തിരുവനന്തപുരം: സ്പാകളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കേരള പൊലീസ് ശക്തമായ നടപടികളിലേക്ക്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. പി. വിജയന് ഐ.പി.എസിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി ആരംഭിച്ച ‘ഓപ്പറേഷന് സ്പാ’യുടെ ആദ്യഘട്ട പരിശോധനാ കണക്കുകള്‍ പുറത്തുവിട്ടു.
സംസ്ഥാനത്ത് ആകെയുള്ള 821 സ്പാ സ്ഥാപനങ്ങളില്‍ 586 ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പൊലീസ് പരിശോധന നടത്തിയത്. ഇതില്‍ ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച 14 സ്ഥാപനങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കൂടാതെ, കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 44 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.
സ്പാകളുടെ മറവില്‍ സ്ത്രീകളെ ചൂഷണം ചെയ്യുകയും മനുഷ്യന്റെ അന്തസ്സിനെ വിലപേശാനുള്ള ഉപാധിയായി കാണുകയും ചെയ്യുന്ന മനോഭാവം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ആരായാലും, ഏത് സ്ഥാപനത്തിന്റെ മറവില്‍ പ്രവര്‍ത്തിച്ചാലും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിലെ വ്യവസ്ഥകളിലെ പഴുതുകള്‍ ദുരുപയോഗം ചെയ്താണ് ചില സ്ഥാപനങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന പരാതി ഗൗരവമുള്ളതാണ്. ഇത്തരം പ്രവണതകള്‍ തടയാന്‍ നിയമവ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടതുണ്ടോ എന്നതും പരിശോധിക്കും.
അതേസമയം, നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ വെല്‍നെസ് സെന്ററുകളെയും സ്പാ സ്ഥാപനങ്ങളെയും സംശയത്തിന്റെ നിഴലിലാക്കില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ഇത്തരത്തിലുള്ള വ്യാപാരികള്‍ക്ക് നിയമാനുസൃതം പ്രവര്‍ത്തിക്കാനുള്ള എല്ലാവിധ പ്രോത്സാഹനവും നല്‍കും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും കര്‍ശന പരിശോധനകളും തുടര്‍നടപടികളും ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും ചെന്നിത്തല അറിയിച്ചു.
Content Highlight: Operation Spa: Widespread inspections across the state; cases against 14 establishments, five arrested