കൊല്ലം: കൊല്ലത്ത് ക്ഷേത്രത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയ പൂക്കളമിട്ട സംഭവത്തില്‍ കേസെടുത്തതിനെ ചൊല്ലി വിവാദം. കൊല്ലം മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതി ആര്‍.എസ്.എസ് പതാകയും വരച്ചുചേര്‍ത്ത് പൂക്കളമിട്ടത്.
ഇതേ ചൊല്ലി തര്‍ക്കം ഉടലെടുക്കുകയും ആര്‍.എസ്.എസ് പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പടെ 27 പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയുമായിരുന്നു.
ക്ഷേത്രഭാരവാഹികളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പ്രതിപ്പട്ടികയിലുള്ള രണ്ടുപേര്‍ സൈനികരാണ്. മുന്‍സൈനികരായ ശരത്, അശോകന്‍ എന്നിവരാണ് പ്രതി പട്ടികയിലുള്ള രണ്ട് സൈനികര്‍.
കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ക്ഷേത്രമുറ്റത്ത് രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമുള്ള പൂക്കളമിട്ടെന്നാണ് ശാസ്താംകോട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.
കൂടാതെ, ക്ഷേത്രത്തിന് മുന്നില്‍ ഛത്രപതി ശിവജിയുടെ ചിത്രത്തോടെയുള്ള ഫ്‌ളക്‌സും സ്ഥാപിച്ചിരുന്നു. ഇതും എഫ്.ഐ.ആറില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഓപ്പറേഷന്‍ സിന്ദൂരിനെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാല്‍, ക്ഷേത്രപരിസരത്ത് രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയും ചിത്രവും ഉപയോഗിച്ചതിനെയാണ് എതിര്‍ത്തതെന്നും ക്ഷേത്ര ഭരണസമിതി പറയുന്നു.
എന്നാല്‍, പൂക്കളത്തിന്റെ പേരിലല്ല കേസെടുത്തതെന്നും, കോടതി വിധി ലംഘിച്ച് കൊടിതോരണങ്ങള്‍ കെട്ടിയതിനാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.
പൂക്കളമിട്ടതിന്റെ പേരില്‍ കേസെടുത്തതെന്ന വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഇതിനിടെ, സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തതിനെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാനധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. കേസെടുത്തതിനെ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
എഫ്.ഐ.ആര്‍ രാജ്യദ്രോഹപരമാണെന്നും ഇത് പിന്‍വലിക്കണമെന്നും ബി.ജെ.പി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമിയോ പാകിസ്ഥാനോ അല്ല കേരളം ഭരിക്കുന്നതെന്നും ഇത് ഭാരതമാണെന്ന് കേരളാ പോലീസ് ഓര്‍ക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ പ്രമേയമാക്കിയതിന് മനപൂര്‍വം പോലീസ് കേസെടുത്തെന്നാണ് ബി.ജെ.പിയുടെ ആരോപണം. പൂക്കളത്തിന്റെ പേരില്‍ കേരളത്തില്‍ ആദ്യമായിട്ടായിരിക്കും കേസെടുത്തിരിക്കുന്നതെന്ന് പ്രതിപ്പട്ടികയിലുള്ള അശോകന്‍ പരിഹസിച്ചു.
കേസെടുത്തതിന് എതിരെ ബി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി വക്താവ് കേണല്‍ എസ്.ഡെന്നി പറഞ്ഞു.
Content Highlight: ‘Operation Sindoor’ pookkalam at temple: Rajeev Chandrasekhar criticizes case filed against RSS workers