ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ അനാഥരായ 22 കുട്ടികളുടെ പഠനം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം.പി ഏറ്റെടുക്കുമെന്ന് വിവരം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പഠനമായിരിക്കും രാഹുല്‍ ഗാന്ധി ഏറ്റെടുക്കുക.
സര്‍വേയിലൂടെ കണ്ടെത്തിയ കുട്ടികള്‍ക്ക്, ബിരുദപഠനം പൂര്‍ത്തിയാകുന്നതുവരെ രാഹുല്‍ ഗാന്ധി സാമ്പത്തിക പിന്തുണ ഉറപ്പുനല്‍കുമെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് മേധാവി താരീഖ് ഹമീദ് കര്‍റ പറഞ്ഞു. കുട്ടികളുടെ സ്‌കൂള്‍ പഠനം തടസമില്ലാതെ തുടരാനുള്ള ആദ്യഘട്ട സഹായം ഈ ആഴ്ച തന്നെ കൈമാറുമെന്നും താരീഖ് അറിയിച്ചു.
ഏപ്രില്‍ 22നാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരാക്രമണമുണ്ടായത്. ലെഷ്‌കര്‍ ഇ-ത്വയ്ബയുടെ നിഴല്‍ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആണ് പഹല്‍ഗാമില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരനുള്‍പ്പെടെ 26 കൊല്ലപ്പെട്ടിരുന്നു.
തുടര്‍ന്ന് 15 ദിവസങ്ങള്‍ക്ക് ശേഷം ഓപ്പറേഷന്‍ സിന്ദൂരിലൂടെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ പാകിസ്ഥാനിലെ 100ഓളം ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് സായുധ സേനകളുടെ സംയുക്ത നീക്കത്തിലൂടെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയത്.
പിന്നാലെയുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട കുട്ടികളുടെ പഠനം രാഹുല്‍ ഗാന്ധി ഏറ്ററെടുക്കുമെന്നാണ് ജമ്മു കോണ്‍ഗ്രസ് മേധാവി പറയുന്നത്.
മെയ് മാസത്തില്‍ രാഹുല്‍ ഗാന്ധി പൂഞ്ച് സന്ദര്‍ശിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയായിരുന്നു രാഹുലിന്റെ ജമ്മു സന്ദര്‍ശനം. ഇതിനിടെ പൂഞ്ചില്‍ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ കണക്കെടുക്കാന്‍ ജമ്മുവിലെ പ്രാദേശിക നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിരുന്നു.
തുടര്‍ന്ന് സര്‍ക്കാരിന്റെ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടത്തിയ സര്‍വേയിലൂടെയാണ് 22 കുട്ടികളെ കണ്ടെത്തിയത്. പൂഞ്ച് സന്ദര്‍ശനത്തിനിടെ ഏതാനും വിദ്യാര്‍ത്ഥികളുമായി സംവദിച്ച രാഹുല്‍ ഗാന്ധി അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്തിരുന്നു.
‘ഇപ്പോള്‍ നിങ്ങള്‍ക്ക് ചെറിയ പേടിയും ഭയവുമെല്ലാം ഉണ്ടാകും. എന്നാല്‍ എല്ലാ പ്രശ്‌നനങ്ങളും പരിഹരിക്കപ്പെടും. ഒരു രീതിയിലും വിഷമിക്കരുത്. എല്ലാം പഴയത് പോലെയാകും. നന്നായി പഠിക്കുക,’ രാഹുല്‍ ഗാന്ധി കുട്ടികളോട് സമരിച്ചതായി ദി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Report said Rahul Gandhi to take over education of 22 children orphaned by Pakistan shelling