കൊച്ചി: രക്ഷാപ്രവര്‍ത്തനം ഒരിക്കലും ഒറ്റയ്ക്ക് നടത്തുന്ന ദൗത്യമല്ലെന്നും ഒരുമിച്ച് നിന്നാല്‍ നമുക്കതിന് കഴിയുമെന്നും കൊച്ചി മെട്രോ റെയില്‍. മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചതിന് പിന്നാലെയാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക പ്രതികരണം.
‘പില്ലറില്‍ ആദ്യം പൂച്ചയെ കണ്ട വ്യക്തി മുതല്‍ വല പിടിച്ച കൈകൾ വരെ… ഇതൊരു ടീം വിജയമായിരുന്നു,’ എന്നും മെട്രോ പറഞ്ഞു.
വിവിധ പങ്കാളികളില്‍ നിന്നും മനേക ഗാന്ധി അടക്കമുള്ള നേതാക്കളില്‍ നിന്നും ലഭിച്ച പ്രോത്സാഹന വാക്കുകള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതായും മെട്രോ അറിയിച്ചു. പൂച്ചയെ താഴെയിറക്കിയതിന് പിന്നാലെ മനേക ഗാന്ധി അഭിനന്ദങ്ങള്‍ അറിയിച്ചുകൊണ്ട് കത്തയച്ചുവെന്നാണ് മെട്രോ പറയുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പ്രാദേശിക അധികാരികള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും കൊച്ചി മെട്രോ അറിയിച്ചു.
കലൂര്‍ മെട്രോ സ്റ്റേഷന് സമീപത്തെ 556-ാം നമ്പര്‍ പില്ലറില്‍ രണ്ടാഴ്ചയോളം കുടുങ്ങിക്കിടന്ന ‘സുഭാഷ്’ എന്ന പൂച്ചയെയാണ് ഞായറാഴ്ച താഴെയിറക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ 1.30ഓടെ അഗ്‌നിരക്ഷാസേനയും അനിമല്‍ റെസ്‌ക്യൂ ടീമും ചേര്‍ന്നാണ് പൂച്ചയെ രക്ഷിച്ചത്.
സമീപത്തെ ഓട്ടോ തൊഴിലാളികളാണ് പൂച്ചയ്ക്ക് സുഭാഷ് എന്ന് പേരിട്ടത്. ശനിയാഴ്ച രാവിലെയോടെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഒന്നിലധികം തവണ പരാജയപ്പെട്ടിരുന്നു.
രക്ഷാദൗത്യത്തിന്റെ ഭാഗമായി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനിലെ എട്ടുപേരടങ്ങുന്ന സംഘമാണ് പില്ലറിന് മുകളില്‍ കയറിയത്.
അവശനിലയിലായ പൂച്ച ഇപ്പോള്‍ തോപ്പുംപടിയിലെ മൃഗാശുപത്രിയില്‍ ചികിത്സയിലാണ്. സുഭാഷിനെ താഴെയിറക്കിയതിന് പിന്നാലെ കലൂരില്‍ നടന്ന നാട്ടുകാരുടെ ആഹ്ലാദ പ്രകടനം ‘ദി റിയല്‍ കേരള സ്റ്റോറി’യായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
അതേസമയം ഇത് മൂന്നാം തവണയാണ് മെട്രോ പില്ലറിന് മുകളയില്‍ പൂച്ച കുടുങ്ങുന്നത്. നേരത്തെ ആലുവയിലും വൈറ്റിലയിലുമാണ് സമാനമായ സംഭവം നടന്നത്.
Content Highlight: ‘Operation Subhash’ rescue operation is not a solo mission, it is a team victory: Kochi Metro
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ