ന്യൂ ദൽഹി: ചൈനക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ സൈന്യം. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട് അതിര്‍ത്തിയില്‍ ഇന്ത്യക്ക് രണ്ട് എതിരാളികളുണ്ടായിരുന്നെന്നും അതിലൊന്ന് പാക്കിസ്താനും മറ്റൊന്ന് ചൈനയും ആയിരുന്നെന്നും ഇന്ത്യന്‍ സൈന്യം പറഞ്ഞു.
പാക്കിസ്താന് ലഭിക്കുന്ന സൈനിക സംവിധാനത്തിന്റെ 81 ശതമാനവും ചൈനയില്‍ നിന്നാണെന്നും സൈനിക സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനായി ചൈന രാജ്യത്തെ ലൈവ് ലാബ് ആക്കി ഉപയോഗിക്കുന്നതായും സൈന്യം പറഞ്ഞു. അതിര്‍ത്തിയില്‍ സമീപകാലത്ത് നടന്ന സംഘര്‍ഷത്തെക്കുറിച്ച് കരസേന ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ രാഹുല്‍ ആര്‍. സിങ്ങാണ് വിശദീകരിച്ചത്.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുകയും ഓപ്പറേഷന്‍ സിന്ദൂരിലൂടെ പാക്കസ്താന്റെ ഒമ്പത് ഭീകരവാദ കേന്ദ്രങ്ങള്‍ ആക്രമിക്കുകയുമായിരുന്നു. ജയ്ഷ്-എ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ സംഘടനകളിൽ പെട്ട 100ലധികം ഭീകരരെ ഇന്ത്യ വധിച്ചിരുന്നു.
‘ഓപ്പറേഷന്‍ സിന്ദൂരില്‍ നിന്ന് പഠിക്കേണ്ട പാഠങ്ങളുണ്ട്. നേതൃത്വത്തിന്റെ സന്ദേശങ്ങള്‍ അവ്യക്തമായിരുന്നു. സാങ്കേതികവിദ്യയും മനുഷ്യബുദ്ധിയും ഉപയോഗിച്ച് ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ആസൂത്രണം ചെയ്തത്. ആകെ 21 കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞു, അതില്‍ ഒമ്പത് കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതാണ് നല്ലതെന്ന് കരുതി. ഈ ഒമ്പത് കേന്ദ്രങ്ങൾ ഉള്‍പ്പെടുത്തുമെന്ന് തീരുമാനമെടുത്തത് അവസാന ദിവസമോ അവസാന മണിക്കൂറോ മാത്രമാണ്,’ ലെഫ്റ്റനന്റ് ജനറല്‍ സിങ് പറഞ്ഞു.
പാക്കിസ്താനുമായുള്ള ബന്ധത്തെ പരീക്ഷണത്തിനുള്ള അവസരമായിട്ടാണ് ചൈന കണക്കാക്കുന്നുവെന്ന് പറഞ്ഞ ലെഫ്റ്റനന്റ് ജനറല്‍ സിങ് ചൈന- പാക്കിസ്താന്‍ പ്രതിരോധ ബന്ധം പരമ്പാരഗത ആയുധ കൈമാറ്റങ്ങള്‍ക്കപ്പുറം വികസിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
‘നമുക്ക് ഒരു അതിര്‍ത്തിയും രണ്ട് എതിരാളികളുമുണ്ടായിരുന്നു. പാക്കിസ്താന്‍ മുന്നിലായിരുന്നു. പിന്നിൽ നിന്ന് എല്ലാ പിന്തുണയും ചൈന നല്‍കി. പാകിസ്കാനുള്ള സൈനിക സഹായത്തിന്റെ 81 ശതമാനവും ചൈനയില്‍ നിന്നാണ്. സൈനിക സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനായി ചൈന രാജ്യത്തെ ലൈവ് ലാബ് ആക്കി ഉപയോഗിക്കുകയാണ്. തുര്‍ക്കിയും അതിന് പിന്തുണ നല്‍കി,’ ഇദ്ദേഹം പറഞ്ഞു.
Content Highlight: Operation Sindoor: We faced two enemies on the border; one was Pakistan and the other was China