തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരായ ശക്തമായ നടപടികളുമായി മുന്നേറുന്ന ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്താകെ ഇതുവരെ 10,015 പേരെ അറസ്റ്റ് ചെയ്യുകയും 9,280 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഏറ്റവും കൂടുതല്‍ അറസ്റ്റുകള്‍ നടന്നിരിക്കുന്നത് എറണാകുളത്താണ്. റൂറലും സിറ്റിയുമായി 1393 പേരാണ് അറസ്റ്റിലായിരിക്കുന്നത്. എറണാകുളത്തിന് പിന്നാലെ കോഴിക്കോട് 1373, മലപ്പുറം 999, തിരുവനന്തപുരം 894, കൊല്ലം 846 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഏറ്റവും കുറവ് കാസര്‍കോടാണ്. 197 കേസുകളിലായി 229 അറസ്റ്റുകള്‍. തൊട്ടുപിന്നില്‍ പത്തനംതിട്ടയും വയനാടും കണ്ണൂരുമാണ്. പത്തനംതിട്ടയില്‍ 253 പേരും വയനാട് 300 പേരും കണ്ണൂരില്‍ സിറ്റിയിലും റൂറലുമായി 339 പേരുമാണ് അറസ്റ്റിലായത്. റെയില്‍വേ പരിധിയില്‍ 71 പേരും പിടിയിലായിട്ടുണ്ട്.
കേസുകളുടെ എണ്ണം 9280 ആകുമ്പോള്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് സിറ്റിയും റൂറലുമായി 1327 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1261കേസുകളുമായി കൊച്ചിയാണ് രണ്ടാം സ്ഥാനത്ത്. 875 കേസുകളുമായി മലപ്പുറം മൂന്നാമിടത്ത്. പാലക്കാട്, തൃശൂര്‍ ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. പാലക്കാട് 708 ഉം തൃശൂരില്‍ 672 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കുറവ് കാസര്‍കോടാണ്. 197 കേസുകളിലായി 229 അറസ്റ്റുകള്‍. റെയില്‍വേയില്‍ 102 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിവിധ കേസുകളിലായി ഇതുവരെ 8.28 കിലോഗ്രാം എം.ഡി.എം.എയും 1004.784 കി.ഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്. 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 5825 കേസുകളും കോപ്ട പ്രകാരം 5015 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇതുവരെ 9147 ബോധവത്ക്കരണ ക്ലാസ്സുകളും 578 കൗണ്‍സിലിങ്ങുകളും നടത്തി. സ്‌കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6561 ബോധവത്ക്കരണ പരിപാടികളും നടന്നു.
ജനവും പൊലീസും ഒന്നിച്ചു നിന്നതിന്റെ വലിയ വിജയമാണ് ഓപ്പറേഷന്‍ തൂഫാനില്‍ കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. രഹസ്യ വിവരങ്ങള്‍ നല്‍കുന്നതില്‍ ജനം പൊലീസിനെ വിശ്വസിക്കുന്നു. അമ്മമാരും സ്ത്രീകളും നല്‍കുന്ന പിന്തുണ വളരെ വലുതാണ്. ഓണം ആഘോഷത്തിന്റെ മറവില്‍ കേരളത്തില്‍ ലഹരി ഇറക്കുമതി ചെയ്യാമെന്ന് മാഫിയ കരുതണ്ട. കര്‍ശനമായ തൂഫാന്‍ സ്‌പെഷ്യല്‍ ഡ്രൈവാണ് ഇപ്പോള്‍ നടക്കുന്നത്. ഓണത്തിനു ശേഷം ലഹരി ഉപയോഗത്തില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമുള്ളവരെ പരിചരിച്ച് മോചിപ്പിക്കുന്ന ജനകീയ പദ്ധതികള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരായ നിയമനടപടികള്‍ ശക്തമായി തുടരുന്നതിന്റെ പ്രതിഫലനമാണ് വിവിധ ജില്ലകളിലെ ഉയര്‍ന്ന അറസ്റ്റ് കണക്കുകള്‍. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിലും പോലീസ് സ്വീകരിക്കുന്ന ജാഗ്രതയും ശക്തമായ എന്‍ഫോഴ്സ്മെന്റ് നടപടികളും ഇതിലൂടെ വ്യക്തമാകുന്നു.
അറസ്റ്റിന്റെ എണ്ണം മാത്രം ലക്ഷ്യമാക്കാതെ, ലഹരിയുടെ ഉറവിടം കണ്ടെത്തി വിതരണ ശൃംഖല തകര്‍ക്കുകയും ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തില്‍ ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുകയാണ് ഓപ്പറേഷന്‍ തൂഫാന്റെ ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ മേഖലകളിലും പരിശോധനയും നിയമനടപടികളും കൂടുതല്‍ ശക്തമായി തുടരാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.