിളിച്ച് ചേര്ക്കുമെന്നും മറ്റ് ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഈ യോഗം ഇടക്കിടക്ക് വിളിച്ച് ചേര്ക്കും. അങ്ങനെ ക്ലോസ് കോര്ഡിനേഷനില് ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ പൊലീസും സെന്ട്രല് ഏജന്സികളും നര്കോടിക് എന്ന ഡര്ട്ടി ബിസിനസ് ഇല്ലാതാക്കാനുള്ള പ്രവര്ത്തനങ്ങളുമായി മുന്നോട്ട് പോവുമെന്ന് ചെന്നിത്തല പറഞ്ഞു.
പൊലീസിന്റെ കര്‍ശന പരിശോധനകളെ തുടര്‍ന്ന് മയക്കുമരുന്ന് മാഫിയകള്‍ ലഹരിക്കടത്തിനായി പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളും കൊറിയറുകളും വഴിയാണ് പ്രധാനമായും ലഹരിമരുന്ന് എത്തുന്നത്. കൂടാതെ, ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് യാതൊരുവിധ മരുന്നുകളും വിതരണം ചെയ്യരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. ക്യാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്നുകള്‍ വരെ വാങ്ങി ലഹരിക്കായി ഉപയോഗിക്കുന്ന അവസ്ഥ നിലവിലുണ്ട്.
ഇത്തരം പ്രവണതകള്‍ തടയാന്‍ മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ അതീവ ജാഗ്രത പുലര്‍ത്തണം. ലഹരി മരുന്നുകളുടെ ദുരുപയോഗം തടയുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും, ആവശ്യമെങ്കില്‍ വരും ദിവസങ്ങളില്‍ ഇരു വകുപ്പുകളും സംയുക്തമായി പരിശോധനകള്‍ നടത്തുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
Content Highlight: Operation Toofan has created an impact in other states as well says Home Minister Ramesh Chennithala